ഇതിഹാസങ്ങളുടെ 'ട്രിപ്പിൾ ക്രൗൺ' ക്ലബിൽ മെസിയും; സ്വാഗതം ചെയ്ത് കക്ക

ബ്രസീൽ ഇതിഹാസം കക്കയാണ് പട്ടികയിൽ ഏറ്റവുമൊടുവിൽ സ്ഥാനം പിടിച്ച താരം

Update: 2023-01-02 14:56 GMT
Editor : Shaheer | By : Web Desk

ബ്രസീലിയ: മൂന്ന് സുപ്രധാന ഫുട്‌ബോൾ നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ സംഘത്തിലേക്ക് ലയണൽ മെസിയെ സ്വാഗതം ചെയ്ത് ബ്രസീൽ ഇതിഹാസം കക്ക. ലോകകപ്പ്, ചാംപ്യൻസ് ലീഗ്, ബാലൻ ദ്യോർ പുരസ്‌കാരം എന്നിവ സ്വന്തമാക്കിയവർ ഉൾപ്പെട്ട 'ട്രിപ്പിൾ ക്രൗൺ' എന്ന എലീറ്റ് സംഘത്തിലാണ് മെസി ഇടംപിടിച്ചിരിക്കുന്നത്.

ഈ ബഹുമതിക്ക് അർഹനാകുന്ന താരമാണ് മെസി. ലോകകപ്പ് കിരീടത്തിനു പുരമെ നാല് ചാംപ്യൻസ് ലീഗ് കിരീടങ്ങളും ഏഴ് ബാലൻ ദ്യോർ പുരസ്‌കാരങ്ങളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് അർജന്റീന ഇതിഹാസം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കക്ക മെസിയെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്തത്.

Advertising
Advertising

പട്ടികയിൽ ഏറ്റവും ഒടുവിൽ സ്ഥാനം പിടിച്ചതും കക്കയായിരുന്നു. 2007ലായിരുന്നു അത്. ഇതേ വർഷം തന്നെയാണ് താരം ചാംപ്യൻസ് ലീഗ് കിരീടവും ബാലൻ ദ്യോർ പുരസ്‌കാരവും സ്വന്തമാക്കുന്നത്. ബോബി ഷാൾറ്റൻ(ഇംഗ്ലണ്ട്-1968), ഫ്രാൻസ് ബെക്കൻബവോർ(ജർമനി-1974), ജെർഡ് മുള്ളർ(ജർമനി-1974), പൗലോ റോസി(ഇറ്റലി-1982), സിനദിൻ സിദാൻ(ഫ്രാൻസ്-1998), റിവാൾഡോ(ബ്രസീൽ-2002), റൊണാൾഡീഞ്ഞോ(ബ്രസീൽ-2002), കക്ക(ബ്രസീൽ-2007) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു താരങ്ങൾ.

ലോകകപ്പ് വിജയത്തിനു പിന്നാലെയും മെസിയെ വാഴ്ത്തി കക്ക അടക്കമുള്ള ബ്രസീൽ ഇതിഹാസങ്ങൾ രംഗത്തെത്തിയിരുന്നു. റൊണാൾഡോ, റൊണാൾഡീഞ്ഞോ അടക്കമുള്ളവരെല്ലാം താരത്തിനു പ്രശംസകൾ ചൊരിഞ്ഞു. ഇതിനു പുറമെ ബ്രസീൽ ഫുട്ബോളിന്റെ ഹൃദയമായ മാരക്കാന സ്റ്റേഡിയത്തിൽ ഇതിഹാസ താരങ്ങൾക്കൊപ്പം മെസിയുടെ കാൽപാടുകൾ കൊത്തിവയ്ക്കാനും തീരുമാനമായിരുന്നു.

മാരക്കാനയുടെ ഉടമസ്ഥതയുള്ള റിയോ ഡി ജനീറ കായിക സമിതിയാണ് മെസിക്ക് ആദരമൊരുക്കുന്നത്. ലോകഫുട്ബോളിലെ ഇതിഹാസങ്ങൾക്കൊപ്പം മാരക്കാനയിലെ 'ഹാൾ ഓഫ് ഫെയിമി'ൽ താരത്തിന്റെ പേരും ചേർക്കും. അർജന്റീന ഫുട്ബോൾ അസോസിയേഷൻ വഴി സമിതി മെസിക്ക് ക്ഷണം അയച്ചിട്ടുണ്ട്. പെലെ, ഗരിഞ്ച, റൊണാൾഡീഞ്ഞോ, റൊണാൾഡോ എന്നിവരടക്കം ലോകഫുട്ബോളിലെ അതികായർക്കൊപ്പമാണ് മെസിയും അനശ്വരനാകാൻ പോകുന്നത്. നൂറിലേറെ ഫുട്ബോൾ താരങ്ങളാണ് മാരക്കാനയിലെ 'ഹാൾ ഓഫ് ഫെയിമി'ൽ ഇടംപിടിച്ചിട്ടുള്ളത്. ഡീഗോ മറഡോണ, യൂസെബിയോ, സിനദിൻ സിദാൻ എന്നിവരുടെ കൂട്ടത്തിൽ ബ്രസീലിനു പുറത്തുനിന്നുള്ള ഇതിഹാസങ്ങൾക്കൊപ്പമാണ് മെസിയുടെ പേരും ചേർക്കുന്നത്.

Summary: Brazil legend Kaka welcomes Argentine legend Lionel Messi to the 'Triple Crown' club, an elite group of players who have won the World Cup, the Champions League and at least one Ballon d'Or

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News