'എന്‍റെ കീശയിൽ സാന്‍റ് പേപ്പറൊന്നുമില്ല '; പരിഹസിച്ച ഓസീസ് ആരാധകരെ ട്രോളി കോഹ്ലി

ലോക ക്രിക്കറ്റിലെ കുപ്രസിദ്ധ അധ്യായങ്ങളിലൊന്നായ സാന്‍റ് പേപ്പർ ഗേറ്റ് വിവാദമാണ് ആസ്ത്രേലിയൻ ആരാധകരെ കോഹ്ലി ഓർമിപ്പിച്ചത്

Update: 2025-01-05 10:29 GMT
Advertising

'എന്‍റെ കീശയിൽ സാന്‍റ് പേപ്പറൊന്നുമില്ല കേട്ടോ' സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ പ്രകോപിപ്പിച്ച് കൊണ്ടിരുന്ന ഓസീസ് ആരാധകരെ നോക്കി തന്‍റെ പോക്കറ്റ് കാണിച്ച് കൊടുക്കുകയായിരുന്നു വിരാട് കോഹ്ലി. ലോക ക്രിക്കറ്റിലെ കുപ്രസിദ്ധ അധ്യായങ്ങളിലൊന്നായ സാന്‍റ് പേപ്പർ ഗേറ്റ് വിവാദമാണ് ആസ്ത്രേലിയൻ ആരാധകരെ കോഹ്ലി ഓർമിപ്പിച്ചത്.

2018 മാർച്ചിൽ ആസ്ത്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയായിരുന്നു സംഭവം. ഒരു മത്സരത്തിനിടെ ഓസീസ് താരം കാമറൂൺ ബ്രാന്റ്ക്രോഫ്റ്റ് റിവേഴ്സ് സ്വിങ് ലഭിക്കാനായി സാന്‍റ് പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു. ഓസീസ് താരം സാന്‍റ് പേപ്പർ കൊണ്ട് പന്തുരക്കുന്ന ദൃശ്യങ്ങൾ വൈറലായി. അന്നത്തെ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന് ഒരു വർഷത്തെ വിലക്ക് വരെ ലഭിക്കാൻ കാരണമായ ഈ സംഭവമാണ് കോഹ്ലി സിഡ്നിയെ ഓർമിപ്പിച്ചത്.

സിഡ്നിയില്‍ ഓസീസിന്‍റെ രണ്ടാം ഇന്നിങ്സില്‍ കോഹ്‍ലി ക്യാപ്റ്റന്‍റെ റോളിലായിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇക്കുറി അത്രക്ക് ആശാവഹമായ പ്രകടനങ്ങളല്ല കോഹ്‍ലിയുടേത്. പെർത്തിൽ നേടിയ സെഞ്ച്വറി ഒഴിച്ചു നിർത്തിയാൽ ഓർമ്മിക്കാനാവുന്ന ഒരിന്നിങ്സ്  പോലും കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല. 9 ഇന്നിങ്സുകളിൽ നിന്ന് താരത്തിന്റെ സമ്പാദ്യം 190 ആണ്. അതിലുമപ്പുറം കോഹ്ലി പുറത്താവുന്ന രീതിയാണ് ആരാധകരെ ഏറെ ചൊടിപ്പിച്ചത്. പരമ്പരയില്‍ എട്ട് തവണയാണ് ഒരേ പോലെ കോഹ്ലി പുറത്തായത്. ഓഫ് സൈഡിന് പുറത്തേക്ക് പോയ പന്തുകൾക്ക് ബാറ്റ് വച്ച് താരം നിരന്തരം കൂടാരം കയറുന്നത് തലയിൽ കൈവച്ചാണ് ആരാധകർ കണ്ടു നിന്നത്.

കോഹ്ലിയുടെ വീക്പോയിന്റ് മനസിലാക്കിയ ഓസീസ് താരങ്ങൾ അയാളെ ഒരേ കെണിയിൽ കുരുക്കി വീഴ്ത്തിക്കൊണ്ടേയിരുന്നു. സീരീസിലെ അവസാന ഇന്നിങ്സിലെങ്കിലും കോഹ്ലി പാഠം പഠിക്കും എന്ന് കരുതിയവർക്ക് വീണ്ടും തെറ്റി. സ്‌കോട്ട് ബോളണ്ടിന് മുന്നിൽ നാലാം തവണയും അയാൾ ആയുധം വച്ച് കീഴടങ്ങി. മത്സരത്തിന് മുമ്പേ ബോളണ്ട് കോഹ്ലിയുടെ ദൗർബല്യം ഞങ്ങൾ എന്നേ മനസിലാക്കിക്കഴിഞ്ഞതാണെന്ന പ്രഖ്യാപനം നടത്തിയതാണ്. പക്ഷെ അതിൽ നിന്നൊന്നും ആരാധകരുടെ കിങ് പാഠം പഠിച്ചില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News