ആസ്‌ത്രേലിയക്കെതിരായ പരമ്പര പാകിസ്താന്; ഓസീസ് മണ്ണിൽ പരമ്പര നേട്ടം 22 വർഷത്തിന് ശേഷം
പാക് പേസർമാരായ ഷഹീൻ ഷാ അഫ്രീദിയും നസിം ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി
പെർത്ത്: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി (2-1) പാകിസ്താൻ. പെർത്തിൽ നടന്ന മൂന്നാം ഏകദിനം എട്ട് വിക്കറ്റിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയയുടെ 140 റൺസിന്റെ ചെറിയ ടോട്ടൽ 26.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരാണ് ഓസീസിനെ തകർത്തത്. ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. 30 റൺസ് നേടിയ സീൻ അബോട്ടാണ് ഓസീസിന്റെ ടോപ് സ്‌കോറർ. 22 വർഷത്തിന് ശേഷമാണ് ഓസീസ് മണ്ണിൽ പാകിസ്താൻ പരമ്പര സ്വന്തമാക്കുന്നത്.
മറുപടി ബാറ്റിങിൽ മികച്ച തുടക്കമാണ് പാകിസ്താന് ലഭിച്ചത്. ഓപ്പണിങ് സഖ്യമായ സെയിം അയൂബ് (42) അബ്ദുള്ള ഷെഫീഖ് (37) 84 റൺസ് കൂട്ടിചേർത്തു. ഇരുവരേയും ഒരോവറിൽ ലാൻസ് മോറിസ് പുറത്താക്കിയെങ്കിലും ബാബർ അസമും മുഹമ്മദ് റിസ്‌വാനും ചേർന്ന് അനായാസ ജയമൊരുക്കി. ബാബർ 28 റൺസും റിസ്‌വാൻ 30 റൺസുമായി പുറത്താകാതെ നിന്നു. പുതിയ ക്യാപ്റ്റനായി റിസ്‌വാനെ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പരമ്പരയാണിത്.
നേരത്തെ ഓസീസ് തുടക്കം പാളിയിരുന്നു. ഓപ്പണർ ജേക് ഫ്രേസർ മക്ഗുർക് (7) തുടക്കത്തിൽ തന്നെ വീണു. ആരോൺ ഹാർഡി (12), ജോഷ് ഇൻഗ്ലിസ് (7) എന്നിവരും പുറത്തായതോടെ ആതിഥേയർ 56-3 എന്ന നിലയിലായി. ഗ്ലെൻ മാക്സ്വെൽ പൂജ്യത്തിന് മടങ്ങി. മാർകസ് സ്റ്റോയിനിസിനും (8) തിളങ്ങാനായില്ല. വാലറ്റത്തെ കൂട്ടുപിടിച്ച് അബോട്ട്(30) നടത്തിയ ചെറുത്തുനിൽപ്പാണ് 140ൽ എത്തിച്ചത്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഓസീസ് പാകിസ്താനെതിരെ കളിക്കാനിറങ്ങിയത്.