മുംബൈ ഇന്ത്യൻസിനെ കറക്കി വീഴ്ത്തി റാഷിദും നൂറും ; തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്
നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്തായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. എന്നാൽ നൂർ, നാല് ഓവർ എറിഞ്ഞെങ്കിലും 37 റൺസ് വഴങ്ങേണ്ടി വന്നു
അഹമ്മദാബാദ്: അഫ്ഗാൻ സ്പിൻ ബൗളർമാരായ നൂർ അഹമ്മദിനും റാഷിദ് ഖാനും മുന്നിൽ മുംബൈ ഇന്ത്യൻസ് തകർന്നു. ഇരുവരും ചേർന്ന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയം 55 റൺസിനായിരുന്നു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഗുജറാത്ത് ടൈറ്റൻസ്: 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207, മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 152.
മുംബൈ ഇന്ത്യൻസിന്റെ മുൻനിരയേയാണ് നൂറും റാഷിദ് ഖാനും ചേർന്ന് തള്ളിയിട്ടത്. അതിന് മുമ്പെ നായകൻ രോഹിത് ശർമ്മയെ(2) ഹാർദിക് പാണ്ഡ്യ പറഞ്ഞയച്ചിരുന്നു. ഇഷാൻ കിശൻ(13)കാമറൂൺ ഗ്രീൻ(33) തിലക് വർമ്മ(2)സൂര്യകുമാർ യാദവ്(23) ടിം ഡേവിഡ്(0) എന്നിവരാണ് സ്പിന്നർമാർക്ക് മുന്നിൽ വീണത്. നെഹാൽ വദേരയാണ്(40) മുംബൈയുടെ ടോപ് സ്‌കോറർ. നൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ നേടിയത് രണ്ട് വിക്കറ്റുകള്‍. മോഹിത് ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു.
നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്തായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. എന്നാൽ നൂർ, നാല് ഓവർ എറിഞ്ഞെങ്കിലും 37 റൺസ് വഴങ്ങേണ്ടി വന്നു. സൂര്യകുമാർ യാദവ് 'ചൂടിൽ' നിൽക്കുമ്പോഴായിരുന്നു നൂറിന് റൺസ് കൊടുക്കേണ്ടി വന്നത്. എന്നാൽ ഇതെ സൂര്യകുമാറിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കാനും നൂറിനായി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗിൽ 56 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ അവസാനത്തിൽ മില്ലർ (22 പന്തിൽ 46) അഭിനവ് മനോഹർ(21 പന്തിൽ 42) രാഹുൽ തെവാട്ടിയ(5 പന്തിൽ 20) എന്നിവരുടെ തീപ്പൊരി ബാറ്റിങാണ് ഗുജറാത്ത് സ്‌കോർ 200 കടത്തിയത്. ഗുജറാത്തിനായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റെ ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ സൂപ്പര്‍കിങ്സാണ് ഒന്നാം സ്ഥാനത്ത്.