ഗാബ പിടിക്കാൻ ഈ കളിമതിയാകില്ല; അഡ്‌ലെയിഡിൽ ഇന്ത്യക്ക് പിഴച്ചത് എവിടെ?

തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ ഇന്ത്യ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Update: 2024-12-08 12:41 GMT
Editor : Sharafudheen TK | By : Sports Desk
Advertising

''ഒരു 22 കാരൻ പയ്യൻ ആസ്‌ത്രേലിയയിൽ വന്ന് വെല്ലുവിളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നമ്മുടെ പോരാട്ട വീര്യം അവർക്ക് കാണിച്ചുകൊടുക്കണം''. അഡ്‌ലൈഡ് ടെസ്റ്റിന് മുൻപായി മുൻ ഓസീസ് പേസർ മിച്ചൽ ജോൺസൻ പറഞ്ഞ വാക്കുകളാണിത്. അക്ഷരാർത്ഥത്തിൽ അഡ്‌ലൈഡിലെ ഫ്‌ളഡ്‌ലൈറ്റുകൾക്ക് താഴെ ഓസീസുകാർ ഇതു നടപ്പിലാക്കുകയായിരുന്നു. പിങ്ക് ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് തുടക്കമിട്ട ആ പേസാക്രമണം അവസാനിച്ചത് മൂന്നാംദിനം മുഹമ്മദ് സിറാജിനെ സ്‌കോട്ട് ബോളണ്ട് ട്രാവിസ് ഹെഡിന്റെ കൈകളിലെത്തിച്ചായിരുന്നു. പെർത്തിൽ ഇന്ത്യയുടെ വിജയം ഏതുവിധേനെയാണോ അതിന് സമാനമായ മറുപടി. മൈറ്റി ഓസീസിന്റെ കംബാക്. ദി ഗെയിം ഓൺ... അടിയും തിരിച്ചടിയുമായി ബോർഡർ-ഗവാസ്‌കർ യുദ്ധം തുടരുന്നു.




പെർത്തിൽ നിന്ന് അഡ്‌ലൈഡിലെത്തിയപ്പോൾ എന്താണ് സംഭവിച്ചത്. ഓവർ കോൺഫിഡൻസാണോ രോഹിത് ശർമക്കും സംഘത്തിനും വിനയായത്. റെഡ്‌ബോളിൽ നിന്ന് പിങ് പന്തിലേക്കെത്തിയപ്പോൾ ഇന്ത്യൻ പേസർമാരുടെ മൂർച്ച നഷ്ടമായപ്പോൾ മറുവശത്ത് മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും സ്‌കോട്ട് ബോളണ്ടും തീതുപ്പുന്ന പന്തുകളുമായി പേരുകേട്ട ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ കൂടാരംകയറ്റി. പെർത്തിലെ വലിയ തോൽവിയിൽ നിന്ന് പാഠമുൾകൊണ്ടാണ് ഓസീസ് എത്തിയതെന്ന് വ്യക്തം. ഓരോ ഇന്ത്യൻ താരങ്ങൾക്കെതിരെയും പന്തെറിയുമ്പോൾ വ്യക്തമായ പ്ലാനിങ്. നിലയുറപ്പിച്ചാൽ സന്ദർശക ബാറ്റർമാരെ പുറത്താക്കുക അസാധ്യമെന്ന് ആതിഥേയർക്ക് നന്നായറിയാം. ഇതോടെ പിങ്ക് ബൗളിൽ തുടക്കത്തിലെ സ്വിങ് കുറയാൻ തുടങ്ങിയതോടെ സ്‌ക്രാംബിൾ സീമാണ് സ്റ്റാർക്കും കമ്മിൻസും പ്രയോഗിച്ചത്. പന്തിന്റെ സീം അൽപം ചെരിച്ച് പിടിച്ച് എറിയുന്ന ഈ രീതി സന്ദർശകരെ ശരിക്കും വെള്ളംകുടിപ്പിച്ചു. കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും ഋഷഭ് പന്തുമെല്ലാം ഈ അപ്രതീക്ഷിത ബൗൺസർ കെണിയിൽ വീണു. പെർത്തിൽ 201 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുമായി ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയ ജയ്‌സ്വാൾ-രാഹുൽ സഖ്യത്തെ രണ്ടിന്നിങ്‌സിലും തുടക്കത്തിലേ പൊളിക്കാനായത് ഓസീസിന് കാര്യങ്ങൾ എളുപ്പമാക്കി.




ജസ്പ്രീത് ബുംറയെ മാത്രം ആശ്രയിച്ച് ഇന്ത്യക്ക് എത്രകാലം മുന്നോട്ട് പോകാനാകും. ഓസീസ് നിരയിൽ ആദ്യ ഇന്നിങ്‌സിൽ ആറു വിക്കറ്റുമായി തിളങ്ങിയത് മിച്ചൽ സ്റ്റാർക്കായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ കൂടുതൽ അപകടകാരിയത് ഓസീസ് നായകൻ പാറ്റ് കമ്മിൻസായിരുന്നു. അഞ്ച് വിക്കറ്റാണ് കമ്മിൻസ് പിഴുതത്. എന്നാൽ ഇന്ത്യൻ നിരയിൽ എല്ലാം ബുംറയെ ചുറ്റിപറ്റിയാണ്. ബ്രേക്ക് ത്രൂ നൽകാനും ന്യൂബോളിൽ വിക്കറ്റെടുക്കാനുമെല്ലാം ബുംറയുടെ പന്തുകളെ അമിതമായി ആശ്രയിക്കേണ്ട സ്ഥിതി.



രാപകൽ പോരാട്ടം. പെർത്തിൽ നിന്ന് അഡ്‌ലെയ്ഡിലെത്തിയപ്പോഴുള്ള പ്രധാന വ്യത്യാസം ഇതായിരുന്നു. പിങ്ക്‌ബോളിൽ ഇന്ത്യക്കുള്ള റെക്കോർഡും ഒട്ടും മികച്ചതായിരുന്നില്ല. ഇതേ അഡ്‌ലൈഡിൽ മൂന്ന് വർഷം മുമ്പ് 36 റൺസിൽ ഔൾഔട്ടായതിന്റെ ഭൂതകാലം സന്ദർശകരെ വേട്ടയാടികൊണ്ടേയിരിക്കുന്നു. ഇതുവരെ അഞ്ചുതവണ മാത്രമാണ് ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിച്ചത്. പെർത്തിൽ നിന്ന് അഡ്‌ലെയ്ഡിലെത്തിയപ്പോൾ ഫ്‌ളഡ്‌ലൈറ്റിന് താഴെ ലൈനും ലെങ്തും കണ്ടെത്താൻ ഇന്ത്യൻ പേസർമാർ പാടുപെട്ടു. '' പിങ്ക് ടെസ്റ്റിന് മുൻപ് ഞങ്ങൾക്ക് കൃത്യമായൊരു പദ്ധതിയുണ്ടായിരുന്നു. സ്റ്റമ്പ് ലക്ഷ്യമാക്കി പന്തെറിയാനായിരുന്നു പേസർമാർക്ക് നൽകിയ നിർദേശം. എന്നാൽ ലൈറ്റിന് താഴെ ഞങ്ങൾക്ക് ലൈനും ലെങ്ത് നഷ്ടമായി. പലപ്പോഴും ഓഫ്സ്റ്റമ്പിന് ഏറെ വൈഡായാണ് പന്തുപോയത്. ഓസീസ് അത് കൃത്യമായി മുതലെടുത്തു''- എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി പറയുന്നതായിരന്നു ഇന്ത്യൻ ബൗളിങ് കോച്ച് മോണി മോർക്കലിന്റെ ഈ വാക്കുകൾ. പെർത്തിൽ ട്രാവിസ് ഹെഡിനെ ക്ലീൻബൗൾഡാക്കി ഡ്രീം പന്തെറിഞ്ഞ ഹർഷിത് റാണ പിങ്ക്‌ബോളിൽ നിറംമങ്ങിയതും വലിയ തിരിച്ചടിയായി. 16 ഓവർ എറിഞ്ഞ റാണ 86 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനുമായില്ല.



ബാറ്റിങും ബൗളിങും മാത്രമായിരുന്നില്ല. കളിക്കളത്തിലെ മനോഭാവത്തിലും ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടായി. എന്തുവന്നാലും ജയം പിടിക്കുമെന്ന അഗ്രഷൻ പെർത്തിൽ നിന്ന് അഡ്‌ലൈഡിലെത്തിയപ്പോൾ എവിടെയോ നഷ്ടമായി. തുടക്കം മുതൽ കോൺഫിഡൻസ് നഷ്ടമായ സംഘത്തെപോലെയായിരുന്നു ഇന്ത്യ മൈതാനത്ത്. ബൗളിങ് ചെയ്ഞ്ച് കൊണ്ടുവരുന്നതിലും ഫീൽഡ് ക്രമീകരണത്തിലുമെല്ലാമായി ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് തൊട്ടതെല്ലാം പിഴച്ച ദിനങ്ങൾ. ഓപ്പണിങിൽ നിന്ന് മാറി ആറാമത് ഇറങ്ങിയിട്ടും ബാറ്റിങിൽ തുടരെ പരാജയമായി. ട്രാവിസ് ഹെഡിനെതിരെ കൃത്യമായി പ്ലാൻ എക്‌സിക്യൂട്ട് ചെയ്യുന്നതിലും വിജയിച്ചില്ല.



രണ്ടാം ടെസ്റ്റിലെ വമ്പൻ തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാധ്യതകൾക്ക് കൂടിയാണ് കരിനിഴൽ വീഴ്ത്തിയത്. ഒന്നാംസ്ഥാനത്തുനിന്ന് മൂന്നിലേക്കാണ് ഇന്ത്യ വീണത്. ജയത്തോടെ ഓസീസ് ഒന്നാമതെത്തിയപ്പോൾ ദക്ഷിണാഫ്രിക്കയാണ് ടേബിളിൽ രണ്ടാമത്. നിലവിൽ 60.71 പോയന്റ് ശതമാണ് ഓസീനുള്ളത്. 57.29 ആണ് ഇന്ത്യയുടെ പോയന്റ് ശതമാനം.59.26 പോയന്റ് ശതമാനമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.


 ഡിസംബർ 14 മുതൽ ഗാബയിലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി മൂന്നാം ടെസ്റ്റ്. ഒരുകാലത്ത് ഓസീസിന്റെ ഉരുക്ക് കോട്ടയായ ഗാബ പൊളിച്ച ചരിത്രം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്. ''ഞങ്ങൾക്ക് വലിയ ഊർജ്ജം നൽകിയ മൈതാനമാണ് ഗാബ. അവിടെ നിന്നൊരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്''- അഡ്‌ലൈഡിലെ തോൽവിക്ക് ശേഷം രോഹിത് ശർമയുടെ വാക്കുകൾ സൂചിപ്പിക്കുന്നതും ഒന്നും അവസാനിച്ചെന്ന മുന്നറിയിപ്പാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇനിയുള്ള ഓരോ മത്സരവും ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമാണ്. അതിനാൽ ബ്രിസ്ബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ മുന്നിൽ ഒരേയൊരു ലക്ഷ്യംമാത്രം. വാക് പോരുകളാൽ ശ്രദ്ധേയമായ അഡ്‌ലൈഡിൽ നിന്ന് ഗാബയിലെത്തുമ്പോൾ അതൊരു പകൽ യുദ്ധംതന്നെയാകും. കൊണ്ടും കൊടുത്ത് മുന്നേറുന്ന റിയൽ സിനിമ.  പിഴവുകൾ പരിഹരിച്ച് ഇന്ത്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കാം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News