'സച്ചിനെ എറിഞ്ഞ് മുറിവേൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. അത് നടത്തുകയും ചെയ്തു'; വിവാദ വെളിപ്പെടുത്തലുമായി ഷുഹൈബ് അക്തർ

2006ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയപ്പോഴുള്ള സംഭവമാണ് താരം ഓർമിച്ചത്

Update: 2022-06-05 06:36 GMT
Advertising

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ എറിഞ്ഞ് മുറിവേൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അത് നടത്തിയിരുന്നുവെന്നും മുൻ പാകിസ്താൻ ഫാസ്റ്റ് ബോളർ ഷുഹൈബ് അക്തർ. സ്‌പോർട്‌സ് കീഡക്ക് നൽകിയ അഭിമുഖത്തിലാണ് റാവൽപിണ്ടി എക്‌സ്പ്രസെന്ന് അറിയപ്പെടുന്ന അതിവേഗ ബോളർ ഈ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. ലോകത്തിലെ തന്നെ ഒന്നാം നിര ബാറ്റർമാരിലൊരാളായ സച്ചിനും ഫാസ്റ്റ്‌ബോളർമാരും തമ്മിലുള്ള പോരാട്ടം ഏറെ കൗതുകം നിറഞ്ഞതാണ്. ഇത്തരം ഒരു സംഭവമാണ് അക്തർ വെളിപ്പെടുത്തിയിരിക്കുന്നത്.



2006ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയപ്പോഴുള്ള സംഭവമാണ് താരം ഓർമിച്ചത്. രണ്ടു രാജ്യങ്ങൾക്കിടയിലുള്ള മൂന്നാം ടെസ്റ്റ് കറാച്ചിയിൽ നടക്കുകയാണ്. ഈ മത്സരത്തിൽ സച്ചിനെ പുറത്താക്കുന്നതിനപ്പുറം മുറിവേൽപ്പിക്കാൻ താൻ ശ്രമിച്ചതായാണ് അക്തർ തുറന്നു പറഞ്ഞത്.

'ഞാൻ ആദ്യമായാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആ ടെസ്റ്റ് മത്സരത്തിൽ സച്ചിന് ഏറ് കൊള്ളിക്കാനായി ഞാൻ മനഃപൂർവം ശ്രമിച്ചു. എന്ത് വില കൊടുത്തും ടെസ്റ്റിൽ സച്ചിന് മുറിവേൽപ്പിക്കണമെന്ന് ഞാൻ ഉറപ്പിച്ചു' അക്തർ അഭിമുഖത്തിൽ പറഞ്ഞു.

'ഇൻസമാം എന്നോട് വിക്കറ്റിന് മുമ്പിൽ പന്തെറിയാനായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ സച്ചിന് ഏറു കൊള്ളിക്കലായിരുന്നു എന്റെ ലക്ഷ്യം. ഒടുവിൽ അദ്ദേഹത്തിന്റെ ഹെൽമറ്റിൽ പന്ത് കൊണ്ടു. എന്നാൽ പിന്നീട് ഞാൻ വീഡിയോ പരിശോധിച്ചപ്പോൾ സച്ചിൻ തല രക്ഷിച്ചതായും കണ്ടു' അക്തർ സംഭവം വിശദീകരിച്ചു.

അന്ന് താൻ ടെണ്ടുൽക്കറെ മുറിവേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നെന്നും എന്നാൽ മുഹമ്മദ് ആസിഫ് മനോഹരമായി പന്തെറിഞ്ഞ് ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഓവറിൽ മൂന്നു പാക് ബാറ്റർമാരെ പുറത്താക്കി ഇന്ത്യൻ സീമർ ഇർഫാൻ പത്താൻ ഹാട്രിക് നേടിയതും ഇതേ ടെസ്റ്റിലായിരുന്നു. സൽമാൻ ഭട്ട്, യൂനിസ് ഖാൻ, മുഹമ്മദ് യൂസുഫ് എന്നിവരാണ് പത്താന്റെ മുന്നിൽ വീണത്.



എന്നാൽ ആ ടെസ്റ്റിൽ ഇന്ത്യ 341 റൺസിന് പരാജയപ്പെട്ടതോടെ മൂന്നു മത്സര പരമ്പരയിൽ പാകിസ്താൻ 1-0ത്തിന് വിജയിച്ചു. ആസിഫ് ആദ്യ ഇന്നിംഗ്‌സിൽ നാലും രണ്ടാം ഇന്നിംഗ്‌സിൽ മൂന്നും വിക്കറ്റ് വീഴ്ത്തി. ടെണ്ടുൽക്കർ ആദ്യ ഇന്നിംഗ്‌സിൽ 23(29) റൺസ് നേടി അബ്ദുൽ റസാഖിനും രണ്ടാം ഇന്നിംഗ്‌സിൽ 26(47) റൺസ് നേടി ആസിഫിനും വിക്കറ്റ് നൽകി. ഈ മത്സരത്തിൽ അക്തറിന്റെ ചില ബൗൺസറുകളെ ടെണ്ടുൽക്കർ കണ്ണടച്ചാണ് നേരിട്ടിരുന്നതെന്ന് ആസിഫ് മുമ്പ് ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇർഫാൻ ഹാട്രിക് നേടിയ ശേഷം കമ്രാൻ അക്മലിന്റെ സെഞ്ച്വറി മികവിൽ പാകിസ്താൻ 240 റൺസാണ് വാരിക്കൂട്ടിയതെന്നും ആസിഫ് പറഞ്ഞു.


Full View


Former Pakistan fast bowler Shuhaib Akhtar has claimed that he wanted to throw and injure Indian cricket legend Sachin Tendulkar.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News