'ടീം എന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു': തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ
ആദ്യ രണ്ട് ദിനവും മേധാവിത്വം പുലർത്തിയ ഇന്ത്യ, ഇംഗ്ലണ്ട് ബാറ്റർ ഒലിപോപ്പിന്റെയും സ്പിന്നർ ടോം ഹാട്ട്‌ലിയുടെയും മികവിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോൽവിയിൽ നിരാശ പ്രകടമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ആദ്യ രണ്ട് ദിനവും മേധാവിത്വം പുലർത്തിയ ഇന്ത്യ, ഇംഗ്ലണ്ട് ബാറ്റർ ഒലിപോപ്പിന്റെയും സ്പിന്നർ ടോം ഹാട്ട്‌ലിയുടെയും മികവിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ 196 റൺസാണ് പോപ് അടിച്ചെടുത്തത്. അർഹിച്ചൊരു ഡബിൾ സെഞ്ച്വറി നഷ്ടമായെങ്കിലും ടീമിനെ വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് എടുക്കാം. ഏഴ് വിക്കറ്റാണ് ഹാട്‌ലി വീഴ്ത്തിയത്. മുൻനിരയും വാലറ്റവും ഹാട്ട്ലിക്ക് മുന്നിൽ പതറുകയായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ മികവ് രോഹിത് മത്സര ശേഷം വ്യക്തമാക്കുകയും ചെയ്തു.
''എവിടെയാണ് പിഴച്ചത് എന്ന് ചൂണ്ടിക്കാണിക്കാൻ ബുദ്ധിമുട്ടാണ്. 190 റൺസിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയപ്പോൾ ബാറ്റിങിൽ ഞങ്ങൾ തന്നെയായിരുന്നു മികച്ച് നിന്നിരുന്നത്. ഞങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് പന്ത് എറിഞ്ഞത്. പ്ലാനുകൾ ബൗളർമാർ ഭംഗിയായി നിറവേറ്റുകയും ചെയ്തു''- രോഹിത് പറഞ്ഞു.
''ഒലി പോപ്പിനെ അനുമോദിച്ചെ പറ്റൂ, ഞാന്‍ കണ്ടതില്‍വെച്ച്, ഒരും പുറംരാജ്യക്കാരന്റെ ഇന്ത്യൻ സാഹചര്യങ്ങളിലെ അസാധാരണ ഇന്നിങ്‌സാണത്. മൊത്തത്തിൽ നോക്കുകയണെങ്കിൽ ടീം എന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു. ആദ്യത്തിൽ ലഭിച്ച മേൽക്കോയ്മ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങിൽ നഷ്ടപ്പെട്ടു. അഞ്ചാം ദിനത്തിലേക്ക് കളി കൊണ്ടുപോകണമെന്ന് കരുതിയിരുന്നുവെങ്കിലും അതിന് കഴിഞ്ഞില്ല. എന്നിരുന്നാലും വാലറ്റം നന്നായി കളിച്ചു- രോഹിത് കൂട്ടിച്ചേർത്തു.
28 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് (1-0)ത്തിന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് വിശാഖപ്പട്ടണത്ത് നടക്കും. 231 റൺസാണ് ഇംഗ്ലണ്ട് വിജയലക്ഷ്യമായി ഇന്ത്യക്ക് മുന്നിൽവെച്ചത്. എന്നാൽ 69.2 ഓവറിൽ 202 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലായിരുന്നു ചായക്ക് പിരിയുമ്പോൾ ഇന്ത്യ.
വാലറ്റത്ത് രവിചന്ദ്ര അശ്വിനും കെ.എസ് ഭരതും ചേർന്ന് കെട്ടിപ്പൊക്കിയ ഇന്നിങ്‌സിൽ മാത്രമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകളൊക്കെയും. എന്നാൽ 28 റൺസെടുത്ത ഭരതിനെ ഹാട്ട്ലി ബൗൾഡ് ആക്കിയതോടെ ഇന്ത്യയും പരാജയം ഉറപ്പിച്ചു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന് അവസാന വിക്കറ്റില്‍ ചില മിന്നലാട്ടങ്ങള്‍ നടത്തിയെങ്കിലും വീഴുമെന്ന് ഉറപ്പായിരുന്നു. വമ്പനടികള്‍ പ്രതീക്ഷിച്ച ഇംഗ്ലീഷ് നായകന്‍ ഫീല്‍ഡര്‍മാരെ ബൗണ്ടറി ലൈനിനരികില്‍ വിന്യസിക്കുകയും ചെയ്തു. അതിലേക്ക് കയറിക്കളിച്ച സിറാജ് വിക്കറ്റ് 'സമ്മാനിക്കുകയായിരുന്നു'.