ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇന്ത്യക്ക് മുന്നിൽ ഇനിയുള്ള സാധ്യതകൾ ഇങ്ങനെ
നിലവിൽ പോയന്റ് ടേബിളിൽ ഇന്ത്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്
അപ്രതീക്ഷിതമായിരുന്നു ആ തുടർ തോൽവികൾ. സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് 3-0 ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ നാണക്കേടിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് കൂടിയാണ് അവിടെ മങ്ങലേറ്റത്. എന്നാൽ ഒരു മാസത്തിനിപ്പുറം കാര്യങ്ങൾ മാറി മറിയുകയാണ്. ആസ്‌ത്രേലിയക്ക് മികച്ച റെക്കോർഡുള്ള പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ സ്വന്തമാക്കിയത് ആധികാരിക ജയം. ഓസീസ് മണ്ണിൽ റൺസ് അടിസ്ഥാനത്തിൽ നേടുന്ന ഏറ്റവും വലിയ ജയത്തിലൂടെ വരാനിരിക്കുന്ന നാല് ടെസ്റ്റ് സ്വന്തമാക്കാനുള്ള ഇന്ധനംകൂടിയായി മാറിയിത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനും സന്ദർശകർക്കായി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയപ്പോൾ തലപ്പത്തായിരുന്ന ആസ്‌ത്രേലിയ മൂന്നിലേക്ക് പിന്തള്ളപ്പെട്ടു. കാര്യങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരെ ചരിത്ര പരമ്പര സ്വന്തമാക്കിയ ന്യൂസിലാൻഡിന് സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിന് മുന്നിൽ കാലിടറി. ഹാഗ്ലി ഓവലിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റ് ജയമാണ് ഇംഗ്ലീഷുകാർ സ്വന്തമാക്കിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അവസാന ലാപ്പിലെത്തിയപ്പോൾ ജീവൻമരണപോരാട്ടത്തിലാണ് ടീമുകൾ. ഓരോ തോൽവിയും സാധ്യതകൾക്ക്‌മേൽ കരിനിഴൽ വീഴ്ത്തുമെന്ന് ടീമുകൾക്ക് നന്നായറിയാം. നിലവിൽ ഫൈനൽ ബെർത്തിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് ഇന്ത്യയും ആസ്‌ത്രേലിയയും ദക്ഷിണാഫ്രിക്കയുമാണ്. എന്നാൽ അടുത്തവർഷം ജൂൺ 11ന് ഇംഗ്ലണ്ടിലെ ലോഡ്‌സ് ആതിഥേയത്വംവഹിക്കുന്ന കലാശപോരാട്ടത്തിൽ ആരൊക്കെ ഏറ്റുമുട്ടുമെന്നറിയാൻ അവസാന മത്സരം വരെയും കാത്തിരിക്കേണ്ടിവരും. ഇതുവരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രകടനം അടിസ്ഥാനമാക്കി ഇന്ത്യയുടെ സാധ്യതകൾ പരിശോധിക്കാം.
നിലവിൽ 15 മത്സരങ്ങളിൽ നിന്നായി ഒമ്പത് വിജയവും അഞ്ച് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 61.11 വിജയശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. 9 മത്സരങ്ങളിൽ നിന്നായി 5 ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമടക്കം 59.26 പോയന്റുമായി ദക്ഷിണാഫ്രിക്കയാണ് തൊട്ടുപിന്നിൽ. 57.69 പോയന്റുമായി ആസ്‌ത്രേലിയ മൂന്നാമതും 50 പോയന്റുമായി ന്യൂസിലാൻഡ് നാലാമതും നിൽക്കുന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 5-0, 4-0, 4-1, 3-0 എന്നിങ്ങനെ പരമ്പര സ്വന്തമാക്കാനായാൽ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കുള്ള പടി രോഹിത് ശർമക്കും സംഘത്തിനും ചവിട്ടികയറാനാകും. നേരത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 4-0 സ്വന്തമാക്കിയാൽ മാത്രമായിരുന്നു ഇന്ത്യക്ക് സാധ്യത കൽപിച്ചിരുന്നത്.
ആസ്‌ത്രേലിയയിൽ ഇന്ത്യയുടെ പരമ്പരനേട്ടം 3-1 മാർജിനിൽ ആണെങ്കിൽ ഫൈനൽ പ്രവേശനത്തിനായി മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ട സ്ഥിതിവരും. ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ പരാജയപ്പെടുത്തിയാൽ ഇന്ത്യയുടെ സാധ്യത തെൡയും. ഇനി അഥവാ ബോർഡർ-ഗവാസ്‌കർ ട്രോഫി 3-2നാണ് ഇന്ത്യ സ്വന്തമാക്കുന്നതെങ്കിൽ അടുത്തവർഷം ജനുവരി-ഫെബ്രുവരിയിലായി നടക്കുന്ന ആസ്‌ത്രേലിയ-ശ്രീലങ്ക രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര നിർണായകമാകും. ഇവിടെ ഒരു മത്സരത്തിലെങ്കിലും ശ്രീലങ്ക ജയിക്കുകയോ സമനിലയിലാക്കുകയോ ചെയ്താൽ മാത്രമാകും ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാനാകുക. ബോർഡർ-ഗവാസ്‌കർ ട്രോഫി 2-2ന് സമനിലയിലാണ് പിരിയുന്നതെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണമാകും. ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ സീരിസ് 2-0 സ്വന്തമാക്കിയാലാകും ഇന്ത്യയുടെ സാധ്യത നിലനിൽക്കുക. ഇതോടൊപ്പം ഓസീസിനെതിരെ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0ത്തിന് എങ്കിലും വിജയിക്കുകയും വേണം. ഇനിയെങ്ങാനും ഓസീസിനെതിരെ പരമ്പര 3-2ന് ഇന്ത്യക്ക് നഷ്ടമായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് വിദൂര സാധ്യത മാത്രമാകും അവശേഷിക്കുക. അവസാന മത്സരം വരെ നീണ്ടുനിൽക്കുന്ന ക്ലൈമാക്‌സിനാകും ഇതോടെ ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിക്കുക. ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെതിരെ പരമ്പര 1-1 സമനില പിടിക്കുകയും ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരെ 1-1 സമനിലയിൽ പിരിയുകയും വേണം. ഇതിന് പുറമെ പ്രോട്ടീസുകാരെ പാകിസ്താനും 0-0ത്തിന് പിടിച്ചുകെട്ടണം. ഒടുവിൽ ശ്രീലങ്ക-ഓസീസ് പരമ്പരയും സമനിലയിൽ പിരിയണം.
വെള്ളിയാഴ്ച അഡ്‌ലൈഡ് ഓവലിൽ പകലും രാത്രിയുമായാണ് ഇന്ത്യ-ഓസീസ് രണ്ടാം ടെസറ്റിന് അരങ്ങൊരുങ്ങുക. ആദ്യ മാച്ചിലില്ലാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇലവനിലേക്ക് മടങ്ങിയെത്തുമ്പോൾ ഇന്ത്യയുടെ ബാറ്റിങ് ഓർഡർ എങ്ങനെയാകും. ആരാധകർ ഉറ്റുനോക്കുന്നതും ഇതാണ്. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ഇന്നലെ നടന്ന പിങ്ക്‌ബോൾ ടെസ്റ്റിൽ പെർത്തിലേതിന് സമാനമായി കെ.എൽ രാഹുലും യശസ്വി ജയ്‌സ്വാളുമായിരുന്നു ഓപ്പണിങ് റോളിൽ ഇറങ്ങിയത്. വൺഡൗണായി ശുഭ്മാൻ ഗിൽ ക്രീസിലെത്തിയപ്പോൾ നാലാമനായാണ് രോഹിത് ഇറങ്ങിയത്. മൂന്ന് റൺസെടുത്ത് മടങ്ങുകയും ചെയ്തു. നിലവിൽ മികച്ച ഫോമിലുള്ള രാഹുൽ-ജയ്‌സ്വാൾ ഓപ്പണിങ് സഖ്യം തുടരുമെന്ന സൂചന കൂടി നൽകുന്നതായിരുന്നു സന്നാഹ മത്സരത്തിലെ ബാറ്റിങ് ഓർഡർ. രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യ ആശങ്കപ്പെടുന്നതും രോഹിതിന്റെ ഫോം തന്നെയാണ്. എന്നാൽ എവിടെയും തിരിച്ചുവന്ന ചരിത്രമാണ് ഹിറ്റ്മാനുള്ളത്. പെർത്തിൽ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും മടങ്ങിയെത്തിയതുപോലെ അഡ്‌ലൈഡ് ഓവലിൽ രോഹിതിന്റെ സ്വപ്‌ന കംബാകിനാണ് ആരാധകർ കാത്തിരിക്കുന്നത്.