രക്ഷകനായി സൂര്യകുമാര്‍; വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ 238 റണ്‍സ്
43 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സൂര്യകുമാർ യാദവും കെ.എല്‍ രാഹുലും ചേര്‍ന്നാണ് ബേധപ്പെട്ട സ്കോറിലെത്തിച്ചത്
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബേധപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തിൽ 43 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അർധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും 49 റൺസെടുത്ത കെ.എൽ രാഹുലും ചേർന്നാണ് കരകയറ്റിയത്. 83 പന്തിൽ നിന്ന് സൂര്യകുമാർ യാദവ് 64 റൺസെടുത്തു.
അർധസെഞ്ച്വറിക്ക് ഒരു റൺസ് അകലെ കെ.എൽ രാഹുൽ റണ്ണൗട്ടാവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമക്ക് ഇന്ന് തിളങ്ങാനായില്ല. അഞ്ച് റൺസ് എടുത്ത രോഹിത് ശര്‍മയെ കെമര്‍ റോഷാണ് പുറത്താക്കിയത്. ഏകദിനത്തിൽ ആദ്യമായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത റിഷഭ് പന്തിനും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. പന്തും കോഹ്ലിയും 18 റൺസ് വീതമെടുത്ത് പുറത്തായി. വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡെയാന്‍ സ്മിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.