90കളിൽ നിൽക്കുമ്പോഴും അവൻ ബൗണ്ടറിയടിക്കുന്നു, ഇതുപോലുള്ളവരെയാണ് വേണ്ടത്’’; സഞ്ജുവിനെ പുകഴ്ത്തി സൂര്യകുമാർ യാദവ്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലെ സഞ്ജു സാംസണിന്റെ സെഞ്ച്വറിക്ക് പിന്നാലെ പ്രശംസയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജുവിന്റെ 107 റൺസ് മികവിൽ ദക്ഷിണാഫ്രിക്കയെ 61 റൺസിന് തോൽപ്പിച്ചിരുന്നു.
മത്സരശേഷം സൂര്യകുമാർ പ്രതികരിച്ചതിങ്ങനെ: ‘‘കഴിഞ്ഞ പത്തുവർഷമായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് അവൻ ഭക്ഷിക്കുന്നത്. 90കളിൽ നിൽക്കുമ്പോഴും അവൻ ബൗണ്ടറിക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്. ടീമിന് വേണ്ടിയാണ് അവൻ കളിക്കുന്നത്. ഇതുപോലുള്ളവരെയാണ് ഞങ്ങൾക്ക് വേണ്ടത്’’-സൂര്യകുമാർ യാദവ് പ്രതികരിച്ചു.
സെഞ്ച്വറിക്ക് ശേഷം സൂര്യകുമാർ യാദവ് നൽകിയ പിന്തുണയെക്കുറിച്ച് സഞ്ജുവും വാചാലനായിരുന്നു. ‘‘ ഞാൻ ദുലീപ് ട്രോഫിയിൽ കളിക്കുകയായിരുന്നു. അന്ന് മറ്റൊരു ടീമിനായാണ് സൂര്യ മത്സരിച്ചത്. മത്സരത്തിനിടയിൽ സൂര്യ എന്നോട് പറഞ്ഞു -ചേട്ടാ.. അടുത്ത ഏഴ് മത്സരത്തിൽ നീ ഇന്ത്യക്കായി കളിക്കും. ഈ മത്സരങ്ങളിൽ ഓപ്പൺ ചെയ്യുക നീയാകും. എന്ത് സംഭവിച്ചാലും നിന്നെ ഞാൻ പിന്തുണക്കുമെന്നും സൂര്യ പറഞ്ഞു’’
‘‘ഇതെനിക്ക് കൃതൃത നൽകി. എന്റെ കരിയറിൽ ആദ്യമായാണ് എനിക്ക് ഇതുപോലൊരു കൃത്യക കിട്ടുന്നത്. ഇതെനിക്ക് ദൃഢനിശ്ചയംനൽകി. ഇത് മൈതാനത്തും കാര്യങ്ങൾ മാറ്റി’’ -സഞ്ജു പ്രതികരിച്ചു.
‘‘ മത്സരത്തിൽ നിലവിലുള്ള ഫോം പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. സ്വന്തം നേട്ടത്തിനേക്കാൾ ടീമിന് മുൻതൂക്കം നൽകുന്ന അഗ്രസീവ് ബാറ്റിങ്ങിനാണ് ശ്രമിച്ചത്. ഇത് ഒരുപാട് റിസ്കുള്ള സമീപനമാണ്. ചിലപ്പോൾ വിചാരിച്ച പോലെ നടക്കും. ചിലപ്പോൾ അങ്ങനെയാകില്ല. ഇന്ന് കാര്യങ്ങൾ നന്നായി നടന്നതിൽ സന്തോഷം’’ -സഞ്ജു പറഞ്ഞു.