ലീഡ്സ് ടെസ്റ്റ്; 'പുജാരക്കരുത്തില്‍' ഇന്ത്യ പെരുതുന്നു
ആദ്യ ഇന്നിങ്സില്‍ 78 റണ്‍സിന് എല്ലാവരും പുറത്തായ ഇന്ത്യക്ക് മറുപടിയായി ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്
ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകര്‍ച്ചക്ക് ശേഷം രണ്ടാം ഇന്നിങ്സില്‍ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യ. മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 215 റണ്‍സ് എന്ന നിലയിലാണ്. 91 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുന്ന ചെതേശ്വര്‍ പുജാരയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നത്. 45 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‍ലിയാണ് പുജാരക്കൊപ്പം ക്രീസില്‍. രോഹിത് ശര്‍മ്മ 59 റണ്‍സ് നേടി പുറത്താവുകയായിരുന്നു. ഒലെ റോബിന്‍സണും ക്രേഗ് ഒവേര്‍ട്ടനുമായിരുന്നു വിക്കറ്റുകള്‍.
ആദ്യ ഇന്നിങ്സില്‍ 78 റണ്‍സിന് എല്ലാവരും പുറത്തായ ഇന്ത്യക്ക് മറുപടിയായി ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. മൂന്നാം ടെസ്റ്റിലും സെഞ്ച്വറി കുറിച്ച ജോ റൂട്ടാണ്(121) ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ട് 432 റണ്‍സെടുത്തു. മുഹമ്മദ് ഷമി നാലും ബുംറ, സിറാജ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നിര്‍ണായകമായ നാലാം ദിനം ഇന്ത്യയുടെ ബാറ്റിങ് എത്തരത്തില്‍ പുരോഗമിക്കുമെന്നതിനെ അനുസരിച്ചിരിക്കും കളിയുടെ ഫലം. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യക്ക് മുന്നില്‍ ഇംഗ്ലണ്ട് പേസ് നിര ഒരു വെല്ലുവിളി തന്നെയായിരിക്കും.