ഒരു മര്യാദയൊക്കെ വേണ്ടേ; പരിശീലനത്തിനെത്താതെ ഉഴപ്പി നടന്ന പൃഥ്വി ഷായെ പുറത്താക്കി മുംബൈ
മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടേതിന് സമാനമായി കരിയർ സ്വയം നശിപ്പിക്കുകയാണെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു
മുംബൈ: പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തിയ മുംബൈ താരം പൃഥ്വി ഷാക്കെതിരെ അച്ചടക്ക നടപടി. ത്രിപുരക്കെതിരായ രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള ടീമിൽ നിന്നാണ് ഐ.പി.എൽ ഡൽഹി ക്യാപിറ്റൽസ് വെടിക്കെട്ട് ബാറ്ററെ മാറ്റിനിർത്തിയത്. അമിതവണ്ണം ഉൾപ്പെടെയുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങളും താരത്തിന്റെ പുറത്താകലിന് കാരണമായി. ഇന്ത്യൻ ടീമിന്റെ ഭാവി താരമെന്ന വിശേഷണത്തിന് അർഹനായ താരമാണ് ഷാ. എന്നാൽ പ്രതിഭയെ സ്വയം നശിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പോസ്റ്റിട്ടു.
മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുമായാണ് പലരും യുവതാരത്തെ താരതമ്യം ചെയ്യുന്നത്. സച്ചിൻ ടെണ്ടുൽക്കറിനൊപ്പം ക്രിക്കറ്റ് കളിച്ചുതുടങ്ങിയ കാംബ്ലി തുടക്കത്തിൽ മിന്നും ഫോമിൽ ബാറ്റുവീശി. എന്നാൽ പിൽകാലത്ത് ധൂർത്തടിച്ചും അച്ചടക്കമില്ലായ്മയും കാരണം ക്രിക്കറ്റ് കരിയർ സ്വയം നശിപ്പിക്കുകായയിരുന്നു. ഈ ഗതി വരാതിരിക്കാൻ പൃഥ്വി ഷാ സ്വയംമാറണമെന്ന് നിരവധി പേർ പോസ്റ്റിട്ടു.
പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തിയ ഷായുടെ നടപടിയിൽ ക്യാപ്റ്റൻ അജിൻക്യ രഹാനെക്കും ടീം മാനേജ്‌മെന്റിനും കടുത്ത അതൃപ്തിയുണ്ടായിരുന്നു. പരിശീലനം ആവശ്യമില്ലെന്ന തരത്തിലായിരുന്നു യുവ താരത്തിന്റെ നടപടി. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കൂർ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളും മുംബൈക്കായി രഞ്ജി കളിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിൽ മുംബൈക്കായി കളത്തിലിറങ്ങിയ പൃഥ്വി ഷാക്ക് ഫോമിലേക്കുയരാനായില്ല. രണ്ടിന്നിങ്‌സിലുമായി 19 റൺസാണ് സമ്പാദ്യം. ഇന്ത്യക്കായി അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20 മത്സരവും പൃഥ്വി ഷാ കളിച്ചിട്ടുണ്ട്. വിരേന്ദ്രർ സേവാഗിന്റെ ബാറ്റിങുമായി സമാനതയുള്ള യുവതാരം പവർഹിറ്ററായി അതിവേഗം ഐ.പി.എല്ലിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.