'ഫിറ്റ്‌നസ് നിലനിർത്താനാകുന്നു'; അടുത്ത ഐ.പി.എല്ലിലും കളിക്കുമെന്ന് സൂചന നൽകി ധോണി

അൺക്യാപ്ഡ് പ്ലെയറായി ധോണിയെ സി.എസ്.കെ നിലനിർത്തുമെന്ന സൂചന നിലനിൽക്കെയാണ് പ്രതികരണം

Update: 2024-10-26 15:48 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: ഇതായിരിക്കുമോ എം.എസ് ധോണിയുടെ അവസാന ഐ.പി.എൽ സീസൺ. ഓരോ പ്രീമിയർ ലീഗിന് ശേഷവും ഉയർന്നുവരുന്ന ചോദ്യമാണിത്. എന്നാൽ വിരമിക്കൽ അഭ്യൂഹം തള്ളി തൊട്ടടുത്ത വർഷവും ചെന്നൈ സൂപ്പർ കിങ്‌സ് നിരയിൽ ധോണി കളിക്കുന്നു. 2025 സീസണിന് മുന്നോടിയായി ഐ.പി.എൽ താരലേലം നടക്കാനിരിക്കെ വീണ്ടും ധോണിയുണ്ടാകുമോയെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. ഇക്കാര്യത്തിൽ മറുപടിയുമായെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ. കുറച്ച് വർഷങ്ങൾക്കൂടി ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ താരം അടുത്ത സീസണിലുണ്ടാകുമെന്ന സൂചന നൽകി. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് മഹേന്ദ്ര സിങ് ധോണി മനസ് തുറന്നത്.

'ഒമ്പത് മാസം കായികക്ഷമത സൂക്ഷിക്കാനായി പരിശ്രമിക്കുന്നു. അതുകൊണ്ട് രണ്ടര മാസത്തെ ഐപിഎൽ കളിക്കാൻ എനിക്ക് കഴിയും. ഒരുമാസം 15 മുതൽ 20 ദിവസം ഫിറ്റ്‌നസ് നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നു. അത് വലിയതോതിൽ ഗുണം ചെയ്യുന്നുണ്ടെന്നും സി.എസ്.കെ താരം വ്യക്തമാക്കി. ആരാധകർക്ക് ആവേശം നൽകുന്നതാണ് താരത്തിന്റെ ഈ തീരുമാനം.

അതേസമയം, നിലനിർത്തേണ്ട താരങ്ങളുടെ ലിസ്റ്റ് ഈമാസം 31ന് മുൻപായി ഓരോ ഫ്രാഞ്ചൈസിയും ഐ.പി.എൽ ഗവേണിങ് കൗൺസിലിനെ അറിയിക്കേണ്ടതുണ്ട്. ഇത്തവണ അൺക്യാപ്ഡ് താരങ്ങളുടെ നിയമത്തിൽ ബി.സി.സി.ഐ മാറ്റംവരുത്തിയതിനാൽ ധോണിയെ ഈ കാറ്റഗറിയിൽ നിലനിർത്താൻ ചെന്നൈക്കാകും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായ താരങ്ങളെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളായി ടീമിൽ നിലനിർത്താനുള്ള അവസരമാണ് ഒരുങ്ങിയത്. നാല് കോടിയാണ് അൺക്യാപ്ഡ് പ്ലെയറുടെ അടിസ്ഥാനതുക. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും വിക്കറ്റ്കീപ്പർ ബാറ്ററായി ടീമിൽ തുടർന്നിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News