മൂന്നാം ടെസ്റ്റില്‍ 'ക്യാപ്റ്റന്‍ കോഹ്‍ലി'യെ തോല്‍പ്പിക്കാനാവില്ല മക്കളേ! ലീഡ്സിലെ ഇന്ത്യന്‍ സാധ്യതകള്‍ ഇങ്ങനെ
ലീഡ്സിലെ ഹെഡിങ്‍ലേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 1976ന് ശേഷം ഇതുവരെ ഇന്ത്യ ഈ സ്റ്റേഡിയത്തില്‍ തോല്‍വിയറിഞ്ഞിട്ടില്ല
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് ലീഡ്സില്‍. പരിക്കിന്‍റെ പിടിയില്‍ വലയുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ വിജയം തുടര്‍ന്ന് പരമ്പരയില്‍ മുന്നേറ്റം നടത്താമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. സാഹചര്യങ്ങള്‍ മാത്രമല്ല, ചില ഭാഗ്യത്തിന്‍റെ കണക്കുകള്‍ കൂടി ലീഡ്സിലെത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.
വിരാട് കോഹ്‍ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനത്തേക്ക് എത്തുന്നത് 2015ലാണ്. അതിന് ശേഷം ഇന്ത്യ കളിച്ചിട്ടുള്ള പരമ്പരകളിലെ മൂന്നാമത്തെ കളികളില്‍ ഇതുവെരെ ടീം പരാജയമറിഞ്ഞിട്ടില്ല. വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ അപരാജിതരാണ്. 13 മൂന്നാം മത്സരങ്ങളാണ് വിരാട് കോഹ്‍ലിയുടെ നായകത്വത്തില്‍ ഇന്ത്യ കളിച്ചിട്ടുള്ളത്. അതില്‍ 11 വിജയവും രണ്ട് സമനിലയും ഇന്ത്യ സ്വന്തമാക്കി.
ലീഡ്സിലെ ഹെഡിങ്‍ലേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 1976ന് ശേഷം ഇതുവരെ ഇന്ത്യ ഈ സ്റ്റേഡിയത്തില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഈ ചരിത്രവും ഇന്ത്യക്ക് ഗുണകരമാകും. ശാര്‍ദുല്‍ ഠാക്കൂര്‍ പരിക്കില്‍ നിന്നും മോചിതനായ സാഹചര്യത്തില്‍ അദ്ദേഹം ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇഷാന്ത് ശര്‍മ്മ ടീമില്‍ നിന്നും മാറി നില്‍ക്കേണ്ടിവരും. ഔട്ട് ഓഫ് ഫോമില്‍ തുടരുന്ന ചേതേശ്വര്‍ പുജാരക്ക് പകരം സൂര്യകുമാര്‍ യാദവ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നു.
രണ്ടാം ടെസ്റ്റില്‍ ത്രില്ലിങ് വിജയം കരസ്ഥമാക്കിയ ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ പരിക്ക് പറ്റിയ സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം രണ്ടാം ടെസ്റ്റില്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത മാര്‍ക്ക് വുഡ് മൂന്നാം ടെസ്റ്റില്‍ പരിക്ക് മൂലം പുറത്താണ്. ഇത്തരത്തിലുള്ള പരിക്കുകള്‍ ടീമിനെ വലക്കുന്നുണ്ടെങ്കിലും പരമ്പരയില്‍ തിരിച്ചുവരാനാകുമെന്നാണ് ഇംഗ്ലണ്ട് ടീം പ്രതീക്ഷിക്കുന്നത്.