കറക്കി വീഴ്ത്തി സൂഫിയാൻ മുഖീം; സിംബാബ്‌വെ 57ന് ഔൾഔട്ട്, പാകിസ്താന് 10 വിക്കറ്റ് ജയം
2.4 ഓവറിൽ വെറും മൂന്ന് റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സൂഫിയാൻ മുഖീമാണ് സിംബാബ്‌വെയെ തകർത്തത്.
ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യിൽ പാകിസ്താന് പത്ത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 12.4 ഓവറിൽ 57 റൺസിന് ഔൾഔട്ടാക്കിയ സന്ദർശകർ 5.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ അനായാസം വിജയലക്ഷ്യം മറികടന്നു. 2.4 ഓവറിൽ വെറും മൂന്ന് റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാകിസ്താൻ സ്പിന്നർ സൂഫിയാൻ മുഖീമാണ് ആതിഥേയരെ നാണംകെടുത്തിയത്. സിംബാബെയുടെ ഏറ്റവും കുറഞ്ഞ ടി20 ടോട്ടലാണിത്. കളിയിലെ താരമായി. സൂഫിയാൻ മുഖീമാണ് കളിയിലെ താരം.
4.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 37 റൺസ് എന്ന നിലയിൽ നിന്നാണ് സിംബാബ്‌വെ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത്. ഓപ്പണർമാരായ ടഡിവാൻശേ മരുമണിക്കും(16) ബ്രിയാൻ ബെന്നറ്റിനും(21) മാത്രമാണ് സിംബാബ്‌വെ നിരയിൽ രണ്ടക്കം കാണാനായത്. എന്നാൽ ഇരുവരും വീണതോടെ തകർച്ച തുടങ്ങി. ക്യാപ്റ്റൻ സിക്കന്ദർ റാസ മൂന്ന് റൺസെടുത്ത് പുറത്തായി. സൂഫിയാൻ മുഖീമിന് പുറമെ അബ്ബാസ് അഫ്രിദി രണ്ടുവിക്കറ്റുമായി തിളങ്ങി.
മറുപടി ബാറ്റിങിൽ അനായാസം ബാറ്റുവീശിയ ഒമൈർ യൂസഫും സൈം അയൂബും പവർപ്ലെയിൽ തന്നെ വിജയം പിടിച്ചു. സൈം 18 പന്തിൽ 36 റൺസും ഒമൈർ 15 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു.