ബ്രസീൽ പരിശീലകനായിരുന്ന ടിറ്റേക്ക് നേരെ ആക്രമണം: മാല കവർന്നു
ലോകകപ്പിൽ ബ്രസീൽ പുറത്തായത് ചോദ്യം ചെയ്തുകൊണ്ട് ആക്രോശിച്ചെത്തിയ അക്രമി ടിറ്റെയെ മർദിക്കുകയായിരുന്നു
റിയോ ഡി ജനീറോ: ബ്രസീൽ ടീമിന്‍റെ പരിശീലകനായിരുന്ന ടിറ്റേയ്ക്ക് നേരെ ആക്രമണം. ടിറ്റേയുടെ മാല കവരുകയും മർദിക്കുകയും ചെയ്തു. റിയോ ഡി ജനീറോയിലെ വീട്ടിന് സമീപത്തുവെച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് ടിറ്റെ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിയൻ പത്രമായ ഒ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖത്തര്‍ ലോകകപ്പിൽ ബ്രസീൽ പുറത്തായത് ചോദ്യം ചെയ്തുകൊണ്ട് ആക്രോശിച്ചെത്തിയ അക്രമി, ടിറ്റെയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി. ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു.
61 കാരനായ ടിറ്റെ 2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു. 81 മത്സരങ്ങളിലാണ് ടിറ്റേ ബ്രസീലിന്‍റെ പരിശീലകനായിരുന്നത്. ഇതില്‍ 61 കളിയില്‍ ബ്രസീൽ വിജയത്തേരിലേറിയപ്പോൾ 12 മത്സരങ്ങള്‍ സമനിലയിലാവുകയും ഏഴ് കളി തോല്‍ക്കുകയും ചെയ്തു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018-ൽ കോപ്പ അമേരിക്ക കിരീടം ബ്രസീല്‍ നേടിയത്. എന്നാൽ 2018, 2022 ലോകകപ്പിൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാനായില്ല. പരിശീലകനെന്ന നിലയിൽ മികച്ച പ്രകടനമാണ് ടിറ്റെ നടത്തിയത്.
ടീമിനെ ഒത്തിണക്കമുള്ള സംഘമാക്കി മാറ്റാനും പുതിയ താരങ്ങളെ വളർത്തിക്കൊണ്ടുവരാനും ടിറ്റേയ്ക്ക് കഴിഞ്ഞു. അതേസമയം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീൽ. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, എഎസ് റോമ കോച്ച് ജോസ് മൗറീഞ്ഞോ എന്നിവർ പരിഗണനയിലുണ്ട്. നേരത്തെ പെപ് ഗ്വാര്‍ഡിയോളയ്ക്കായി ബ്രസീല്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.