മെൽബണിൽ ആദ്യ ദിനം പിറന്നത് നാല് ഫിഫ്റ്റി; പിടിമുറുക്കി ഓസീസ്

ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 എന്ന നിലയിലാണ് ആതിഥേയർ

Update: 2024-12-26 08:11 GMT
Advertising

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം പിടിമുറുക്കി ഓസീസ്. നാല് ബാറ്റർമാർ അർധ സെഞ്ച്വറി കുറിച്ച ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 എന്ന നിലയിലാണ് ആതിഥേയർ. 68 റൺസുമായി സ്റ്റീവൻ സ്മിത്തും 8 റൺസുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓപ്പണർമാരായ സാം കോൺസ്റ്റസും ഉസ്മാൻ ഖ്വാജയും ചേർന്ന്  മികച്ച തുടക്കമാണ് കങ്കാരുക്കള്‍ക്ക് നൽകിയത്. കന്നി ടെസ്റ്റിനിറങ്ങിയ കോൺസ്റ്റസ് അർധ സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കി. ജസ്പ്രീത് ബുംറയാണ് താരത്തിന്റെ ബാറ്റിന്റെ ചൂട് ആവോളമറിഞ്ഞത്. 60 റൺസെടുത്ത് സാം പുറത്തായ ശേഷം ക്രീസിലെത്തിയ മാർനസ് ലബൂഷൈനും തകർപ്പൻ ഫോമിലായിരുന്നു. 145 പന്തിൽ ലബൂഷൈൻ 72 റൺസെടുത്തു.

57 റൺസെടുത്ത ഉസ്മാൻ ഖ്വാജയെ ബുംറ കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ചപ്പോൾ ലബൂഷൈനെ വാഷിങ്ടൺ സുന്ദർ കോഹ്ലിയുടെ കയ്യിലെത്തിച്ചു. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഉടനീളം മിന്നും ഫോമിൽ കളിക്കുന്ന ട്രാവിസ് ഹെഡ്ഡിനെ ക്ലീൻ ബൗൾഡാക്കി ബുംറ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. തൊട്ടടുത്ത ഓവറിൽ ബുംറക്ക് മുന്നിൽ മിച്ചൽ മാർഷും വീണു. ഇതൊക്കെ സംഭവിക്കുമ്പോളും ഒരറ്റത്ത് സ്റ്റീവൻ സ്മിത്ത് വിക്കറ്റ് തുലക്കാതെ നിലയുറപ്പിച്ചു.

ഒടുവിൽ ഏഴാമനായി ക്രീസിലെത്തിയ അലക്‌സ് കാരിയെ കൂട്ടുപിടിച്ച് സ്മിത്ത് ഓസീസ് സ്‌കോർ 300 കടത്തി. 31 റൺസെടുത്ത കാരിയെ കൂടാരം കയറ്റിയത് ആകാശ് ദീപാണ്. വാഗ്വാദങ്ങളും മറുപടികളുമൊക്കെയായി ചൂടുപിടിച്ച ബോക്‌സിങ് ഡേ ടെസ്റ്റിന് മെൽബണിൽ ആവേശത്തുടക്കമാണ് ലഭിച്ചത്. യുവതാരം സാം കോൺസ്റ്റാസിനെ യാതൊരു പ്രകോപനവുമില്ലാതെ തോള് കൊണ്ട് ഇടിച്ച വിരാട് കോഹ്ലിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News