'ആ ബാനറിന് എന്താണ് പ്രശ്‌നം?' പി.എസ്.ജി ആരാധകര്‍ ഉയര്‍ത്തിയ ഫലസ്തീൻ അനുകൂല ബാനറിൽ നടപടിയില്ലെന്ന് യുവേഫ
ബാനറിൽ പ്രകോപനപരമായി ഒന്നുമില്ലെന്ന് യുവേഫ പ്രതിനിധി
കഴിഞ്ഞ ദിവസം പി.എസ്.ജി - അത്ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പി.എസ്.ജി ആരാധകർ ഉയർത്തിയ ഫലസ്തീന്‍ അനുകൂല ബാനറിൽ നടപടിയില്ലെന്ന് യുവേഫ. ബാനർ ഉയർത്തിയ ആരാധകർക്കെതിരെ രൂക്ഷ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് യുവേഫയുടെ പ്രതികരണം.
ബാനറിൽ പ്രകോപനപരമായി ഒന്നുമില്ലെന്ന് യുവേഫ പ്രതിനിധി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സ്റ്റേഡിയത്തിൽ ആളുകളെ അപഹസിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സന്ദേശങ്ങൾ യുവേഫ വിലക്കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് മന്ത്രിമാരടക്കം ആരാധകർക്കെതിരെ വിമർശനമുയർത്തിയത്. എന്നാല്‍ ബാനര്‍ ആരെയും അപഹസിക്കുന്നില്ലെന്നായിരുന്നു യുവേഫയുടെ പ്രതികരണം. ''ഈ വിഷയത്തിൽ ഒരു നടപടിയും യുവേഫ എടുക്കില്ല. ആരാധകർ ഉയർത്തിയ ബാനറിൽ പ്രകോപനപരമായി ഒന്നുമില്ല''- യുവേഫ വക്താവ് പറഞ്ഞു.
ഫ്രീ പാലസ്തീൻ എന്ന മുദ്രാവാക്യത്തിനൊപ്പം രക്തക്കറ പുരണ്ട ഫലസ്തീൻ പതാകയും കഫിയ ധരിച്ച യുവാവിന്റെ ചിത്രവും അൽ അഖ്‌സ മസ്ജിദും ലബനീസ് പതാകയും ബാനറിൽ ഉണ്ടായിരുന്നു. 'മൈതാനത്ത് യുദ്ധം ലോകത്ത് സമാധാനം' എന്ന സന്ദേശവും ബാനറിൽ എഴുതിയിരുന്നു. ബാനറിന്റെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ അത്‌ലറ്റിക്കോ പരാജയപ്പെടുത്തിയിരുന്നു.