'പന്ത് വരും മുൻപ് ചാടല്ലേ'; ബോക്സിങ് ഡേ ടെസ്റ്റിൽ ഫീൽഡിങിനിടെ ജയ്സ്വാളിനെ തിരുത്തി രോഹിത്
സില്ലി പോയന്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ ജയ്സ്വാൾ അനാവശ്യമായി ചാടിയതോടെയാണ് രോഹിത് കമന്റടിച്ചത്.
മെൽബൺ: ഇന്ത്യ-ആസ്‌ത്രേലിയ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം സംഭവ ബഹുലമായിരുന്നു. വിരാട് കോഹ്‌ലിയും കൗമാരതാരം സാം കോൺസ്റ്റസും തമ്മിൽ കൊമ്പുകോർത്തത് മുതൽ മുഹമ്മദ് സിറാജും മാർനസ് ലബുഷെയിനും തമ്മിലുള്ള മൈൻഡ് ഗെയിമുമെല്ലാമായി നിറഞ്ഞുനിന്ന മത്സരം. ഇതിനിടെ മറ്റൊരു രസകരമായ സംഭവത്തിന് കൂടി ആദ്യദിനം സാക്ഷ്യംവഹിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ യശസ്വി ജയ്‌സ്വാളിനോട് നടത്തിയ സംഭാഷണമാണ് ഇപ്പോൾ വൈറലായത്.
സില്ലി പോയന്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ ജയ്സ്വാൾ അനാവശ്യമായി ചാടിയതാണ് രോഹിതിനെ ചൊടിപ്പിച്ചത്. രവീന്ദ്ര ജഡേജയുടെ ഓവറിൽ സ്റ്റീവ് സ്മിത്ത് ബാറ്റുചെയ്യവെയാണ് ജയ്‌സ്വാൾ ചാടിയത്. സ്മിത്ത് പന്ത് പ്രതിരോധിച്ചപ്പോൾ ഷോട്ട് ആണെന്ന് കരുതി ജയ്സ്വാൾ പന്ത് ദേഹത്ത് തട്ടാതിരിക്കാൻ ചാടുകയായിരുന്നു. സ്മിത്ത് ഷോട്ട് പൂർത്തിയാക്കുന്നതിന് മുമ്പുള്ള ഈ ചാട്ടം സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിതിനെ അസ്വസ്ഥനാക്കി. ഉടനെ കമന്റുമെത്തി. രോഹിതിന്റെ വാക്കുകൾ സ്റ്റമ്പ് മൈക്കിൽ കൃത്യമായി പതിഞ്ഞു. 'അരേ ജസ്സു, ഗള്ളി ക്രിക്കറ്റ് ഖേൽ രഹാ ഹെ ക്യാ തൂ? (ജസ്സു, നീ ഗള്ളി ക്രിക്കറ്റ് കളിക്കുകയാണോ?)- ജയ്സ്വാളിനോട് രോഹിത് പറഞ്ഞു. ബാറ്റ്‌സ്മാൻ ഷോട്ട് കളിക്കുന്നതിന് മുൻപ് ചാടരുതെന്ന ഉപദേശവും നൽകി.
നാല് ബാറ്റർമാർ അർധ സെഞ്ച്വറി കുറിച്ച ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 എന്ന നിലയിലാണ് ആതിഥേയർ. 68 റൺസുമായി സ്റ്റീവൻ സ്മിത്തും 8 റൺസുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ സാം കോൺസ്റ്റസും ഉസ്മാൻ ഖ്വാജയും ചേർന്ന് മികച്ച തുടക്കമാണ് കങ്കാരുക്കൾക്ക് നൽകിയത്. കന്നി ടെസ്റ്റിനിറങ്ങിയ കോൺസ്റ്റസ് അർധ സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കി. ജസ്പ്രീത് ബുംറയാണ് താരത്തിന്റെ ബാറ്റിന്റെ ചൂട് ആവോളമറിഞ്ഞത്. 60 റൺസെടുത്ത് സാം പുറത്തായ ശേഷം ക്രീസിലെത്തിയ മാർനസ് ലബൂഷൈനും തകർപ്പൻ ഫോമിലായിരുന്നു. 145 പന്തിൽ ലബൂഷൈൻ 72 റൺസെടുത്തു.