സച്ചിനെയും കോഹ്ലിയേയും മറികടന്നു!! വമ്പന്‍ റെക്കോര്‍ഡില്‍ തൊട്ട് ഗുര്‍ബാസ്
ഗുര്‍ബാസിന്‍റെ സെഞ്ച്വറിക്കരുത്തില്‍ മൂന്നാം ഏകദിനം വിജയിച്ച അഫ്ഗാനിസ്താന്‍ ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കിയിരുന്നു
ലോക ക്രിക്കറ്റിൽ കഴിഞ്ഞ കുറേ വർഷങ്ങൾക്ക് മുമ്പ് വരെ ഇത്തിരിക്കുഞ്ഞന്മാർ എന്ന ടാഗ് ലൈനിലാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ. ടി20 ലോകകപ്പിൽ സെമി വരെ മാർച്ച് ചെയ്ത ടീം പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരെ വരെ പരമ്പര ജയം സ്വന്തമാക്കി. അഫ്ഗാന്റെ ഈ അതിശയക്കുതിപ്പുകൾക്ക് പിറകിൽ ചരടുവലിക്കുന്ന സുപ്രധാന താരങ്ങളിൽ ഒരാളാണ് റഹ്‌മാനുല്ല ഗുർബാസ്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ച്വറി കുറിച്ച ഗുർബാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വലിയ നാഴിക്കക്കല്ലിൽ തൊട്ടു. ഏകദിന ക്രിക്കറ്റിൽ എട്ട് സെഞ്ച്വറികൾ കുറിക്കുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കാണ് ഗുർബാസ് ഓടിക്കയറിയത്. മറികടന്നത് ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, ബാബർ അസം എന്നിവരെ.
22 വയസും 349 ദിവസവുമാണ് ഗുർബാസിന്റെ പ്രായം. ഏകദിന ക്രിക്കറ്റിൽ എട്ട് സെഞ്ച്വറികൾ കുറിക്കുമ്പോൾ സച്ചിന്റെ പ്രായം 22 വയസും 357 ദിവസവുമായിരുന്നു. വിരാട് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത് 23 വയസും 27 ദിവസവും പിന്നിട്ടപ്പോഴാണ്. ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ള പാക് താരം ബാബർ അസം 23 വയസും 280 ദിവസവും പ്രായമുള്ളപ്പോഴാണ് എട്ട് സെഞ്ച്വറി കുറിച്ചത്. പട്ടികയില്‍ ഗുർബാസിന് മുന്നിലുള്ളത് ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡിക്കോക്ക് മാത്രമാണ്. 22 വയസും 312 ദിവസവും പ്രായമുള്ളപ്പോഴാണ് ഡീക്കോക്ക് എട്ട് സെഞ്ച്വറി കുറിച്ചത്.
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ 120 പന്തിൽ നിന്ന് അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 101 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്. മത്സരത്തിൽ വിജയിച്ച അഫ്ഗാൻ ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കി.