ഡികോക്കിന്റെ ചിറകിലേറി കൊൽക്കത്ത; രാജസ്ഥാന് രണ്ടാം തോൽവി


ഗുവാഹത്തി: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 151 റൺസ് പിന്തുടർന്ന കൊൽക്കത്ത 17.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടിയെടുത്തു. 61 പന്തുകളിൽ 97 റൺസുമായി ക്രീസിലുറച്ച ക്വിന്റൺ ഡികോക്കാണ് കൊൽക്കത്തയുടെ ജയം എളുപ്പമാക്കിയത്. രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ 151 റൺസാണുയർത്തിയത്. 11 പന്തുകളിൽ 13 റൺസെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. വൈഭവ് അറോറയുടെ പന്തിൽ ക്ലീൻ ബൗൾഡായായിരുന്നു സഞ്ജുവിന്റെ മടക്കം. യശസ്വി ജയ്സ്വാൾ (29), റ്യാൻ പരാഗ് (25), ധ്രുവ് ജുറേൽ (33) എന്നിവരാണ് രാജസ്ഥാനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. കൊൽക്കത്തക്കായി വൈഭവ് അറോറ, ഹർഷിത് റാണ, മുഈൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കവും മെല്ലെയായിരുന്നു. അസുഖം കാരണം പുറത്തിരുന്ന സുനിൽ നരൈന് പകരമെത്തിയ മുഈൻ അലി 12 പന്തിൽ അഞ്ചുറൺസുമായി ആദ്യം പുറത്തായി. വൈകാതെ 18 റൺസുമായി അജിൻക്യ രഹാനെയും പുറത്ത്. എന്നാൽ ഒരുവശത്ത് നങ്കൂരമിട്ട ക്വിന്റൺ ഡികോക്ക് കരുതലോടെ ബാറ്റുചെയ്തും ആവശ്യഘട്ടങ്ങളിൽ സ്കോർ ചെയ്തും കൊൽക്കത്തയെ സുരക്ഷിത തീരത്തെത്തിച്ചു.
പേസ് ബൗളർ ഫസൽ ഹഖ് ഫാറൂഖിക്ക് പകരം ലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്കയെ ഉൾപ്പെടുത്തിയാണ് രാജസ്ഥാൻ കളിക്കിറങ്ങിയത്.