ഇത് പുതുചരിത്രം; എഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം
ഫൈനലിൽ 19 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്.
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ 19 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ സ്വർണമണിഞ്ഞാണ് ഇന്ത്യൻ വനിതകൾ അഭിമാനമുയർത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 116 റൺസ് നേടിയപ്പോൾ എതിരാളികളെ 97 റൺസിലൊതുക്കിയാണ് ഇന്ത്യയുടെ സ്വർണനേട്ടം. മലയാളി താരം മിന്നുമണിയും ടീമിൽ അംഗമായിരുന്നു.
46 റൺസ് നേടിയ സ്മൃതി മന്ദാനയും 42 റൺസ് നേടിയ ജെമീമ റോഡ്രിഗസും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസ് നേടിയ ശേഷം ഇന്ത്യയുടെ ബാറ്റിങ് തകരുകയായിരുന്നു. 89/1 എന്ന നിലയിൽനിന്ന് ടീം 116/7 എന്നതിലേക്ക് ഒതുങ്ങി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതാണ് ടീമിനെ പ്രതിരോധത്തിലാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 14 റൺസ് നേടുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. 28 റൺസ് കൂട്ടുകെട്ടുമായി നിലാക്ഷി ഡി സിൽവ - ഒഡാഷി രണസിംഗേ കുട്ടുകെട്ട് ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും പൂജ വസ്ട്രാക്കർ നിലാക്ഷിയുടെ വീഴ്ത്തിയുടെ ശ്രീലങ്കക്ക് രണ്ട് ഓവറിൽ 30 റൺസ് എന്ന നിലയിലേക്ക് വിജയലക്ഷ്യം മാറി. അവസാന ഓവറിൽ 25 റൺസ് വേണ്ടിയിരുന്ന ലങ്കക്ക് അഞ്ച് റൺസ് മാത്രമാണ് നേടാനായത്. ഇതോടെ 19 റൺസിന് ഇന്ത്യ വിജയം സ്വന്തമാക്കി.