മുംബൈ ടെസ്റ്റിൽ ഒപ്പത്തിനൊപ്പം; ഇന്ത്യ 263ന് പുറത്ത്, 28 റൺസ് ലീഡ്

ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റേയും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്

Update: 2024-11-02 08:54 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: ന്യൂസിലൻഡിനെതിരായ അവസാനക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 235 റൺസ് പിന്തുടർന്ന് ഇറങ്ങിയ ആതിഥേയർ 263ൽ ഓൾഔട്ടായി. 28 റൺസ് ലീഡാണ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകർത്തത്. ശുഭ്മാൻ ഗിൽ (90) ഇന്ത്യൻ നിരയിലെ ടോപ്‌സ്‌കോററായി. ഋഷഭ് പന്ത് (60), വാഷിംഗ്ടൺ സുന്ദർ (പുറത്താവാതെ 38) എന്നിവരും മികച്ച പ്രകടനം നടത്തി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കിവീസിന് ക്യാപ്റ്റൻ ടോം ലാതമിന്റെ (1) വിക്കറ്റ് നഷ്ടമായി. രണ്ടാംദിനം ചായക്ക് പരിയുമ്പോൾ 26-1 എന്ന നിലയിലാണ് സന്ദർശകർ. ഡെവോൺ കോൺവെ (15), വിൽ യംഗ് (8) എന്നിവരാണ് ക്രീസിൽ.

നാലിന് 86 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ഗിൽ-പന്ത് സഖ്യം അടിത്തറപാകി.. ഏകദിന ശൈലിയിൽ ബാറ്റുവീശിയ പന്ത് സ്‌കോറിംഗ് വേഗമുയർത്തി. 180 റൺസിൽ നിൽക്കെ പന്ത് പുറത്തായത് കളിയിൽ വഴിത്തിരിവായി. 59 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതമാണ് താരം 60 റൺസെടുത്തത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 96 റൺസാണ് കൂട്ടിചേർത്തത്. തുടർന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (14), സർഫറാസ് ഖാൻ (0) എന്നിവർ വീണതോടെ ഒരുഘട്ടത്തിൽ ഇന്ത്യ ലീഡ് വഴങ്ങില്ലെന്ന് പോലും തോന്നിപ്പിച്ചു.  അജാസ് പട്ടേലിന്റെ ഓവറിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകി 90 റൺസെടുത്ത് ഗിലും പുറത്തായതോടെ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. തുടർന്ന് സുന്ദർ അശ്വിനേയും (6), ആകാശ് ദീപിനേയും (0) കൂട്ടിപിടിച്ച് നടത്തിയ പോരാട്ടാണ് സ്്കോർ 250 കടത്തിയത്.

സന്ദർശകർക്കെതിരെ ആദ്യ ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. സ്‌കോർ ബോർഡിൽ 25 റൺസ് ചേർക്കുമ്പോഴേക്ക് നായകൻ രോഹിത് ശർമ (18) മടങ്ങി. തുടർന്ന് ക്രീസിലെത്തിയ ഗിൽ-യശസ്വി ജയ്സ്വാളിനെ (30) കൂട്ടുപിടിച്ച് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. 53 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. എന്നാൽ അജാസ് പട്ടേലിന്റെ ഓവറിൽ ജയ്‌സ്വാൾ ക്ലീൻബൗൾഡായി. പിന്നീട് ക്രീസിലെത്തിയ നൈറ്റ്‌വാച്ച്മാൻ മുഹമ്മദ് സിറാജ്(0) നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അഞ്ചാമനായി വന്ന വിരാട് കോലി അനാവശ്യ റണ്ണിനോട് റണ്ണൗട്ടായി. നാല് റൺസ് മാത്രമെടുത്ത താരം ഹെന്റിയുടെ നേരിട്ടുള്ള ഏറിൽ പുറത്താവുകയായിരുന്നു. ഇതോടെ ആദ്യദിനം ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടമായി. ഡാരിൽ മിച്ചൽ (82), വിൽ യംഗ് (71) എന്നിലരുടെ ബാറ്റിങ് കരുത്തിലാണ് ന്യൂസിലാൻഡ് 235 റൺസിലേക്കെത്തിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 5 വിക്കറ്റ് വീഴ്ത്തി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News