‘എന്നാ പിന്നെ ഈ കുടുംബത്തെ ഒരു ടീമായങ്ങ് പ്രഖ്യാപിച്ചൂടെ’; അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറാൻ ബെൻ കറൻ
ലണ്ടൻ: ഈ കുടുംബത്തെ കണ്ട് ‘ഒരു ടീമായി അങ്ങ് പ്രഖ്യാപിച്ചൂടേ’ എന്നാരെങ്കിലും ചോദിച്ചാൽ കുറ്റം പറയാൻ പറ്റില്ല. മുൻ സിംബാബ്വെ താരവും കോച്ചുമായ കെവിൻ കറന്റെ രണ്ടാമത്തെ മകൻ ബെൻ കറൻ അഫ്ഗാനെതിരെയുള്ള ഏകദിന മത്സരത്തിനുള്ള സിംബാബ്വെ ടീമിൽ ഉൾപ്പെട്ടതാണ് പുതിയ വാർത്ത. ബെന്നിന്റെ സഹോദരങ്ങളായ ടോം കറനും സാം കറനും ഇംഗ്ലണ്ട് ടീം താരങ്ങളാണ്.
സിംബാബ്വെ മുൻ താരമായ കെവിൻ കറൻ 1983 ലോകകപ്പിലടക്കം കളിച്ചിരുന്നു.പിന്നീട് സിംബാബ്വെ വിട്ട കെവിൻ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. അച്ഛന്റെ പാതയിലാണ് ബെൻ സിംബാബ്വെ ജഴ്സി അണിയുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളാണ് ബെന്നിന് സിംബാബ്വെ ടീമിലേക്കുള്ള വഴിതുറന്നത്.
ടോം കറനാണ് കെവിന്റെ മൂത്തമകൻ. 29 കാരനായ ടോം ഇംഗ്ലണ്ടിനായി വിവിധ ഫോർമാറ്റുകളിൽ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റേഡേഴ്സ്, ഡൽഹി കാപ്പിറ്റൽസ് എന്നിവക്കായും ടോം കളിച്ചിട്ടുണ്ട്. 25കാരനായ സാം കറൻ ഇംഗ്ലീഷ് ടീമിലെ സ്ഥിരസാന്നിധ്യമാണ്. 2023 ഐ.പി.എൽ ലേലത്തിൽ റെക്കോർഡ് തുകക്കാണ് സാം കറനെ പഞ്ചാബ് കിങ്സ് വാങ്ങിയത്. പുതിയ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സാം കറനെ വാങ്ങിയിട്ടുണ്ട്.
ടോമും സാമും ഓൾ റൗണ്ടർമാരാണെങ്കിൽ ബെൻ സ്പെഷ്യലിസ്റ്റ് ബാറ്ററാണ്. പക്ഷേ മക്കൾ തന്റെ പാതയിൽ മുന്നേറുന്നത് കാണാനുള്ള യോഗം അച്ഛനില്ല. 2012ൽ കെവിൻ മരണപ്പെട്ടിരുന്നു.