ചാമ്പ്യൻസ് ട്രോഫിയിൽ നിർണായക മാറ്റത്തിന് ഇന്ത്യ; ഓപ്പണിങ് റോളിൽ രോഹിതിനൊപ്പം ഗില്ലും ജയ്‌സ്വാളും പരിഗണനയിൽ

ചാമ്പ്യൻസ് ട്രോഫിക്ക് മുൻപായി നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്

Update: 2025-01-07 10:34 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അലയൊലികൾ അവസാനിക്കുന്നില്ല. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം പ്രകടനം ഇഴകീറി പരിശോധിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ അരങ്ങു തകർക്കുന്നു. മോശം ഫോമിലുള്ള സീനിയർ കളിക്കാർക്കെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തെത്തുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം ആദ്യമായി നഷ്ടപ്പെട്ടതോടെ പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റിയും ഗൺപോയന്റിലാണ്. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ടീം ഇന്ത്യ. ലോക ക്രിക്കറ്റിൽ ഇനി 50 ഓവർ മാച്ചിന്റെ രാപകലുകളാണ്. ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ് രോഹിത് ശർമക്കും സംഘത്തിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് മുന്നോടിടായി ജനുവരി 22 മുതൽ ഇംഗ്ലണ്ടിനെതിരെ സ്വന്തംമണ്ണിൽ ഏകദിന-ടി20 പരമ്പരയും കളിക്കും.



 സീനിയർ താരങ്ങളായ നായകൻ രോഹിത് ശർമയുടേയും വിരാട് കോഹ്ലിയുടേയും അവസാന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ്. ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ഐസിസി ട്രോഫിക്ക് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. 2017ൽ അവസാനമായി നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ കീഴടക്കി പാകിസ്താനാണ് കിരീടം ചൂടിയത്. അന്നു കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും നീലപടക്ക് മുന്നിലുണ്ട്. ചാമ്പ്യൻസ് ട്രോഫി സ്‌ക്വാർഡിൽ ആരൊക്കെ ഇടംപിടിക്കും. സർപ്രൈസ് നീക്കമുണ്ടാകുമോ. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ടീം പ്രഖ്യാപനം അടുത്തദിവസം തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ മാസം 12ന് മുമ്പാണ് ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീം സമർപ്പിക്കേണ്ടത്. എന്നാൽ ഫെബ്രുവരി 13 വരെ സ്‌ക്വാർഡിൽ മാറ്റംവരുത്താനുള്ള അവസരുമുണ്ടാകും. ഇതിനാൽ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനവും അന്തിമ ടീം പ്രഖ്യാപനത്തിൽ നിർണായകമാകും



 ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന-ടി20 സ്‌ക്വാഡും ചാമ്പ്യൻസ് ട്രോഫിക്കുള്ള സ്‌ക്വാഡും ഒരുമിച്ചായിരിക്കും ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിക്കുക. രോഹിത് ശർമ ക്യാപ്റ്റനായെത്തുമ്പോൾ ബോർഡർ ഗവാസ്‌കർ ട്രോഫി കളിച്ച സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും കെ.എൽ രാഹുലും ഏകദിന ടീമിൽ ഇടംപിടിക്കുമെന്നുറപ്പാണ്. എന്നാൽ മറ്റൊരു സീനിയർ താരമായ ജസ്പ്രീത് ബുംറക്ക് ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് വിശ്രമം നൽകിയേക്കും. ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട ഇന്ത്യൻ പേസർ മൂന്നാംദിനം പന്തെറിഞ്ഞിരുന്നില്ല. ഇതോടെ ചാമ്പ്യൻസ് ട്രോഫിക്ക് മുൻപായി റിസ്‌കെടുക്കാൻ സെലക്ഷൻ കമ്മിറ്റി തയാറായേക്കില്ല. ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുമ്രയെ വൈസ് ക്യാപ്റ്റനാക്കുമെന്നും സൂചനയുണ്ട്. ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിലല്ലാത്ത ഋഷഭ് പന്തിനെ മാറ്റിനിർത്തുമോയെന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കിൽ മലയാളി താരം സഞ്ജു സാംസണ് സാധ്യത തെളിയും.



  അതേസമയം, ഏകദിന പരമ്പരയായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരുന്നത് മലയാളി താരത്തിന്റെ സാധ്യതകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിന് ശേഷം സഞ്ജു കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിൽ കളത്തിലിറങ്ങിയിരുന്നില്ല. ഡൊമസ്റ്റികിൽ പങ്കെടുത്തവരെ പരിഗണിച്ചാൽ മതിയെന്ന് ബിസിസിഐ നിർബന്ധംപിടിച്ചാൽ സഞ്ജു ടി20 ടീമിൽ മാത്രമായൊതുങ്ങും. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമക്കൊപ്പം ശുഭ്മാൻ ഗില്ലിനെയാകും ഓപ്പണറായി പരിഗണിക്കുക. ബാക്അപ് ഓപ്പണറായി ടെസ്റ്റിൽ മിന്നും ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനേയും സ്‌ക്വാർഡിലെടുത്തേക്കും. സമീപകാലത്ത് ടെസ്റ്റിലെ മിന്നും ഫോം ജയ്‌സ്വാളിന് വൈറ്റ്‌ബോൾ ക്രിക്കറ്റിലും അനുകൂലമാകും.



 മധ്യനിരയിൽ കോഹ്‌ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ അടക്കമുള്ള സീനിയർ താരങ്ങളെ വിട്ടൊരു കളിക്ക് സെലക്ഷൻ കമ്മിറ്റി മുതിർന്നേക്കില്ല. പേസ് ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡി, ഹാർദിക് പാണ്ഡ്യ, സ്പിൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരേയും ഏകദിന ടീമിലേക്ക് പരിഗണിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവോ രവി ബിഷ്‌ണോയിയോ എത്തിയേക്കും.   ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് ബുംറ മാറിനിൽക്കുമ്പോൾ പകരം പേസ് ആക്രമണത്തിന് മൂർച്ചുകൂട്ടാൻ മുഹമ്മദ് ഷമിയെ സെലക്ഷൻ കമ്മിറ്റി തിരിച്ചുവിളിച്ചേക്കും. ദീർഘകാലത്തിന് ശേഷം പരിക്ക് മാറിയെത്തിയ ഷമി അടുത്തിടെ മുഷ്താഖ് അലി ടി20 ട്രോഫിയിലും രഞ്ജി ട്രോഫിയിലും കളിച്ചിരുന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും പൂർണ കായികക്ഷമത വീണ്ടെടുക്കാത്തതിനാൽ പരിഗണിച്ചിരുന്നില്ല. ടി20 സ്‌പെഷ്യലിസ്റ്റ് ബൗളർ അർഷ്ദീപ് സിങും മുഹമ്മദ് സിറാജും പേസ് ആക്രമണത്തിലുണ്ടാകും. 

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News