'ഇന്ത്യയെ തോൽപിക്കാൻ അറിയാം'; കളിക്ക് മുൻപേ മുന്നറിയിപ്പുമായി ഓസീസ് നായകൻ
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരത്തിനുള്ള അവസരമാണ് ഇന്ത്യക്കുള്ളത്.
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ സൂപ്പർ എയ്റ്റിൽ ആസ്‌ത്രേലിയയുടെ നില പരുങ്ങലിലായി. അവസാനമത്സരത്തിൽ ഇന്ത്യക്കെതിരെ ജയിച്ചാൽ മാത്രമേ സെമി ബെർത്തുറപ്പിക്കാനാകൂ. നെറ്റ് റൺറേറ്റിൽ അഫ്ഗാൻ ഓസീസിന് പിന്നിലാണെങ്കിലും ബംഗ്ലാദേശിനെതിരെ വമ്പൻ ജയം നേടിയാൽ ഇന്ത്യക്കെതിരെ ജയിച്ചാലും ഓസീസിന് സെമി ഉറപ്പിക്കാനുമാവില്ല. ഇതോടെ ഇന്ത്യക്കെതിരെ നാളെ നടക്കുന്ന മത്സരം കംഗാരുക്കൾക്ക് ജീവൻ മരണപോരാട്ടമായി.
മറുഭാഗത്ത് ഇന്ത്യ റൺറേറ്റിൽ ഏറെ മുന്നിലാണെങ്കിലും വലിയ മാർജിനിൽ ഓസീസിനോട് തോറ്റാൽ തിരിച്ചടിയാകും. ഓസീസിനെതിരെ തീർക്കാൻ മറ്റൊരു കണക്കും ഇന്ത്യക്കുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തല്ലികെടുത്തിയത് പാറ്റ് കമ്മിൻസും സംഘവുമായിരുന്നു. നാളെ ഓസീസിനെ തോൽപിച്ചാൽ അവരെ ട്വന്റി 20 ലോകകപ്പ് വേദിയിൽ നിന്ന് പറഞ്ഞയക്കാൻ രോഹിതിനും സംഘത്തിനുമാകും.
അതേസമയം, ഇന്ത്യക്കെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ ആസ്‌ത്രേലിയ പുറത്തെടുക്കുമെന്ന് നായകൻ മിച്ചൽ മാർഷ് പറഞ്ഞു. ''അവസാന മാച്ചിൽ ജയിച്ചാൽ മാത്രമേ മുന്നേറാനാവൂ. ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങളെക്കാൾ മികച്ച മറ്റൊരു ടീമില്ല. അഫ്ഗാൻ എല്ലാ മേഖലയിലും ഞങ്ങളെ നിഷ്പ്രഭമാക്കി''- മാർഷ് മത്സര ശേഷം പറഞ്ഞു.
ട്വന്റി20 ലോകകപ്പിലെ സൂപ്പർ എയ്റ്റ് മത്സരങ്ങൾ അവസാന റൗണ്ടിലെത്തിയതോടെ ആരൊക്കെ സെമിയിലെത്തുമെന്നത് അപ്രവചനാതീതമായി. നാളെ ഇന്ത്യയെ തോൽപ്പിച്ചാൽ പോലും ആസ്‌ത്രേലിയക്ക് സെമി ടിക്കറ്റ് ഉറപ്പില്ല. മികച്ച മാർജിനിൽ അഫ്ഗാൻ ബംഗ്ലാദേശിനെ തോൽപിച്ചാൽ സാധ്യത മുൻ ചാമ്പ്യൻമാരുടെ സാധ്യത അടയും. നെറ്റ് റൺറേറ്റിൽ ഏറെ മുന്നിലുള്ളതിനാൽ ഓസീസിനെതിരെ തോറ്റാൽ പോലും ഇന്ത്യക്ക് സെമിയിലെത്താനാകുമെന്നതിനാൽ സമ്മർദ്ദമില്ലാതെ രോഹിത് ശർമക്കും സംഘത്തിനും അവസാന സൂപ്പർ എയ്റ്റിൽ ഇറങ്ങാം.
ഇന്ത്യക്കെതിരെ ആസ്‌ത്രേലിയക്കെതിരെ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും 120 റൺസ് വ്യത്യാസത്തിലെങ്കിലും ജയിച്ചാൽ മാത്രമെ ഇന്ത്യ സെമി കാണാതെ പുറത്താകൂ. ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം കഴിഞ്ഞാണ് അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്. അതിനാൽ തന്നെ നെറ്റ് റൺറേറ്റ് കണക്കുകൂട്ടി കളിക്കാൻ അഫ്ഗാനാവുമെന്നതും അനുകൂല ഘടകമാണ്.