'സർഫറാസ് നിരന്തരം ശല്യപ്പെടുത്തുന്നു'; ബാറ്റിങിനിടെ അമ്പയറോട് പരാതി പറഞ്ഞ് മിച്ചൽ

സർഫറാസ് നിരന്തരം സംസാരിക്കുന്നത് ശ്രദ്ധതെറ്റിക്കുന്നുവെന്നാണ് ന്യൂസിലാൻഡ് താരത്തിന്റെ വാദം

Update: 2024-11-01 13:24 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ നാടകീയ സംഭവം. ആദ്യ ഇന്നിങ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ കിവീസ് താരം ഡാരിൽ  മിച്ചലാണ് സർഫറാസ് ഖാനെതിരെ അമ്പയറോട് പരാതി പറഞ്ഞത്. സില്ലി പോയന്റ് ഫീൽഡറായ സർഫറാസ് നിരന്തരം സംസാരിക്കുന്നതായും ഇത് കാരണം ശ്രദ്ധയോടെ ബാറ്റ് ചെയ്യാനാകുന്നില്ലെന്നാണ് പരാതി പറഞ്ഞത്.. തൊട്ടടുത്ത് ഫീൽഡ് ചെയ്യവെ ഇങ്ങനെ സംസാരിക്കുന്നത് ശല്യമാണെന്നാണ് മിച്ചലിന്റെ വാദം. തുടർന്ന് അമ്പയർ സർഫറാസിനെ താക്കീത് ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. 82 റൺസെടുത്ത ഡാരിൽ മിച്ചൽ കിവീസ് നിരയിലെ ടോപ് സ്‌കോററാണ്. വാഷിങ്ടൺ സുന്ദറിന്റെ ഓവറിൽ രോഹിത് ശർമക്ക് ക്യാച്ച് നൽകി ഒൻപതാമനായാണ് താരം ക്രീസ് വിട്ടത്.

 ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 235നെതിരെ ഇന്ത്യ ഒന്നാംദിനം കളിഅവസാനിക്കുമ്പോൾ നാലിന് 86 എന്ന നിലയിലാണ്. ശുഭ്മാൻ ഗിൽ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസിൽ. കിവീസിന് വേണ്ടി അജാസ് പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശർമ(18), യശസ്വി ജയ്‌സ്വാൾ(30), മുഹമ്മദ് സിറാജ്(0), വിരാട് കോഹ് ലി(4) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകർത്തത്. വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റ് നേടി.ഡാരിൽ മിച്ചൽ (82), വിൽ യംഗ് (71) എന്നിവർ അർധസെഞ്ച്വറി നേടി.

സ്‌കോർബോർഡിൽ 25 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മാറ്റ് ഹെൻട്രിയുടെ ഓവറിൽ ടോം ലഥാമിന് ക്യാച്ച് നൽകി ക്യാപ്റ്റൻ രോഹിത് ശർമ(18)പവലിയനിലേക്ക് നടന്നു. തുടർന്ന് ക്രീസിലെത്തിയ ഗിൽ- യശസ്വി ജയ്‌സ്വാൾ (30) കൂട്ടുകെട്ട് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 53 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. എന്നാൽ ജയ്‌സ്വാളിനെ ക്ലീൻബൗൾഡാക്കി അജാസ് പട്ടേൽ കിവീസിന് ബ്രേക്ക് ത്രൂ നൽകി. പിന്നീട് ക്രീസിലെത്തിയത് നൈറ്റ് വാച്ച്മാൻ മുഹമ്മദ് സിറാജ്(0)നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. റിവ്യൂ നഷ്ടപ്പെടുത്തുകയും ചെയ്തു. അനാവശ്യ റണ്ണിനോടി വിരാട് കോഹ്‌ലി റണ്ണൗട്ടായി. മാറ്റ് ഹെൻട്രിയാണ് കോഹ്‌ലിയെ(4)ഡയറക്ട് ത്രോയിൽ പുറത്താക്കിയത്. പിന്നീട് റിഷഭ് പന്ത് - ഗിൽ സഖ്യം വിക്കറ്റ് പോവാതെ ആദ്യദിനം അവസാനിപ്പിച്ചു. നേരത്തെ ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്‌സിൽ 235 റൺസിൽ ഓൾഔട്ടായി. ഡാരിൽ മിച്ചൽ(82), വിൽ യങ്(71) എന്നിവരാണ് ടോപ് സ്‌കോറർ

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News