ക്ലാസായി കളിച്ച് ക്ലാസനും മില്ലറും; ഇന്ത്യക്ക് 250 റൺസ് വിജയലക്ഷ്യം
ഹെൻട്രിച്ച് ക്ലാസനും ഡേവിഡ് മില്ലറും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോയാണ് ദക്ഷിണഫ്രിക്കൻ സ്‌കോർ 200 കടന്നത്
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 250 റൺസ് വിജയ ലക്ഷ്യം. അഞ്ചാം വിക്കറ്റിൽ ഹെൻട്രിച്ച് ക്ലാസനും ഡേവിഡ് മില്ലറും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോയാണ് ദക്ഷിണഫ്രിക്കൻ സ്‌കോർ 200 കടന്നത്. അർധശതകം നേടിയ ഇരുവരും ചേർന്ന് ഇന്ത്യൻ ബൗളർമാരെ അടിച്ചൊതുക്കുകയായിരുന്നു. മില്ലർ 63 പന്തിൽ 75 ഉം ക്ലാസൻ 65 പന്തിൽ 74ഉം റൺസാന് നേടിയത്.
35 റൺസ് വിട്ടുനൽകി രണ്ടുവിക്കറ്റ് നേടിയ ഷർദുൽ താക്കൂറാണ് ഇന്ത്യക്കായി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചത്. രവി ബിഷ്‌ണോയി, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് 39 റൺസ് വിട്ടുകൊടുത്തപ്പോൾ ബിഷ്‌ണോയി 69 റൺസാണ് വഴങ്ങിയത്. മുഹമ്മദ് സിറാജ് 49 റൺസ് വിട്ടുകൊടുത്തപ്പോൾ ഒരു വിക്കറ്റും നേടിയില്ല. 51 റൺസ് നൽകിയല്ല ആവേശ് ഖാനും വിക്കറ്റ് വീഴ്ത്താനായില്ല.
ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണർമാർ ദക്ഷിണാഫ്രിക്കക്ക് നൽകിയത്. 49 റൺസ് നേടിയ ശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 22 റൺസ് നേടിയ മലാൻ ഷർദുൽ താക്കൂറിന്റെ പന്തിൽ ശ്രേയസ് അയ്യർക്ക് പിടികൊടുക്കുകയായിരുന്നു. ക്വിൻറൺ ഡികോക്ക് 54 പന്തിൽ 48 റൺസ് നേടിയ ശേഷം രവി ബിഷ്‌ണോയിയുടെ പന്തിൽ എൽബിഡബ്ല്യുവിൽ കുരുങ്ങി.
ബാവുമ ടി20 മത്സരങ്ങളിലെ അതേ രീതി തുടർന്നു. എട്ടു റൺസ് നേടി താക്കൂറിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു നായകൻ. തുടർന്നുവന്ന വെട്ടിക്കെട്ട് ബാറ്റർ എയ്ഡൻ മർക്രമിനെ കുൽദീപ് യാദവ് പൂജ്യത്തിന് തിരിച്ചയച്ചു. അപ്പോൾ മൂന്നിന് 71 റൺസായിരുന്നു സ്‌കോർ ബോർഡിലുണ്ടായിരുന്നത്. പിന്നീടാണ് ഡികോക്ക് ശേഷം രവി ബിഷ്‌ണോയിയുടെ പന്തിൽ എൽബിഡബ്ല്യുവിൽ കുരുങ്ങി പുറത്തായത്. 110 റൺസായിരുന്നു ടീം സ്‌കോർ. ശേഷമാണ് ക്ലാസനും മില്ലറും ഒന്നിച്ചത്. മഴ മൂലം വൈകി ആരംഭിച്ച മത്സരത്തിൽ 40 ഓവറുകളാണ് കളി.
മലയാളി വിക്കറ്റ് കീപ്പർ സഞ്ജു വി സാംസൺ ആദ്യ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്ക്വാദും രവി ബിഷ്ണോയിയും അരങ്ങേറ്റം കുറിച്ചു. ഇന്ത്യ ടീം ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക ടീം ജാനേമൻ മലാൻ, ക്വിന്റൻ ഡി കോക്ക്, ടെംബ ബാവുമ, എയ്ഡൻ മർക്‌റാം, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, വെയ്ൻ പാർനെൽ, കേശവ് മഹാരാജ്, കഗിസോ റബാദ, ലുങ്കി എൻഗിഡി, തബ്രിസ് ഷംസി.
അതേസമയം, ടി20 പുരുഷ ലോകകപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘം ആസ്‌ത്രേലിയയിലേക്ക് വിമാനം കയറി. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാവിലെയാണ് ലോകപോരാട്ടത്തിൽ പങ്കെടുക്കാനായി വിമാനം കയറിയത്. കഴിഞ്ഞ വർഷം സെമി ഫൈനലിൽ വീണുപോയ 2007ലെ ചാമ്പ്യന്മാർ ഇക്കുറി കിരീടം കൊണ്ടുവരണമെന്ന് ഉറപ്പിച്ചാണിറങ്ങുന്നത്.
ലോകകപ്പിന് മുമ്പായി നടന്ന പരമ്പരകളിൽ ആസ്‌ത്രേലിയയെയും ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ച് ഇന്ത്യൻ ടീം ആത്മവിശ്വാസത്തിലാണ്. ടീം ഇന്ത്യയുടെ ഗ്രൂപ്പ് ഫോട്ടോ ബിസിസിഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരും ചിത്രങ്ങൾ പങ്കുവെച്ചു.
സ്വന്തം മണ്ണിലാണ് ആസ്‌ത്രേലിയയെയും ദക്ഷിണാഫ്രിക്കയെയും ഇന്ത്യ തോൽപ്പിച്ചത്. അതിനാൽ തന്നെ ആസ്‌ത്രേലിയയിലെ പ്രകടനം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ട്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ തലങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയാലേ ലോകകിരീടം കയ്യിലാക്കാനാകൂ. ഡത്ത് ഓവർ ബൗളിംഗ് ടീമിന് തലവേദനയായി മാറിയിരിക്കുകയാണ്. പരിക്ക് മൂലം ജസ്പ്രീത് ബുംറ പിന്മാറിയതും വലിയ തിരിച്ചടിയാണ്.
ഹർദിക് പാണ്ഡ്യയാണ് ടീമിന് വിശ്വസിക്കാവുന്ന ഏക ഓൾറൗണ്ടർ. ഇദ്ദേഹത്തിന് ടൂർണമെൻറിനിടയിൽ പരിക്കേറ്റാൽ പകരക്കാരനില്ല. സൂര്യകുമാർ യാദവടക്കമുള്ള ബാറ്റർമാർ മികച്ച ഫോമിലാണുള്ളത്. ഒക്‌ടോബർ 22നാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. ഒക്‌ടോബർ 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.