മഴയും ഇടിമിന്നലും തുടരുന്നു; ഐ.പി.എല്‍ ഫൈനല്‍ വൈകും
അഹമ്മദാബാദില്‍ കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും എത്തി. ഇടക്ക് മഴ തോര്‍ന്നെങ്കിലും വീണ്ടും പെയ്തു
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മഴമൂലം വൈകുന്നു. 7.30ന് ആരംഭിക്കേണ്ട മത്സരത്തിന്റെ ടോസ് പോലും ഇട്ടിട്ടില്ല. അഹമ്മദാബാദില്‍ കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും എത്തി. ഇടക്ക് മഴ തോര്‍ന്നെങ്കിലും വീണ്ടും പെയ്തു. ഇപ്പോ മഴക്ക് ശമനമുണ്ടെങ്കിലും വീണ്ടും പെയ്യാനുള്ള സാധ്യതയുണ്ട്. മഴ തോര്‍ന്നതിന് പിന്നാലെ ഗ്രൌണ്ടിലെ വെള്ളം കളയുന്നതിനുള്ള ജോലികളും പുരോഗമിക്കുന്നുണ്ട്.
അഞ്ച് ഓവര്‍ വീതമുള്ള കളിയെങ്കിലും നടക്കാതെ വന്നാല്‍ മാത്രമേ ഫൈനലിന്‍റെ കാര്യത്തില്‍ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കുകയുള്ളൂ. തിങ്കളാഴ്ചയാണ് റിസര്‍വ് ഡേ. ഇരു ടീമുകള്‍ക്കും അഞ്ച് ഓവര്‍ കളിക്കാന്‍ പറ്റാത്ത നിലയിലാണെങ്കിലെ റിസര്‍വ് ഡേയിലേക്ക് എത്തൂ. ഇനി മഴമൂലം തടസ്സപ്പെട്ടാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് ആധികമായി ലഭ്യമാകുകയും ചെയ്യും. അതേസമയം ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗുജറാത്തിന് ചെന്നൈയുടെ ശക്തമായ ബാറ്റിങ് നിരയെയും ക്യാപ്റ്റൻ ധോണിയുടെ തന്ത്രങ്ങളെയും മറികടക്കാനാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കുന്നത്.
എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവച്ചത്. ബാറ്റിങ് മികവിൽ ശുഭ്മാൻ ഗില്ലെന്ന ഒറ്റയാൾ പോരാളി നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.ബാറ്റിങ് പോലെ ശക്തമാണ് ഗുജറാത്തിന്റെ ബൗളിങ് നിരയും. മുഹമ്മദ് ഷമിയും മോഹിത് ശർമയും റാഷിദ് ഖാനും ഗുജറാത്തിന് പ്രതീക്ഷയേകുന്നു . ഹർദിക് പാണ്ഡ്യയോ എം.എസ് ധോണിയോ? ഐ.പി.എൽ പതിനഞ്ചാം സീസണിൽ ആര് കപ്പുയർത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.