ത്രില്ലർ പോരിൽ ഇന്ത്യക്ക് ജയം; ദക്ഷിണാഫ്രിക്കയെ തോൽപിച്ചത് 11 റൺസിന്, പരമ്പര 2-1 മുന്നിൽ
ഹാർദിക് പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിൽ മാർക്കോ ജാൻസൻ 26 റൺസാണ് നേടിയത്.
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 11 റൺസ് ജയം. ഇന്ത്യയുടെ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരുടെ പോരാട്ടം 208-7 എന്ന നിലയിൽ അവസാനിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച മാർക്കോ ജാൻസനും (17 പന്തിൽ 54) പ്രോട്ടീസിനെ രക്ഷിക്കാനായില്ല. തിലക് വർമയുടെ സെഞ്ച്വറി കരുത്തിലാണ് സന്ദർശകർ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ജയത്തോടെ പരമ്പരയിൽ 2-1 ഇന്ത്യ മുന്നിലെത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. സ്‌കോർബോർഡിൽ 27 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ റയാൻ റിക്കെൽട്ടനെ(20) നഷ്ടമായി. സ്പിൻബൗളിങിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര ഒരിക്കൽകൂടി തകർന്നു. 13 പന്തിൽ 21 റൺസെടുത്ത റീസ ഹെൻറിക്‌സിനേയും 18 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനേയും പുറത്താക്കി വരുൺ ചക്രവർത്തി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. തൊട്ടുപിന്നാലെ കഴിഞ്ഞ മാച്ചിലെ ഹീറോ ട്രിസ്റ്റൻ സ്റ്റബ്‌സിനെ(12) വിക്കറ്റിന് മുന്നിൽകുരുക്കി അക്‌സർ പട്ടേൽ കരുത്തുകാട്ടി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹെന്റിച് ക്ലാസൻ-ഡേവിഡ് മില്ലർ കൂട്ടുകെട്ട് പ്രോട്ടീസിന് പ്രതീക്ഷ നൽകി.
22 പന്തിൽ നാല് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 41 റൺസുമായി ഹെന്റിച് ക്ലാസൻ നിലയുറപ്പിച്ചതോടെ ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക വിജയ സാധ്യത നിലനിർത്തിയിരുന്നു. എന്നാൽ മറുഭാഗത്ത് ഡേവിഡ് മില്ലർ റൺസ് കണ്ടെത്താൻ പ്രായസപ്പെട്ടത് തിരിച്ചടിയായി. 18 പന്തിൽ 18 റൺസുമായി മില്ലർ പുറത്തായി. തൊട്ടുപിന്നാലെ ക്ലാസനും വീണു. എന്നാൽ ഏഴാമനായി ക്രീസിലെത്തിയ മാർക്കോ ജാൻസൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിൽ 26 റൺസ് നേടി ചെറുത്തുനിൽപ്പ് നടത്തി. അവസാന ഓവറിൽ ദക്ഷിണാഫ്രിക്ക് ആവശ്യമായിരുന്നത് 25 റൺസായിരുന്നു. എന്നാൽ അർഷ്ദീപ് സിങ് എറിഞ്ഞ ഓവറിൽ 13 റൺസ് മാത്രമാണ് നേടാനായത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് അടിച്ചെടുത്തത്. ഇന്ത്യക്കായി തിലക് വർമ 56 പന്തിൽ 107 റൺസുമായി പുറത്താകാതെനിന്നു. 8 ഫോറും ഏഴ് സിക്‌സറും സഹിതമാണ് താരം മൂന്നക്കംതികച്ചത്. അഭിഷേക് ശർമയും( 25 പന്തിൽ 50) മികച്ച പ്രകടനം നടത്തി. ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. മാർക്കോ ജാൻസൻ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ മലയാളി താരം സഞ്ജു സാംസണെ(0) നഷ്ടമായി. തുടർച്ചയായ രണ്ടാം മത്സരത്തിലും ജാൻസന് മുന്നിൽ സഞ്ജു ബൗൾഡായി. എന്നാൽ രണ്ടാം രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അഭിഷേക്-തിലക് വർമ കൂട്ടുകെട്ട് ഇന്ത്യയുടെ പ്രതീക്ഷക്കൊത്തുയർന്നു. പവർപ്ലെയിൽ ഇരുവരും ചേർന്ന് സ്‌കോർ 50 കടത്തി. സ്പിന്നർ കേശവ് മഹാരാജിന്റെ ഓവറിൽ ഹെന്റിച് ക്ലാസൻ സ്റ്റമ്പ് ചെയ്ത്(50) അഭിഷേക് പുറത്തായി. 52 പന്തിൽ 107 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിചേർത്തത്.
എന്നാൽ തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്(1) ആന്ദ്രെ സിമിലാനിയുടെ ഓവറിൽ മാർക്കോ ജാൻസന് ക്യാച്ച് നൽകി മടങ്ങി. മികച്ച രീതിയിൽ ബാറ്റുവീശിയ ഹാർദിക് പാണ്ഡ്യയും(18) മടങ്ങിയെങ്കിലും തിലക് വർമ ഒരുവശത്ത് ഉറച്ച് നിന്നതോടെ സ്‌കോറിംഗ് അതിവേഗം ഉയർന്നു. റിങ്കു സിങിനും(8) വലിയ സ്‌കോർ നേടാനായില്ല. എന്നാൽ അവസാന ഓവറുകളിൽ ക്രീസിലെത്തിയ രമൺദീപ് സിങ്(ആറു പന്തിൽ 15) ആഞ്ഞടിച്ചതോടെ സ്‌കോർ 200 കടന്നു. അരങ്ങേറ്റ ടി20യിലാണ് രമൺദീപ് കളിച്ചത്. ആവേശ് ഖാന് പകരമാണ് താരം ആദ്യഇലവനിൽ സ്ഥാനം പിടിച്ചത്. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ്, സിമിലേനെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി