സൂപ്പര്‍ ഡ്യൂപ്പര്‍ ഡുപ്ലെസിസ്; ബാംഗ്ലൂരിന് മികച്ച സ്കോര്‍
വന്‍ ബാറ്റിങ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂരിനെ ഡുപ്ലെസിസിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്കോറിലെത്തിച്ചത്
ആദ്യ ഓവറിൽ തന്നെ കൂടാരം കയറിയത് രണ്ട് ബാറ്റർമാർ. 62 റൺസെടുക്കുന്നതിനിടെ വീണത് നാലു വിക്കറ്റ്. ലക്‌നൗവിനെതിരെ വന്‍ ബാറ്റിങ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂരിനെ തകർപ്പൻ അര്‍ധ സെഞ്ച്വറിയുമായി തിരികെയെത്തിച്ച് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്.
ഡുപ്ലെസിസിന്റെ മിന്നും പ്രകടനത്തിന്‍റെ മികവിൽ നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ 181 റൺസെടുത്തു. 64 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും 11 ഫോറുകളുടേയും അകമ്പടിയിൽ 96 റൺസാണ് ഡുപ്ലെസിസ് അടിച്ചത്. ലക്‌നൗവിനായി ദുശ്മന്ത ചമീരയും ജെയസണ്‍ ഹോള്‍ഡറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ലക്‌നൗ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ഓവർ എറിയാനെത്തിയ ചമീര ബാംഗ്ലൂരിനെ ഞെട്ടിച്ച് അടുത്തടുത്ത പന്തുകളിൽ അനൂജ് റാവത്തിനേയും വിരാട് കോഹ്ലിയേും കൂടാരം കയറ്റി. വിരാട് കോഹ്‍ലി സംപൂജ്യനായാണ് മടങ്ങിയത്.
പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ് വെൽ 11 പന്തിൽ നിന്ന് 23 റൺസെടുത്ത് കത്തിക്കയറിയെങ്കിലും അഞ്ചാം ഓവറിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് ക്രുണാൽ പാണ്ഡ്യക്ക് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് ഒത്തു ചേർന്ന ഫാഫ് ഡുപ്ലെസിസും ഷഹബാസും ചേർന്നാണ് വൻ ബാറ്റിങ് തകർച്ചയിൽ നിന്ന് ബാംഗ്ലൂരിനെ കരകയറ്റിയത്. ടീം സ്‌കോർ 132 ലെത്തിയതിന് ശേഷമാണ് ഷഹബാസ് മടങ്ങിയത്. ഷഹബാസ് 26 റണ്‍സെടുത്തു. 8 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക്ക് പുറത്താവാതെ നിന്നു.