ശ്രീലങ്കൻ ക്രിക്കറ്റിന് സംഭവിച്ചത് ഇന്ത്യയിലും ആവർത്തിക്കുമോ?
ഇന്നിപ്പോൾ സമാനസ്ഥിതി ഇന്ത്യയും അഭിമുഖീകരിക്കുമ്പോൾ സെലക്ടേഴ്സും മാനേജ്‌മെന്റും എങ്ങനെ ഈയവസ്ഥയെ അതിജീവിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി. മുപ്പതുകളുടെ അവസാനത്തിലുള്ള വിരാട്, രോഹിത്, അശ്വിൻ, ജഡേജ തുടങ്ങിയവർ വിരമിക്കും മുന്നേ തന്നെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് ഒന്ന് കണ്ണെറിയുന്നത് എന്ത്കൊണ്ടും നല്ലതായിരിക്കും.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ നാം പ്രതീക്ഷിക്കുന്ന ഫലമെന്തായിരിക്കും? സുവർണകാലം പിന്നിട്ട് ഇനിയും ജീവൻ വെച്ചിട്ടില്ലാത്ത ശ്രീലങ്കയോട് ക്ലീൻ സ്വീപ് ചെയ്യപ്പെട്ട്, പുതിയ ക്യാപ്റ്റനെ നിയമിച്ചു പരീക്ഷണത്തിനൊരുങ്ങി, കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ ഇൻഡ്യയെ നേരിടാനൊരുങ്ങുന്ന ന്യൂസീലൻഡ് ആണ് എതിരാളികളെങ്കിൽ പരമ്പര വിജയത്തിനും ഏകപക്ഷീയ വിജയങ്ങൾക്കുമപ്പുറം ഒന്നും പ്രതീക്ഷിക്കാനുമിടയില്ല. അപ്രാപ്യം എന്ന് തോന്നിയ റിസൾട്ടുമായി ന്യൂസ്‌ലാൻഡ്, പര്യടനം അവസാനിപ്പിക്കുമ്പോൾ ഭാവിയിൽ സമാന ദുരന്തമാവർത്തിക്കാതിരിക്കാൻ ഇന്ത്യയും ചില പാഠമുൾക്കൊള്ളേണ്ടതുണ്ട്.
സംഗക്കാരയും ജയവർധനെയും ദിൽഷനും മലിംഗയും മുരളീധരനും രംഗണ ഹെറാത്തുമുൾപ്പെടെ ഒരു പിടി ഇതിഹാസങ്ങൾ ഏറെക്കുറെ ഒരു കാലയളവിൽ വിരമിക്കുകയും പകരം വന്നവർ വേണ്ടത്ര ശോഭിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലം ശ്രീലങ്കൻ ക്രിക്കറ്റ് ഇന്നുമനുഭവിക്കുന്നുണ്ട്. യുവത്വവും അനുഭവസമ്പത്തും മിക്സ് ചെയ്ത് ടീം ബാലൻസ് ചെയ്യന്നതിന് പകരം പരിചയസമ്പത്തില്ലാത്ത യുവനിരയെ കുത്തിനിറച്ചു ടെസ്റ്റ് കളിക്കാനിറങ്ങുന്ന ഗതികേടിൽ നിന്നും ശ്രീലങ്ക കരകയറാൻ തുടങ്ങുന്നതേയുള്ളൂ. ഏറെക്കുറെ സമാനസ്ഥിതി ഓസ്‌ട്രേലിയൻ ക്രിക്കറ്റിലുമുണ്ടായി. റിക്കി പോണ്ടിങ്, മൈക്ക് ഹസി, ഷെയ്ൻ വാട്സൺ, ബ്രെറ്റ്ലീ, മൈക്കൽ ക്ലാർക്ക് തുടങ്ങിയവരുടെ ഒരേസമയത്തുള്ള പിന്മാറ്റം ചുരുങ്ങിയ നാളിലേക്കെങ്കിലും അവരെയും തോൽവികളിലേക്ക് തള്ളിവിട്ടെങ്കിലും പ്രൊഫഷണലിസത്തിന്റെ വക്താക്കളായ ഓസീസിന് അതിൽ നിന്ന് വളരെ വേഗം മോചനമുണ്ടായി. ആഭ്യന്തര ക്രിക്കറ്റിൽ കാര്യക്ഷമമായി പങ്കെടുക്കുകയും, പകരക്കാരെ കണ്ടെത്തുകയും ചെയ്തതോടെ ഓസീസിന് അവരുടെ ഒന്നാം നമ്പറിലേക്ക് തിരിച്ചു നടക്കാൻ അധികം പ്രയാസമുണ്ടായിരുന്നില്ല.
ഇന്നിപ്പോൾ സമാനസ്ഥിതി ഇന്ത്യയും അഭിമുഖീകരിക്കുമ്പോൾ സെലക്ടേഴ്സും മാനേജ്‌മെന്റും എങ്ങനെ ഈയവസ്ഥയെ അതിജീവിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി. മുപ്പതുകളുടെ അവസാനത്തിലുള്ള വിരാട്, രോഹിത്, അശ്വിൻ, ജഡേജ തുടങ്ങിയവർ വിരമിക്കും മുന്നേ തന്നെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് ഒന്ന് കണ്ണെറിയുന്നത് എന്ത്കൊണ്ടും നല്ലതായിരിക്കും.
ടി20 പ്രകടനങ്ങളുടെ അടിസ്ഥാനത്തില്ലാതെ ടെസ്റ്റ് ഫോർമാറ്റിന്റെ അടിസ്ഥാനപരമായ ഗുണങ്ങളുള്ള താരങ്ങളെ പരിഗണിക്കുക വഴി, ഐ.പി.എൽ പരിശീലനമെന്നതിലുപരി ക്ഷമയും സാങ്കേതികത്തികവുമുള്ള പ്രതിഭകളെ കണ്ടെത്തുക വഴി അധികം കേടുപാടുകളില്ലാതെ രക്ഷപ്പെടാനായേക്കും.തങ്ങളുടെ ശക്തിയും ദൗർബല്യവും ഇനിയും തിരിച്ചറിയപ്പെടാനാവാതെ റാങ്ക് ടേണറുകൾ നിർമ്മിച്ച് എതിരാളികളെ കറക്കിവീഴ്ത്താമെന്ന് ഇനിയും ഇന്ത്യ കരുതുന്നുണ്ടെങ്കിൽ ഇതൊരു വരാനിരിക്കുന്ന പരാജയങ്ങളുടെ തുടക്കം മാത്രമായിരിക്കുമിത്.
സമീപകാലങ്ങളിൽ ഇൻഡ്യയുടെ ജയങ്ങളൊക്കെയും സീം ബൗളേഴ്‌സിന്റെ മികവ് കൊണ്ട് മാത്രമായിരുന്നു, 'സെന' കൺട്രികളിലൊക്കെയും എതിരാളികളേക്കാൾ മികവ് പുലർത്തിയിരുന്ന ഇന്ത്യ ബംഗളൂരു ടെസ്റ്റ് പരാജയത്തിന് ശേഷം പലകുറി തിരിച്ചടിച്ച ആ പഴയ സ്ട്രാജകളിലേക്ക് തിരിച്ചുപോവുകയും ന്യൂസ്‌ലാൻഡ് മൂന്ന് വ്യത്യസ്ഥ സാഹചര്യങ്ങളിൽ കൃത്യമായ റീഡിങ് കൊണ്ടും 'അഡാപ്‌ഷൻ' കൊണ്ടും തങ്ങളെ സ്വയം പരുവപ്പെടുത്തുകയും ചെയ്തു.
സ്പിന്നിനെ നേരിടുകയെന്നത് ഇന്ത്യയുടെ ശക്തിയല്ലാതായിട്ട് വർഷങ്ങളായി. ജേസൺ ക്രേസയും സ്റ്റീവ് ഒകീഫിയും, പാർട്ട് ടൈം സ്പിന്നർ ആയ ജോ റൂട്ട് പോലും ആ അഹന്തക്ക് മേൽ പ്രകടനം കൊണ്ട് സാക്ഷ്യപ്പെടുത്തിയിട്ടും ഇൻഡ്യൻ മാനേജ്‌മെന്റിനും ക്യാപ്റ്റനും മാത്രമത് മനസ്സിലായില്ല. സ്റ്റാർഡം തലക്ക് പിടിച്ച കിങ്ങും ഹിറ്റ്‌മാനും ആ ഈഗോ മാറ്റിവെച്ചു രഞ്ജി ട്രോഫിയിയുൾപ്പെടയുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുക്കയും ചെയ്‌താൽ മാത്രം വരാനിരിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫി അവരുടെ അവസാന ടൂർണമെന്റ് അല്ലാതിരിക്കും, അല്ലാത്ത പക്ഷം ഇന്ത്യൻ മണ്ണിലെ അവസാന ടെസ്റ്റ് മാച്ച് രണ്ടുപേരും കളിച്ചുകഴിഞ്ഞെന്ന് വേണം നിലവിലെ സാഹചര്യത്തിൽ കരുതാൻ. സെലക്ടേഴ്‌സ് ആണ് താരങ്ങളേക്കാൽ ഈ വിഷയത്തിലെ മുഖ്യപ്രതിയും.!
അങ്ങേയറ്റം പ്രതിരോധത്തിലൂന്നിയ ഫീൽഡ് സെറ്റ് അപ്പ് - ടോസിലെ മണ്ടൻ തീരുമാനങ്ങൾ - റാഷ് ഷോട്ടുകളിലൂടെ ഒരു ജൂനിയർ താരം പോലും കാണിക്കാത്തയാത്രയും അലസമായ ബാറ്റിങ് അപ്പ്രോച്ച് - രോഹിതിനോളം നിരാശപ്പെടുത്തിയ താരം ഈ സീരീസിലില്ല. ഇത്ര ആതമവിശ്വാസമില്ലാതെ ബാറ്റ് ചെയ്യുന്ന, എന്ത് ചെയ്യണമെന്നറിയാതെ ഇത്രയും അലക്ഷ്യമായി ബാറ്റ് ചെയ്യുന്ന വിരാടിനെ ഇതിന് മുന്നേ കണ്ടിട്ടുമില്ല.
ഇംഗ്ലണ്ട് പര്യടനത്തിൽ കേവലം അറുപത് ഓവറുകൾ മാത്രം ബാക്കി നിൽക്കെ തന്റെ ബൗളേഴ്‌സിനോട് എതിർ ബാറ്റേഴ്സിനെ എറിഞ്ഞിടാൻ ആഹ്വാനം നൽകുകയും അത് നടപ്പിലാക്കുകയും ചെയ്ത വിരാട് കൊഹ്‍ലിയെന്ന ക്യാപ്റ്റനിൽ നിന്നും സ്വന്തം മണ്ണിൽ പരമ്പര തോറ്റ ശേഷം അതൊക്കെ സ്വാഭാവികമാണെന്ന് പറയുന്ന അലസനായ രോഹിത് എന്ന ക്യാപ്റ്റനും തമ്മിൽ അളന്ന് തിട്ടപ്പെടുത്താനാവാത്ത ദൂരമുണ്ട്..
ആ ദൂരമാണ് ഇനി ഒരു ജയത്തിലേക്കുള്ള ഇന്ത്യയുടെ ദൂരവും.!