വീണ്ടും നിരാശപ്പെടുത്തി കെ.എൽ രാഹുൽ; ഓസീസിനെതിരെ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകർച്ച
ധ്രുവ് ജുറേലും (19) നിതീഷ് കുമാർ റെഡ്ഡിയുമാണ് (9) ക്രീസിൽ.
മെൽബൺ: ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ തകരുന്നു. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 73-5 എന്ന നിലയിലാണ്. അഞ്ചുവിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 11 റൺസ് ലീഡ് മാത്രമാണുള്ളത്. ധ്രുവ് ജുറേലും(19) നിതീഷ് കുമാർ റെഡ്ഡിയുമാണ്(9) ക്രീസിൽ. ഒന്നാം ഇന്നിംഗ്സിൽ 62 റൺസിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും തിരിച്ചടി നേരിടുകയായിരുന്നു.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 161നെതിരെ ഓസീസ് രണ്ടാം ദിനം 223 റൺസിൽ ഓൾഔട്ടായി. 74 റൺസ് നേടിയ മാർകസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യൻ നിരയിൽ പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റുമായി തിളങ്ങി. ആദ്യ ഇന്നിങ്‌സിലെ തനിയാവർത്തനമായി സന്ദർശകർക്ക് രണ്ടാം ഇന്നിങ്‌സിലും. സ്‌കോർബോർഡിൽ 25 റൺസ് മാത്രമുള്ളപ്പോൾ അഭിമന്യൂ ഈശ്വരന്റെ (17) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സായ് സുദർശന് (3) എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്കവാദ് (11) തുടർച്ചായ നാലാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. ഓപ്പണറായ ഇറങ്ങിയ കെ.എൽ രാഹുൽ 44 പന്തിൽ 10 റൺസെടുത്ത് മടങ്ങി. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുൻപായി രാഹുലിനേയും ധ്രുവ് ജുറേലിനേയും ക്രിക്കറ്റ് ബോർഡ് നേരത്തെ ആസ്‌ത്രേലിയയിലേക്ക് അയക്കുകയായിരുന്നു. എന്നാൽ രണ്ടിന്നിങ്‌സിലും രാഹുൽ പരാജയപ്പെട്ടു. ഒന്നാം ഇന്നിങ്‌സിൽ നാല് റൺസാണ് നേടിയത്.
223 റൺസിനാണ് നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്. രണ്ട് വിക്കറ്റിന് 53 റൺസെന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് രണ്ട് റൺസ് കൂടി കൂട്ടിചേർത്ത് സാം കോൺസ്റ്റാസ് (3) ആദ്യം മടങ്ങി. പിന്നാലെയെത്തിയ ഒലിവർ ഡേവിസ് (13), ബ്യൂ വെബ്സ്റ്റർ (5) എന്നിവർക്കും വേഗത്തിൽ കൂടാരം കയറി. ജിമ്മി പെയ്സൺ (30), കോറി റോച്ചിക്കോളി (35) എന്നിവരുടെ ചെറുത്തുനിൽപ്പാണ് സ്‌കോർ 200 കടത്തിയത്. ഈ മാസം 22നാണ് ഇന്ത്യ-ഓസീസ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുക. ഈ മത്സരത്തിൽ 4-0 മാർജിനിൽ ജയിച്ചാൽ മാത്രമാകും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്കാകുക.