കോഹ്‌ലിയെ കോമാളിയാക്കി ഓസീസ് മാധ്യമങ്ങൾ; ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അവസാനിക്കാതെ വാഗ്വാദങ്ങൾ

ഇന്ത്യൻ താരത്തെ വിമർശിച്ച് രംഗത്തെത്തിയ പോണ്ടിങ് വർഷങ്ങൾക്ക് മുൻപ് ഹർഭജൻ സിങിനോട് കാണിച്ച അഗ്രഷൻ ആരാധകർ മറുപടിയായി ചൂണ്ടിക്കാട്ടുന്നു

Update: 2024-12-27 13:07 GMT
Editor : Sharafudheen TK | By : Sports Desk
Advertising

  ക്ലൗൺ കോഹ്‌ലി അഥവാ കോമാളി കോഹ്‌ലി. ഇന്ന് പുറത്തിറങ്ങിയ ആസ്‌ത്രേലിയൻ പ്രാദേശിയ ദിനപത്രമായ ദി വെസ്റ്റ് ആസ്‌ത്രേലിയയുടെ അവസാന പേജിലെ പ്രധാന തലവാചകം ഇതായിരുന്നു. ഇന്ത്യൻ മുൻ ക്യാപ്റ്റനെ നിശിതമായി വിമർശിച്ച് അച്ചുനിരത്തുക മാത്രമല്ല ഓസീസ് മാധ്യമം ചെയ്തത്. വ്യക്തിഗത്യ ചെയ്യുന്നവിധത്തിൽ ചിത്രീകരിക്കുക കൂടിയായിരുന്നു. ബോക്‌സിങ് ഡേയിൽ ഓസീസ് കൗമാരക്കാരൻ സാം കോസ്റ്റാസുമായി കൊമ്പുകോർത്ത സംഭവമാണ് ആതിഥേയ മാധ്യമങ്ങളെ ചൊടിപ്പിച്ചത്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുൻപായി കോഹ്ലിയെ ഗോട്ട് എന്ന് വാഴ്ത്തിയ അതേ മാധ്യമങ്ങൾക്ക് ഇന്നയാൾ കോമാളി ആയി മാറിയിരിക്കുന്നു. കൊണ്ടും കൊടുത്തും മുന്നേറിയ ഇന്ത്യ-ഓസീസ് ക്രിക്കറ്റ് പോരാട്ടങ്ങളിലെ വിവാദങ്ങൾ മുൻപും പത്രതാളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലിയടക്കമുള്ള മുൻ താരങ്ങൾക്കെതിരെയും കടുത്ത വിമർശന ശരങ്ങൾ ഓസീസ് മാധ്യമങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ അതൊരിക്കലും വ്യക്തിഹത്യയിലേക്ക് കടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാപരിധിയും കടന്ന് ഇന്ത്യൻ സീനിയർ താരത്തെ മോശമായ രീതിയിൽ പോർട്ടറേറ്റ് ചെയ്യാൻ അവർ തയാറാകുന്നു. സംഭവം സമൂഹ മാധ്യമങ്ങളിലടക്കം ചൂടേറിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ബോക്‌സിങ് ഡേ ടെസ്റ്റ് രണ്ട് ദിനം പൂർത്തിയാകുമ്പോൾ ഒരു കാര്യം ഉറപ്പായി. കളത്തിനും പുറത്തും കൊണ്ടും കൊടുത്തുമുള്ള ആ പോരാട്ടം തുടരും.

 അഗ്രഷൻ വിരാട് കോഹ്ലിയുടെ മുഖമുദ്രയാണ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. കളിക്കളത്തിൽ നൂറു ശതമാനവും നൽകുന്ന തികഞ്ഞ പോരാളിയാണ് അയാൾ. 36ാം വയസിലും 17 കാരന്റെ പ്രസരിപ്പ് എപ്പോഴും ഡൽഹിക്കാരൻ പ്രകടിപ്പിക്കാറുണ്ട്. ഏതു പ്രതികൂല സാഹചര്യത്തിലും സഹതാരങ്ങളെ ഉത്തേജിപ്പിക്കാൻ കോഹ്ലിയെ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും അയാൾക്ക് പിഴക്കും. ബോക്‌സിങ് ഡേയിൽ ഓസീസ് കൗമാരക്കാരൻ സാം കോസ്റ്റാസിനെ തോളുകൊണ്ടിടിച്ചതും തുടർന്നുള്ള വാഗ്വാദവുമെല്ലാം ഇത്തരത്തിൽ പരിധി വിട്ടൊരു കൊമ്പുകോർക്കലായിരുന്നു. തീർത്തും അനാവശ്യമായൊരു ഡിസിഷൻ. ഇതേതുടർന്ന് ഐസിസിയുടെ പിഴശിക്ഷയും കോഹ്ലി ഏറ്റവുവാങ്ങി. മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും ഓസീസ് നായകൻ റിക്കി പോണ്ടിങും ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ മൈക്കിൾ വോണുമടക്കമുള്ളവർ കോഹ്ലിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.


 


തീർത്തും അനാവശ്യമായ പ്രവൃത്തിയാണ് ഇന്ത്യൻ താരത്തിൽ നിന്നുണ്ടായതെന്നായിരുന്നു രവിശാസ്ത്രിയുടെ പ്രതികരണം. ഒരുപടി കൂടി കടന്നായിരുന്നു പോണ്ടിങ് പ്രതികരിച്ചത്. പ്രശ്‌നമുണ്ടാക്കാനായി കോഹ്ലി ബോധപൂർവ്വം ചെയ്തതാണെന്ന് തോന്നുന്നതായി മുൻ ഓസീസ് നായകൻ പറഞ്ഞു. ഐസിസി നടപടി പിഴശിക്ഷയിൽ ഒതുങ്ങിയതിനെയും വിമർശിച്ചു. ക്രിസ്മസ് പിറ്റേന്നുള്ള മാച്ച് എന്ന നിലയിൽ ലോക ശ്രദ്ധലഭിച്ച മത്സരത്തിൽ ഒരിക്കലും ഇങ്ങനെയൊരു സംഭവമുണ്ടാകാൻ പാടില്ലായിരുന്നു. വിലക്ക് അടക്കമുള്ള കടുത്ത നടപടി വേണമായിരുന്നുവെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പുകഴ്ത്തിയും വിരാട് കോഹ്ലിയേയും മുഹമ്മദ് സിറാജിനേയും പരോക്ഷമായി വിമർശിച്ചുമായിരുന്നു മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തിയത്. ട്രാവിസ് ഹെഡിനെ പൂജ്യത്തിന് പുറത്താക്കിയ ശേഷം ചെറുപുഞ്ചരിയോടെയാണ് ബുംറ ആഘോഷിച്ചത്. ഇന്ത്യയുടെ പലതാരങ്ങളും ഇക്കാര്യത്തിൽ ബുംറയെ മാതൃകയാക്കണമെന്നും കൈഫ് തുറന്നടിച്ചു.



   പെർത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിക്ക് പിന്നീടുള്ള മത്സരങ്ങളിലൊന്നും ഫോമിലേക്കുയരാനായില്ല. സീനിയർ താരങ്ങളായ കോഹ്ലിയുടേയും രോഹിത് ശർമയുടേയും മോശം പ്രകടനം ഇന്ത്യൻ  പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. അഡ്‌ലെയ്ഡിലും ഗാബയിലും  പ്രകടനത്തെ ബാധിക്കുകയും ചെയ്തു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ബോളണ്ടിന്റെ കെണിയിൽ വീണ് 36 റൺസിൽ വീണ്ടും നിരായുധനായി മടങ്ങി. ഇതോടെ അഗ്രഷൻ മാത്രമല്ല, കളി കൂടി ശ്രദ്ധിക്കണമെന്ന വിമർശനം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നു.  കോഹ്ലിയെ മാന്യത പഠിപ്പിക്കുന്ന ഓസീസുകാർ സ്ലെഡ്ജിങിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്ന ഒട്ടേറെ ചരിത്ര സംഭവങ്ങളാണ് മുന്നിലുള്ളത്. സ്ലെഡ്ജിങിന്റെ പരിധി വിട്ട നിരവധി ഉദാഹരണങ്ങൾ. ഇപ്പോൾ കോഹ്ലിയെ വിമർശിച്ച റിക്കി പോണ്ടിങ് വർഷങ്ങൾക്ക് മുൻപ് അന്നത്തെ 19 കാരൻ ഹർഭജൻ സിങിനോട് കയർത്ത സംഭവമുണ്ടായിട്ടുണ്ട്. 1998 ഇന്ത്യ-ഓസീസ് ഏകദിന മത്സരമായിരുന്നു വേദി. അന്ന് കൗമാരക്കാരൻ ഹർഭജൻ സിങിന്റെ പന്ത് സ്റ്റെപ്പ്ഔട്ട് ചെയ്ത് സിക്‌സർ പറത്താനുള്ള പോണ്ടിങിന്റെ ശ്രമം പാളി. വിക്കറ്റ് കീപ്പർ പിടിച്ച് സ്റ്റമ്പ് ചെയ്തു. ഔട്ടായി മടങ്ങുന്നതിനിടെ ഫ്രസ്‌ട്രേഷൻ മുഴുവൻ ഹർഭജനിൽ തീർത്താണ് റിക്കി പവലിയനിലേക്ക് മടങ്ങിയത്.

 കോഹ്ലി-കോസ്റ്റാസ് വാഗ്വാദത്തിന് സമാനമായി 2008 ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഗൗതം ഗംഭീറും ഷെയിൻ വാട്‌സണും വാക്കേറ്റവും ക്രിക്കറ്റ് ലോകം കണ്ടിരുന്നു. ഡൽഹിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു ആ സംഭവം. റൺസിന് വേണ്ടി ഒടുന്നതിനിടയിൽ ഗംഭീർ വാട്‌സണെ കൈമുട്ട് കൊണ്ട് ഇടിച്ചതാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ റണ്ണിങിൽ വാട്‌സൻ തടസം സൃഷ്ടിച്ചതിനെ തുടർന്നാണ് ഇടിച്ചതെന്ന മറുവാദമാണ് ഗംഭീർ ഉയർത്തിയത്. സംഭവത്തിൽ ഒരു മത്സരത്തിൽ ഇന്ത്യൻ താരത്തിന് വിലക്ക് ലഭിച്ചിരുന്നു. ഏതായാലും ആ ഇന്നിങ്‌സിൽ ഇരട്ടസെഞ്ച്വറിയാണ് ഗംഭീർ കുറിച്ചത്. അന്നത്തെ ആ വിവാദ താരം ഇന്ന് ഇന്ത്യൻ പരിശീലകനാണെന്ന പ്രത്യേകതയുമുണ്ട്.

 ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോഹ്ലി. 68 മത്സരങ്ങളിൽ കോഹ്ലിക്ക് കീഴിൽ ഇറങ്ങിയ ഇന്ത്യ 40ലും വിജയം സ്വന്തമാക്കിയിരുന്നു. ഹോം ഗ്രൗണ്ടിൽ ഒരു മത്സരത്തിൽ പോലും കോഹ്ലിക്ക് കീഴിൽ ടീം തോറ്റിട്ടില്ല. താരത്തിന്റെ അഗ്രസീവ് ക്യാപ്റ്റൻസി അന്നുമുതൽ തന്നെ ശ്രദ്ധനേടിയിരുന്നു. എംഎസ് ധോണി ക്യാപ്റ്റൻ കൂൾ ആയിരുന്നെങ്കിൽ ക്യാപ്റ്റൻ അഗ്രഷനായിരുന്നു വിരാട്. വിജയം മാത്രമായിരുന്നു അയാളുടെ ആത്യന്തിക ലക്ഷ്യം. അതിനായി എതിരാളികളെ തളർത്താൻ ഏതറ്റംവരെ പോകാനും അയാൾ തയാറായിരുന്നു. പലപ്പോഴും കടുത്ത വിമർശനം നേരിട്ടെങ്കിലും ഒരിക്കൽപോലും ശൈലിമാറ്റാൻ തയാറായില്ല. ഏറ്റവുമൊടുവിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ മുക്കാൽ ലക്ഷ്യത്തിലേറെയുള്ള കാണികൾക്ക് മുന്നിലും കണ്ടത് ആ പഴയ കോഹ്ലിയെ. കരിയറിലെ സായാഹ്നത്തിലും അഗ്രഷന്റെ പീക് ലെവൽ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News