മുഷ്താഖ് അലി ട്രോഫി;ആന്ധ്രക്കെതിരെ കേരളത്തിന് ദയനീയ തോൽവി, ക്വർട്ടർ പ്രതീക്ഷകൾക്ക് തിരിച്ചടി
കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ഏഴ് റൺസെടുത്ത് പുറത്തായി
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ ക്വാർട്ടർ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ കേരളത്തിന് വമ്പൻ തോൽവി. ആന്ധ്രപ്രദേശ് ആറു വിക്കറ്റിനാണ് തകർത്തത്. കേരളം ഉയർത്തിയ 88 റൺസിന്റെ ചെറിയ വിജയലക്ഷ്യം 13 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആന്ധ്ര അനായാസം മറികടന്നു.കെ.എസ് ഭരത് 33 പന്തിൽ 56 റൺസുമായി ആന്ധ്ര നിരയിൽ പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം വൻതകർച്ചയായണ് നേരിട്ടത്. സ്‌കോർ ബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ ഫോമിലുള്ള രോഹൻ എസ് കുന്നുമ്മലിനെ(9) നഷ്ടമായി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണും(7), മുഹമ്മദ് അസ്ഹറുദ്ദീനും(0) മടങ്ങിയതോടെ പവർപ്ലെയിൽ തിരിച്ചടി നേരിട്ടു. എന്നാൽ ജലജ് സക്സേന 22 പന്തിൽ 27 റൺസുമായി ഒരുവശത്ത് നിലയുറപ്പിച്ചു. എന്നാൽ മറുഭാഗത്ത് വിക്കറ്റുകൾ തുടരെ വീണതോടെ കേരളം 100 റൺസിലൊതുങ്ങി. കഴിഞ്ഞ രണ്ട് മാച്ചിലും തകർത്തടിച്ച സൽമാൻ നിസാർ(3), വിഷ്ണു വിനോദ്(1), വിനോദ് കുമാർ(3) എന്നിവരും വേഗത്തിൽ കൂടാരം കയറി. ജലജിന് പുറമെ അബ്ദുൽ ബാസിത്(18), എംഡി നിധീഷ്(14) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ആന്ധ്രക്കായി കെ.വി ശശികാന്ത് രമൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങിൽ ആന്ധ്രയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർ അശ്വിൻ ഹെബ്ബറിനെ പുറത്താക്കി(12) എംഡി നിധീഷ് മികച്ച തുടക്കം നൽകി. എന്നാൽ ഒരുഭാഗത്ത് ഉറച്ചുനിന്ന ശ്രീകാർ ഭരത് 33 പന്തിൽ രണ്ട് സിക്സറും ഏഴ് ഫോറും സഹിതം 56 റൺസുമായി ഇന്ത്യൻ ബൗളർമാരെ നേരിട്ടതോടെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടി നേരിട്ടു. മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം തോൽവിയോടെ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾക്കും തിരിച്ചടി നേരിട്ടു.