‘എല്ലാ ഓവറുകളും ബുംറയെക്കൊണ്ട് എറിയിക്കാൻ പറ്റില്ല, ഫിറ്റാകാത്ത ഷമിയെ വേണ്ട’; തോൽവിക്ക് പിന്നാലെ രോഹിത്
അഡലൈഡ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബൗളർമാരെക്കുറിച്ച് പ്രതികരണവുമായി ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ബൗളിങ്ങിന്റെ മുഴുവൻ ഉത്തരവാദിത്തവും ജസ്പ്രീത് ബുംറക്ക് ഏൽപ്പിക്കാനാവില്ലെന്ന സന്ദേശമാണ് രോഹിത് നൽകിയത്.
അഡലൈഡ് ടെസ്റ്റിലെ പത്തുവിക്കറ്റ് തോൽവിക്കിടയിലും ഇന്ത്യക്ക് ആശ്വസിക്കാനുള്ളത് ബുംറയുടെ പ്രകടനം മാത്രമായിരുന്നു. ആദ്യ ഇന്നിങ്സിൽ നിർണായകമായ നാല് വിക്കറ്റുകൾ വീഴ്ത്തിയത് ബുംറയായിരുന്നു.
‘‘ഞങ്ങൾ ഒരു ബൗളറെ മാത്രം വെച്ചല്ല കളിക്കുന്നത്. മറ്റു ബൗളർമാരും ടീമിന്റെ ഉത്തരവാദിത്തമേറ്റെടുക്കാൻ മുന്നോട്ട് വരേണ്ടതുണ്ട്. അത് സിറാജായാലും ഹർഷിത് റാണയായാലും നിതീഷ് റെഡ്ഡിയായാലും അങ്ങനെത്തന്നെ’’
‘‘ഈ ബൗളർമാർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വന്നതേയുള്ളൂ. അവർക്ക് ആത്മവിശ്വാസം നൽകേണ്ടതുണ്ട്. ഞങ്ങൾ പദ്ധതികൾ ആവിഷ്കരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ രാവിലെയും വൈകുന്നേരവും ബുംറ രണ്ട് അറ്റത്തുനിന്നും പന്തെറിയുമെന്ന് പ്രതീക്ഷിക്കരുത്’’
‘‘ബുംറ സ്പെൽ ഫിനിഷ് ചെയ്യുമ്പോഴെല്ലാം അവനുമായി സംസാരിക്കാറുണ്ട്. അവന്റെ ശരീരം എങ്ങനെയുണ്ടെന്നും ഫിറ്റാണോ എന്നും ചോദിക്കാറുണ്ട്. ഇത് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയാണ്. എല്ലാ മത്സരങ്ങളിലും നമുക്ക് ബുംറ കളിക്കേണ്ടതുണ്ട്’’-രോഹിത് പ്രതികരിച്ചു.
100 ശതമാനം ഫിറ്റാകാത്ത ഷമിയെ ടീമിന് വേണ്ടെന്നും രോഹിത് പറഞ്ഞു. ‘‘100 ശതമാനത്തിനും മുകളിൽ ഒ.കെയാണെങ്കിൽ മാത്രം ഷമിയെ മതി. കാരണം ഷമി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ട് കുറേ കാലമായി. ഷമി 100 ശതമാനം ഫിറ്റ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ പുറത്ത് സമ്മർദ്ദം ചെലുത്താൻ ടീം ആഗ്രഹിക്കുന്നില്ല’’ -രോഹിത് പ്രതികരിച്ചു.
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പത്ത് വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ ജയം. രണ്ടാം ഇന്നിങ്‌സിൽ സന്ദർശകരെ 175 റൺസിന് ഓൾഔട്ടാക്കിയ ഓസീസ് 19 റൺസ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്‌കർ ട്രോഫി 1-1ന് സമനിലയിലായി.