കോഹ്‌ലിയും രോഹിതുമല്ല; 2024ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ക്രിക്കറ്റ് താരങ്ങൾ ഇവരാണ്
ലമീൻ യമാൽ, നിക്കോ വില്യംസ്, റോഡ്രി ഉൾപ്പെടെ 10 അംഗ പട്ടികയിൽ മൂന്ന് സ്‌പെയിൻ താരങ്ങൾ ഇടംപിടിച്ചു
ന്യൂഡൽഹി: ടി20 ലോകകപ്പ് കിരീടമുൾപ്പെടെ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റിന് മികച്ച വർഷമാണ് 2024. രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ 2007ന് ശേഷമാണ് വീണ്ടും ടി20 ക്രിക്കറ്റിൽ ചാമ്പ്യൻമാരായത്. എന്നാൽ ഈ വർഷം ആഗോളതലത്തിൽ ഗൂഗിളിൽ ഏറ്റവുംകൂടുതൽ തിരഞ്ഞ 10 കായിക താരങ്ങളുടെ പട്ടികയിൽ രോഹിതിനും വിരാട് കോഹ്‌ലിക്കും സ്ഥാനമലില്ല. ടി20 ലോകകപ്പിൽ ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ഹാർദിക് പാണ്ഡ്യയാണ് കൂടുതൽ പേർ ഈ വർഷം ഗൂഗിളിൽ തിരഞ്ഞത്. ഐപിഎല്ലിന് തൊട്ടുമുൻപായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് നാടകീയമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തിയ പാണ്ഡ്യക്കെതിരെ ആരാധകരുടെ വലിയ പ്രതിഷേധമുയർന്നിരുന്നു.
രോഹിതിനെ മാറ്റി പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിൽ കൂവലോടെയാണ് താരത്തെ എതിരേറ്റത്. എന്നാൽ ഐപിഎല്ലിന് ശേഷം നടന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കായി അത്യുഗ്രൻ പ്രകടനം പുറത്തെടുത്ത ഹാർദിക് വിജയത്തിൽ നിർണായ റോളും വഹിച്ചു. ഇതോടെ ഇതേ വാംഖഡെയിൽ കൂവിയവർ ഹാർദികിനായി കൈയ്യടിച്ചതും ക്രിക്കറ്റ് ലോകം വീക്ഷിച്ചു. പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യൻ ഓൾറൗണ്ടർ.
ഹാർദികിന് ശേഷം ശശാങ്ക് സിങാണ് സോഷ്യൽമീഡിയയിൽ കൂടുതൽ പേർ തിരഞ്ഞ ഇന്ത്യൻ താരം. താരലേലത്തിൽ ആളുമാറി പഞ്ചാബ് കിങ്‌സിലെത്തിയ ശശാങ്ക് ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനം നടത്തി ശ്രദ്ധനേടിയിരുന്നു. ഈ സീസണിലെ താരലേലത്തിൽ അൺക്യാപ്ഡ് താരത്തെ പഞ്ചാബ് നിലനിർത്തുകയും ചെയ്തു. ഗൂഗിളിൽ ആഗോളതലത്തിൽ കൂടുതൽ പേർ തിരഞ്ഞ താരങ്ങളിൽ ഒന്നാംസ്ഥാനത്ത് അൽജീരിയൻ ബോക്‌സർ ഇമാനെ ഖെലീഫാണ്. കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ ഇമാനെ പുരുഷനാണെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. തുടർന്ന് ജെൻഡർ സംബന്ധിച്ച വിവാദവുമുയർന്നിരുന്നു.
മൈക്ക് ടൈസനാണ് രണ്ടാമത്. സ്‌പെയിൻ യൂറോകപ്പ് ഹീറോ ലമീൻ യമാൽ, സിമിനോ ബിൽസ്, ജേക്ക് പോൾ, നിക്കോ വില്യംസ് എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഏഴാമതുള്ള പട്ടികയിൽ ബാലൺദിഓർ വിജയി റോഡ്രിയാണ് പത്താമത്.