നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു; റിയാദിൽ സ്വീകരണമൊരുക്കി അൽ-ഹിലാൽ

യുറുഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു മാരകമായി പരിക്കേറ്റത്.

Update: 2024-02-13 12:07 GMT
Editor : Sharafudheen TK | By : Web Desk
Advertising

റിയാദ്: കാൽപന്ത് ആരാധകർക്ക് സന്തോഷ വാർത്ത. ലോക ഫുട്‌ബോളിലെ മികച്ച താരമായ നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കാൽമുട്ടിലെ പരിക്കിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ  മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിയാദിലെത്തിയ ബ്രസീലിയൻ സൂപ്പർ താരത്തിന് അൽ-ഹിലാൽ മാനേജ്‌മെന്റ് സ്വീകരണമൊരുക്കി.

കഴിഞ്ഞ വർഷം ഒക്ടബോറിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് 32 കാരൻ സൗദി പ്രോ ലീഗ് ക്ലബ് അൽ-ഹിലാലുമായി കരാറിലെത്തുന്നത്. 90 മില്യൺ യൂറോക്കായിരുന്നു കൈമാറ്റം. എന്നാൽ ക്ലബിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. നിരന്തര പരിക്ക് നെയ്മറിന്റെ പ്രകടനത്തെ ബാധിച്ചു. അവസാനമായി കാൽമുട്ടിലെ ലിഗമെന്റിലുണ്ടായ വിള്ളലാണ് മൂന്ന് മാസത്തിലേറെയായി താരത്തെ കളിക്കളത്തിൽ നിന്ന് മാറ്റിനിർത്തിയത്.

യുറുഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു മാരകമായി പരിക്കേറ്റത്. വേദനകൊണ്ട് പുളയുന്ന താരത്തിന്റെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നീട് പരിക്കിൽ നിന്ന് തിരിച്ചു വരുന്ന വിവിധ ഘട്ടങ്ങളിലെ വീഡിയോയും ആരാധകർ പങ്കുവെച്ചിരുന്നു. നിലവിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലടക്കം മോശം പ്രകടനം തുടരുന്ന ബ്രസീലിനും നെയ്മറിന്റെ വരവ് പ്രതീക്ഷ നൽകുന്നതാണ്.

കഴിഞ്ഞദിവസം ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ ഇറങ്ങിയ അൽ-നസ്‌റിനെ കീഴടക്കി അൽ ഹിലാൽ റിയാദ് സീസൺ കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. സൗദി പ്രോലീഗിൽ കിരീടം ലക്ഷ്യമിടുന്ന അൽ-ഹിലാലിന് സൂപ്പർതാരത്തിന്റെ വരവ് കൂടുതൽ ഊർജ്ജം പകരും. 2010 മുതൽ ബ്രസീൽ സീനിയർ ടീമിൽ കളിക്കുന്ന ഈ മുന്നേറ്റനിരക്കാരൻ 128 മാച്ചുകളിൽ നിന്നായി 79 ഗോളുകളും നേടിയിട്ടുണ്ട്. 

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News