'നിന്‍റെ ആളെത്തിയിട്ടുണ്ട്'; കോൺസ്റ്റസിനെ വിടാതെ കോഹ്ലിയും ബുംറയും

ജയ്സ്വാള്‍ കോണ്‍സ്റ്റസിനെ ഹിന്ദിയില്‍ സ്ലഡ്ജ് ചെയ്തത് കമന്‍ററി ബോക്സില്‍ ചിരിപടര്‍ത്തി

Update: 2025-01-04 12:28 GMT
Advertising

സിഡ്നി: മെൽബൺ ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രഹരിച്ച് തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ സാം കോൺസ്റ്റസ് ഇപ്പോൾ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ പ്രധാന ചർച്ചാ വിഷയമാണ്. ആദ്യ ഇന്നിങ്‌സിന് ശേഷം ഇന്ത്യൻ താരങ്ങളെ മൈതാനത്ത് നിരന്തരം ചൊറിയുന്നത് ശീലമാക്കിയ കോൺസ്റ്റസിനെ അതേ നാണയത്തിൽ ഇന്ത്യൻ താരങ്ങൾ തിരിച്ചടിച്ച് തുടങ്ങിയതോടെ പല മത്സരങ്ങളിലും ആവേശം അണപൊട്ടിയൊഴുകി. മെൽബണിലെ രണ്ടാം ഇന്നിങ്‌സിൽ കോൺസ്റ്റസിന്റെ കുറ്റിതെറിപ്പിച്ച് ബുംറ നേരത്തേ ഒരു പ്രതികാരം വീട്ടിയിരുന്നു.

സിഡ്‌നിയിലെ ആദ്യ ദിനം ബാറ്റിങ്ങിനിടെ അനാവശ്യമായി ബുംറയെ പ്രകോപിപ്പിച്ച കോൺസ്റ്റസിന് തൊട്ടടുത്ത പന്തിൽ ഉസ്മാൻ ഖ്വാജയെ കൂടാരം കയറ്റിയാണ് ബുംറ മറുപടി നൽകിയത്. രണ്ടാം ദിനം കോൺസ്റ്റസിനെതിരെ ഇന്ത്യൻ താരങ്ങൾ തുടരെ സ്ലെഡ്ജിങ് നടത്തുന്നത് കാണാമായിരുന്നു. വിരാട് കോഹ്ലിയും ബുംറയും ജയ്‌സ്വാളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.

ബുംറ പന്തെറിയാനെത്തുമ്പോൾ ''ബുംറാ. നിന്റെ ആളെത്തിയിട്ടുണ്ട്'' എന്ന് കോഹ്ലി വിളിച്ച് പറയുന്നത് കേൾക്കാമായിരുന്നു. അറ്റാക്കിങ് ഷോട്ടിന് ശ്രമിക്കുന്ന കോൺസ്റ്റസിന്റെ ശരീരത്തിലേക്ക് പന്തെറിയാനും അവനെ അങ്ങനെ പുറത്താക്കാമെന്നുമായിരുന്നു കോഹ്ലിയുടെ മറ്റൊരു കമന്‍റ്. പത്താം നമ്പർ ബാറ്റർ എന്നാണ് ബുംറ കോൺസ്റ്റസിനെ കളിക്കിടെ വിളിച്ചത്. യശസ്വി ജയ്സ്വാള്‍ ഹിന്ദിയിലാണ് ഓസീസ് യുവതാരത്തെ സ്ലെഡ്ജ് ചെയ്തത്. താരത്തിന്‍റെ പേര് നേരെ ഉച്ചരിക്കാതിരുന്ന ജയ്സ്വാള്‍ ''ഹേ കോണ്ടസ്... ഇപ്പോള്‍ ഷോട്ടൊന്നും കളിക്കാന്‍ പറ്റുന്നില്ലേ'' എന്ന് വിളിച്ച് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു.  ഒടുവിൽ 23 റൺസെടുത്ത കോണ്‍സ്റ്റസിനെ സിറാജ് ജയ്‌സ്വാളിന്റെ കയ്യില്‍ തന്നെയെത്തിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News