'സഞ്ജു ഭയ്യാ ഞാനൊന്നു സിക്‌സറടിക്കട്ടെ'; റിയാന്‍ പരാഗിന്റെ ഇന്നിങ്‌സ് മാറ്റിമറിച്ചത് ഇങ്ങനെ
സഞ്ജു മറുവശത്ത് ഇല്ലായിരുന്നുവെങ്കില്‍ ആദ്യം തന്നെ താന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമായിരുന്നു. അത് ഒരുപക്ഷേ എന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുമായിരുന്നു.
ജയ്പൂര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്റെ ഇന്നിങ്‌സില്‍ വരുത്തിയ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി സഹതാരം റിയാന്‍ പരാഗ്. സഞ്ജുവിനൊപ്പം ചേര്‍ന്ന് 29 പന്തില്‍ 43 റണ്‍സ് നേടിയ പരാഗിന്റെ ഇന്നിങ്‌സ് 193 റണ്‍സിന്റെ വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു. ക്രീസില്‍ നില്‍ക്കെ സഞ്ജു നല്‍കിയ നിര്‍ദേശങ്ങള്‍ കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കിയെന്ന് പറയുകയാണ് മത്സരശേഷം 22കാരന്‍.
ആദ്യമൊക്കെ സിംഗിളുകള്‍ എടുത്താണ് താനും സഞ്ജുവും മുന്നേറിയത്. ഞാനൊരു സിക്‌സര്‍ അടിക്കട്ടേയെന്ന് സഞ്ജുവിനോട് ചോദിച്ചു. എന്നാല്‍ പലതവണ ചോദിച്ചിട്ടും സഞ്ജു ഭയ്യ തന്നെ തടയുകയാണ് ചെയ്തത്. ഈ വിക്കറ്റില്‍ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു റോയല്‍ ക്യാപ്റ്റന്‍ നല്‍കിയ മറുപടി.
സഞ്ജു മറുവശത്ത് ഇല്ലായിരുന്നുവെങ്കില്‍ ആദ്യം തന്നെ താന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമായിരുന്നു. അത് ഒരുപക്ഷേ എന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുമായിരുന്നു. മോശം പ്രകടനമാണെങ്കില്‍ നാളെ അവസരം ലഭിച്ചേക്കില്ല. സഞ്ജു പറയുന്നതനുസരിച്ച് കളിമാറ്റിയതുകൊണ്ടാണ് മൂന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായതെന്നും പരാഗ് പറഞ്ഞു. മത്സരത്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 29 പന്തില്‍ 43 റണ്‍സാണ് പരാഗ് നേടിയത്. ബാറ്റിങിന് പുറമെ ഫീല്‍ഡിങിലും യുവതാരം രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയിരുന്നു.