സെമിയിൽ ഇന്ത്യക്ക് ഇംഗ്ലീഷ് പരീക്ഷ, കിവികൾക്കു മുമ്പിൽ പാകിസ്താൻ

അഞ്ചു കളിയിൽ നാലു ജയവും ഒരു തോൽവിയും സഹിതം എട്ടു പോയിന്റുമായാണ് ഇന്ത്യ സെമിയിലെത്തുന്നത്

Update: 2022-11-06 12:06 GMT
Editor : abs | By : Web Desk
Advertising

സിഡ്‌നി: സിംബാബ്‌വെക്കെതിരെയുള്ള ഇന്ത്യയുടെ ജയത്തോടെ ടി20 ലോകകപ്പിൽ സെമി ലൈനപ്പായി. ബുധനാഴ്ച സിഡ്‌നിയിൽ നടക്കുന്ന ആദ്യ സെമിയിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും. ഇന്ത്യക്ക് ഇംഗ്ലണ്ടാണ് എതിരാളികൾ. വ്യാഴാഴ്ച അഡലൈഡിലാണ് രണ്ടാം സെമി. 

ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു കളിയിൽ നാലു ജയവും ഒരു തോൽവിയും സഹിതം എട്ടു പോയിന്റുമായാണ് ഇന്ത്യ സെമിയിലെത്തുന്നത്. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരാണ് ടീം ഇന്ത്യ. അഞ്ചു കളിയിൽ മൂന്നു ജയവും രണ്ടു തോൽവിയുമായി ആറു പോയിന്റ് നേടിയ പാകിസ്താൻ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തി. നെതർലാൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതാണ് പാകിസ്താന് സെമിയിലേക്ക് അപ്രതീക്ഷിത എന്‍ട്രി നല്‍കിയത്. 

ഗ്രൂപ്പ് ഒന്നിൽ അഞ്ചു കളിയിൽ മൂന്നു ജയവും ഒരു തോൽവിയുമായി ഏഴു പോയിന്റ് വീതം നേടിയാണ് ന്യൂസിലാൻഡും ഇംഗ്ലണ്ടും സെമിയിലെത്തിയത്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലാൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. പ്ലസ് 2.113 ആണ് ന്യൂസിലാൻഡിന്റെ നെറ്റ് റൺ റേറ്റ്. ഇംഗ്ലണ്ടിന്റേത് 0.473. 



സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും പാകിസ്താൻ ന്യൂസിലാൻഡിനെയും തോൽപ്പിച്ചാൽ ആരാധകർ കാത്തിരിക്കുന്ന സ്വപ്‌നഫൈനലാകും ഇത്തവണത്തേത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

അതിനിടെ, സൂപ്പർ 12ലെ അവസാന കളിയിൽ സിംബാബ്‌വെക്കെതിരെ 71 റൺസിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് 115 റൺസേ എടുക്കാനായുള്ളൂ. 17.2 ഓവറിൽ എല്ലാവരും പുറത്താകുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരം. അശ്വിൻ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് ടീം ഇന്ത്യ നേടിയത്. സൂര്യയുടെയും (25 പന്തിൽ 61) ഓപണർ കെഎൽ രാഹുലിന്റെയും (35 പന്തിൽ 51) ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് കരുത്തായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News