ഗാബ മുതല്‍ പെര്‍ത്ത് വരെ; മൈതാനത്തിന് തീപിടിപ്പിച്ച വാക്പോരുകള്‍
പെർത്തിൽ ഇന്ത്യ ഐതിഹാസിക വിജയം കുറിച്ച് കഴിയുമ്പോഴേക്കും വാക്‌പോരുകൾ പലതും പരമ്പരക്ക് ചൂടേറ്റി മൈതാനത്ത് അരങ്ങേറിക്കഴിഞ്ഞിരുന്നു
പെർത്ത് ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ്. കങ്കാരുക്കളുടെ ബോളിങ് ഡിപ്പാർട്ട്‌മെന്റിന്റെ തല മിച്ചൽ സ്റ്റാർക്കെറിഞ്ഞ 19ാം ഓവർ. യശസ്വി ജയ്‌സ്വാളാണ് ക്രീസിൽ. 141 കിലോമീറ്റർ വേഗതയിൽ വന്നൊരു തീപ്പന്തിനെ മനോഹരമായി പ്രതിരോധിച്ച ശേഷം മുഖത്തൊരു ചിരിയോടെ തന്നെ നോക്കി നിന്ന സ്റ്റാർക്കിനോട് ജയ്‌സ്വാളിന്റെ കമന്റ് ഇങ്ങനെ. 'പന്തിന് വേഗം പോരല്ലോ'. തൊട്ട് തലേന്ന് തന്നെ വിറപ്പിച്ചൊരു വേഗപ്പന്തെറിഞ്ഞ ഹർഷിത് റാണയോട് നിന്നെക്കാൾ വേഗത്തിൽ എനിക്ക് പന്തെറിയാൻ കഴിയുമെന്ന കാര്യം മറക്കേണ്ടെന്ന സ്റ്റാർക്കിന്റെ കമന്റിന് ഗ്രൗണ്ടിൽ റിപ്ലെ നൽകിയത് 22 കാരൻ ജയ്‌സ്വാളാണ്.
ഇത് മുൻ ഓസീസ് താരങ്ങളിൽ ചിലരെ ചൊടിപ്പിച്ചു. മിച്ചൽ ജോൺസൺ ഒരു യുദ്ധത്തിന് ഒരുങ്ങാനാണ് ഓസീസ് താരങ്ങൾക്ക് നിർദേശം നൽകിയത്. ''ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് കളിക്കുന്നൊരു 22 കാരൻ പയ്യൻ നമ്മുടെ തിരുമുറ്റത്ത് വച്ച് നമ്മുടെ മുഖത്ത് നോക്കി സ്റ്റാർക്കിന്റെ പന്തിന് വേഗം പോരെന്ന് പറഞ്ഞ് വെല്ലുവിളിച്ചിരിക്കുന്നു. ഓസ്‌ത്രേലിയൻ ബാറ്റർമാർ കുറച്ചു കൂടി അഗ്രസീവായി ക്രീസിൽ നിലയുറപ്പിക്കണം. ഒരു യുദ്ധത്തിനെന്ന പോലെ രണ്ടാം ടെസ്റ്റിന് ഒരുങ്ങിക്കൊള്ളുക.'' ജോൺസൺ പറഞ്ഞുവച്ചു.
രണ്ടരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് ബോർഡർ ഗവാസ്‌കർ ട്രോഫിക്ക്. ചിലപ്പോഴൊക്കെയവ മൈതാനങ്ങളിലൊരു മഹായുദ്ധമായി പരിവർത്തിക്കപ്പെടാറുണ്ട്. പന്തും ബാറ്റും തമ്മിൽ ഏറ്റുമുട്ടുന്ന അതേ ശൗര്യത്തിൽ വാക്‌പോരുകൾ പരമ്പരകൾക്ക് മുമ്പേ മൈതാനത്തിന് പുറത്ത് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടാവും. പിന്നെ അത് മൈതാനത്തേക്ക് കൂടെ പടരും. വെല്ലുവിളികൾ, മറുപടികൾ, പരിഹാസങ്ങൾ, വാഗ്വാദങ്ങൾ, ഇവയെ ഒക്കെ അപ്രസക്തമാക്കി ഒടുക്കം 22 വാര പിച്ചിൽ ചീറിപ്പായുന്ന പന്തുകൾ. അവ അതിർത്തി കടക്കുമ്പോൾ ഗാലറിയിൽ ഉയരുന്ന ആരവങ്ങൾ.
പെർത്തിൽ ഇന്ത്യ ഐതിഹാസിക വിജയം കുറിച്ച് കഴിയുമ്പോഴേക്കും വാക്‌പോരുകൾ പലതും പരമ്പരക്ക് ചൂടേറ്റി മൈതാനത്ത് അരങ്ങേറിക്കഴിഞ്ഞിരുന്നു. ആദ്യ കൊമ്പുകോർത്തത് മുഹമ്മദ് സിറാജും-മാർനസ് ലബുഷെയ്നും. അധിക പ്രതിരോധത്തിന്റെ മാളത്തിലൊളിച്ച് ഇന്ത്യൻ പേസർമാരെ വെല്ലുവിളിച്ച ലബുഷെയ്‌നെ വീഴ്ത്തി സിറാജിന്റെ കംബാക്ക്. കൊണ്ടുംകൊടുത്തും മുന്നേറിയ പെര്‍ത്ത് ടെസ്റ്റിന്റെ നാലാംദിനത്തിലും വാഗ്വാദത്തിന് കുറവുണ്ടായില്ല.
ഇത്തവണ ഹർഷിത് റാണയും ട്രാവിസ് ഹെഡ്ഡുമാണ് ഏറ്റുമുട്ടിയത്. ഇന്ത്യൻ വിജയത്തെ നീട്ടികൊണ്ടുപോയി ക്രീസിൽ തുടർന്ന ഹെഡ്ഡ് തുടരെ ബൗണ്ടറിയുമായി ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. '' മികച്ച ബൗളർമാരെ നിങ്ങൾ നേരിട്ടിട്ടില്ലെന്ന് റാണയുടെ കമന്റ്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ കണ്ടിട്ടുണ്ട് എന്നായിരുന്നു ഹെഡ്ഡിന്‍റെ മറുപടി. ഏറെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഹെഡ്ഡിനെ മികച്ചൊരു ലെങ്ത് ബോളിൽ വീഴ്ത്തി ബുറയുടെ തിരിച്ചുവരവ്. പതിവില്ലാത്തവിധമാണ് ഈ വിക്കറ്റ്‌നേട്ടം ബുംറ ആഘോഷിച്ചത്.
2021. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട വർഷമാണ്. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ കളിയിൽ പരാജയപ്പെട്ടിട്ടും ഗാബയിലെ ഐതിഹാസിക വിജയത്തിലൂടെ പരമ്പര സ്വന്തമാക്കിയ സുവർണ വർഷം. സിഡ്‌നിയിൽ അരങ്ങേറിയ മൂന്നാം ടെസ്റ്റ് ഇന്ത്യക്കും ഓസ്‌ത്രേലിയക്കും ഏറെ നിർണായകമായിരുന്നു. ഒരൊറ്റ തോൽവി. ഇന്ത്യയുടെ കയ്യിൽ നിന്ന് പരമ്പര വഴുതിപ്പോവാൻ അതുമതി. അവസാന ദിവസം സിഡ്‌നിയിൽ രണ്ട് വന്മതിലുകൾ രൂപം കൊണ്ടു. ആർ അശ്വിനും ഹനുമ വിഹാരിയും. പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും അശ്വിൻ വിഹാരി കൂട്ടുകെട്ട് പൊളിക്കാൻ ഓസീസ് നിരയിലെ പേരുകേട്ട ബോളർമാർക്കായില്ല. വെറും 62 റൺസായിരുന്നു ആ കൂട്ടുകെട്ടിൽ ആകെ പിറന്നത്. എന്നാൽ ഇരുവരും ക്രീസിൽ പ്രതിരോധിച്ചതാവട്ടെ 256 പന്തുകൾ. 128 പന്തുകൾ വീതം അശ്വിനും വിഹാരിയും നേരിട്ടു.
പന്ത് കൊണ്ട് അശ്വിനെ വീഴ്ത്താനാവാതിരുന്ന ഓസീസ് നായകൻ ടിം പെയിൻ ഒടുവിൽ ഒരു വാക് പോരിന് തയ്യാറെടുത്തു. ഒരുപാട് കാത്തിരിക്കാൻ വയ്യ അശ്വിൻ. ''നിന്നെ ഞങ്ങൾക്ക് ഗാബയിൽ കിട്ടണം'' എന്നായിരുന്നു വിക്കറ്റിന് പിന്നിൽ നിന്ന് കൊണ്ട് ഓസീസ് നായകന്റെ കമന്റ്. ഉടൻ അശ്വിന്റെ മറുപടിയെത്തി. ''നിങ്ങളെ ഇന്ത്യയിൽ കിട്ടാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്. അത് നിങ്ങളുടെ അവസാന പരമ്പരയായിരിക്കും'' വാക്ക് കൊണ്ടും പന്ത് കൊണ്ടും ഗ്രൗണ്ടിൽ അശ്വിനെ വീഴ്ത്താനാവാതിരുന്ന ഓസീസിന് ഒടുക്കം സിഡ്‌നിയിൽ സമനില വഴങ്ങേണ്ടി വന്നു.
ഗാബയിൽ പോരിനിറങ്ങുമ്പോൾ അമിതാത്മവിശ്വാസത്തിന്റെ അറ്റത്തായിരുന്നു ഓസീസ്. പതിറ്റാണ്ടുകളായി തങ്ങളുടെ ക്രിക്കറ്റ് പ്രതാഭത്തെ കോട്ടകെട്ടിയവർ കാത്തിരുന്നത് ഗാബയുടെ മണ്ണിലാണ്. ഓസീസ് മണ്ണിൽ പോരിനിറങ്ങിയ ഒരു ടീമിന് പോലും ഗാബയിൽ ആതിഥേയരെ പരാജയപ്പെടുത്താനായിരുന്നില്ല. ടിം പെയിൻ അശ്വിനോട് നടത്തിയ വെല്ലുവിളി പോലും ഈ ചരിത്രം നൽകിയ കോൺഫിഡൻസിലാണ്. ഒടുവിൽ ചേതേശ്വർ പൂജാരയും ഋഷഭ് പന്തും ചേർന്ന് ആ ഹുങ്കിന്റെ മുരടറുത്തു. നവ്ദീപ് സൈനിയെ നോൺ സ്‌ട്രൈക്കിങ് എന്റിൽ നിർത്തി ജോഷ് ഹേസൽവുഡിനെ ലോങ് ഓഫിലൂടെ അതിർത്തി കടത്തി ഋഷഭ് പന്തെന്ന 24 കാരൻ ഗാബയെന്ന ഓസീസിന്റെ ഉരുക്കു കോട്ട പൊളിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ എത്ര ചരിത്ര വിജയങ്ങൾ കുറിച്ചാലും ഗാബയിലെ ഐതിഹാസിക വിജയത്തിന്‍റെ തട്ട് താണ് തന്നെയായിരിക്കും എന്നാരാധകർ ഇപ്പോഴും ഏറെ ആവേശത്തിൽ പറയാറുണ്ട്.
2018-19 വർഷം അരങ്ങേറിയ ബോർഡർ ഗവാസ്‌കർ ട്രോഫിയിലും ഓസീസ് നായകൻ ടിം പെയിൻ ഇന്ത്യൻ താരങ്ങൾക്ക് നേരെ സ്ലഡ്ജിങ്ങുമായി രംഗത്തെത്തിയിരുന്നു. ഋഷഭ് പന്തിനെതിരെ അന്ന് പെയിന്‍ നടത്തിയ ബേബി സിറ്റിങ് പ്രയോഗം വാര്‍ത്തകളില്‍ ഇടംപിടിച്ചു. റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നതിനിടെ. 'തന്റെ വീട്ടിലേക്ക് പോരുന്നോ എന്നും, മക്കളുടെ അടുത്ത് അവരെ നോക്കി ഇരിക്കുകയാണെങ്കിൽ തനിക്കും ഭാര്യക്കും പുറത്ത് പോയി വരാമായിരുന്നു എന്നുമാണ് പെയ്ൻ വിക്കറ്റിന് പിന്നില്‍ നിന്ന് പന്തിനോട് പറഞ്ഞത്.
തുടർന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി ഇരു ടീമുകൾക്കുമായി നടത്തിയ ഒരു വിരുന്നിനിടെ ടിം പെയ്നിന്റെ ഭാര്യ ബോണി പെയിനിനൊപ്പം അവരുടെ കുട്ടികളെ എടുത്ത് നിൽക്കുന്ന ഫോട്ടോക്ക് പോസ് ചെയ്തായിരുന്നു പന്ത് സ്ലെഡ്ജിംഗിന് മറുപടി നൽകിയത്. ‘ബെസ്റ്റ് ബേബി സിറ്റർ’ എന്ന തലക്കെട്ടോടെ ബോണി പെയ്ൻ തന്നെ ഇത് ഷെയർ ചെയ്തതോടെ സമൂഹ മാധ്യമങ്ങൾ സംഭവം ശരിക്കും ആഘോഷിച്ചു. ബേബി സിറ്റര്‍ പ്രയോഗത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് വിരേന്ദര്‍ സെവാഗ് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചതും പിന്നീട് വാര്‍ത്തകളില്‍ ഇടംപിടിച്ചു.
2007 - 2008 പരമ്പരയിലെ മങ്കി ഗേറ്റ് വിവാദം. 2016 -17 പരമ്പരയില്‍ സ്റ്റീവ് സ്മിത്തിന്‍റെ ബാറ്റിങ് ശൈലിയെ പരിഹസിച്ച ഇശാന്ത് ശര്‍മ, വിരാട് കോഹ്ലി- ടിം പെയിന്‍ സ്ലഡ്ജിങ്ങുകള്‍ അങ്ങനെയങ്ങനെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയുടെ ചരിത്രത്തോടൊപ്പം തന്നെ വാക്പോരുകളുടെ ചരിത്രവും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.