‘സച്ചിനും ലാറയുമല്ല; ഞാൻ കണ്ടതിൽ കോഹ്‍ലി തന്നെയാണ് മികച്ചവൻ’; കാരണം തുറന്ന് പറഞ്ഞ് ജസ്റ്റിൻ ലാംഗർ
മെൽബൺ: താൻ കണ്ടതിലേറ്റവും മികച്ച ബാറ്റർ വിരാട് കോഹ്‍ലിയാണെന്ന പ്രസ്താവനയിൽ ഉറച്ച് മുൻ ആസ്ട്രേലിയൻ താരവും കോച്ചുമായ ജസ്റ്റിൻ ലാംഗർ. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിനിടെയുള്ള കമന്ററിയിലാണ് ലാംഗർ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
‘‘ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച ബാറ്റർ കോഹ്ലിയാണെന്ന് പറഞ്ഞപ്പോൾ പലരും പുരികം പൊക്കി. സച്ചിൻ ടെണ്ടുൽക്കർ, ബ്രയൻ ലാറ എന്നിവർക്കെതിരെയും റിക്കി പോണ്ടിങ്ങിനൊപ്പവും കളിച്ചിട്ടുണ്ട് എന്നത് വലിയ അംഗീകാരമായി കാണുന്നു. പക്ഷേ കോഹ്‍ലി തന്നെയാണ് മികച്ചവൻ’’
‘‘കോഹ്‍ലിയുടെ കവർഡ്രൈവോ ഹുക്ക് ഷോട്ടോ ഒന്നും കണ്ടല്ല ഇതുപറയുന്നത്. തനിക്ക് നേരെ വരുന്ന പന്തിനെ നോക്കുന്ന ശൈലി, വിക്കറ്റിനിടയിലെ ഓട്ടം, ഫീൽഡിങ്, പോരാളിയെപ്പോലുള്ള ലീഡർഷിപ്പ്, മികച്ച ഫിറ്റ്നസ് എന്നിവയെല്ലാം നോക്കുമ്പോൾ കോഹ്‍ലിയാണ് മികച്ചത്. അതുകൊണ്ടാണ് കണ്ടതിൽ മികച്ചത് കോഹ്‍ലിയാണെന്ന് പറയുന്നത്. ഒരുപാട് മികച്ചവരെ നാം കണ്ടിട്ടുണ്ട്. പക്ഷേ ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ അത് കോഹ്‍ലി തന്നെയാകും’’ -ലാംഗർ വിശദീകരിച്ചു.
2018ലെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ കോഹ്‍ലി മികച്ച ഫോമിൽ ബാറ്റ് ചെയ്തതിന് പിന്നാലെയാണ് ആസ്ട്രേലിയൻ കോച്ചായ ലാംഗർ കോഹ്ലിയെക്കുറിച്ച് പറഞ്ഞത്. മെൽബൺ ടെസ്റ്റിൽ ഓസീസ് യുവതാരം സാം കോൺസ്റ്റാസിനെ തോളുകൊണ്ടിടിച്ചതിന് കോഹ്‍ലിക്കെതിരെ ആസ്ട്രേലിയൻ മാധ്യമങ്ങളും റിക്കി പോണ്ടിങ് അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ലാംഗറുടെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയം.