സ്വപ്നകിരീടത്തിലേക്ക് ആഴ്സനൽ; മുന്നിൽ വിലങ്ങിട്ട് മാഞ്ചസ്റ്റർ സിറ്റി

Update: 2024-05-13 11:16 GMT
Editor : safvan rashid | By : Sports Desk
Advertising

ഇനിയുമെന്താണ് ഞങ്ങൾ ചെയ്യേണ്ടത്? ഇനിയുമാരെയാണ് ഞങ്ങൾ തോൽപ്പിക്കേണ്ടത്. ടോട്ടൻഹാമിനെ പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും പരാജയപ്പെടുത്തിയ ശേഷംഓരോ ആഴ്സണൽ ആരാധകനും ചോദിക്കുന്നത് ഇതാണ്. നിർണായകമായ അവസാന അഞ്ചുമത്സരങ്ങും വിജയിച്ചെങ്കിലും തങ്ങളുടെ സ്വപ്നകിരീടത്തിൽ മുത്തമിടാൻ ഇനിയുമായിട്ടില്ല. പെപ് ഗ്വാർഡിയോളയുടെ നിലപ്പട പീരങ്കിപ്പടക്ക് മുന്നിൽ വട്ടമിട്ടുനിൽക്കുന്നു. 37 മത്സരങ്ങളിൽ നിന്നും ഗണ്ണേഴ്സിന് 86 പോയന്റുള്ളപ്പോൾ ഒരു മത്സരം കുറച്ചുകളിച്ച സിറ്റി 85 പോയന്റുമായി കടുത്ത വെല്ലുവിളി തീർക്കുന്നു. കുറച്ചുമുമ്പുവരെ കൂടെയോടിയിരുന്ന ലിവർപൂൾ പ്രതീക്ഷകളുപേക്ഷിച്ച് എന്നേ തിരിച്ചുനടന്നതാണ്.

മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെ​ടേണ്ട. ഒന്ന് സമനിലയിൽ കുരുങ്ങിയാൽ മതി. കാരണം ഗോൾ വ്യത്യാസത്തിൽ ആഴ്സനലിന് മുൻതൂക്കമുണ്ട്. പക്ഷേ ഇത് കിരീടവിജയങ്ങൾ ലഹരിയാക്കിയ പെപ് ഗ്വാർഡിയോളയു​ടെ സംഘമാണ്. ചാമ്പ്യൻസ്‍ലീഗിൽ റയലിന് മുന്നിൽ തോറ്റുമടങ്ങിയ അയാൾക്ക് പ്രീമിയർ ലീഗ് കിരീടം കൂടി അടിയറവ് വെക്കുന്നത് ചിന്തിക്കാനാകില്ല. സീസൺ അവസാനത്തോടടുക്കുമ്പോൾ ബീസ്റ്റ് മോഡിൽ കളിക്കുന്ന സിറ്റി എതിരാളികളെ തരിപ്പണമാക്കിയാണ് കുതിക്കുന്നത്. ഫുൾഹാമിനെതിരെ നാലെണ്ണവും വോൾവ്സിനെതിരെ അഞ്ചെണ്ണവും ​ബ്രൈറ്റണോട് നാലെണ്ണവുമാണ് അടിച്ചുകൂട്ടിയത്.

ഇനി സിറ്റിക്ക് മുന്നിലുള്ളത് ടോട്ടനവും വെസ്റ്റ്ഹാമുമാണ്. തങ്ങളുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ ലണ്ടനിൽ തന്നെയുള്ള ടോട്ടനമെങ്കിലും എത്തുമെന്നാണ് ആഴ്സനലിന്റെ പ്രതീക്ഷ. ഇതിനെക്കുറിച്ച് മൈക്കൽ അർട്ടെറ്റ പറഞ്ഞതിങ്ങനെ: ‘‘ടോട്ടനത്തിൽ പ്രതീക്ഷയുണ്ട്.ഒരു റിസൽട്ട് ഞങ്ങൾക്ക് അനുകൂലമാകും. യുണൈറ്റഡിനെ തോൽപിച്ചതോടെ സ്വപ്‌നങ്ങളുടെ പെട്ടിയുമായി സീസണിലെ അവസാന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഇത് ഫുട്‌ബോളാണ്. എപ്പോഴും സാധ്യതകളുണ്ട്’’

അങ്ങനെ സംഭവിച്ചാൽ എവർട്ടണോട് വിജയിക്കാൻ ജീവൻതന്നെ നൽകാനും ആഴസനൽ ഒരുക്കമാണ്. ഏറ്റവുമൊടുവിൽ 2003-2004 സീസണിലാണ് ഹൈബറിയിൽ വസന്തമെത്തിയത്. തിയറി ഹെൻട്രിയും സോൾ കാമ്പലും പാട്രിക് വിയേരയുമെല്ലാം നിറഞ്ഞാടിയ സീസണിൽ 90 പോയന്റുമായാണ് ഗണ്ണേഴ്സ് കിരീടം ​നെഞ്ചോടടുച്ചത്. തങ്ങളുടെ എല്ലാമായ ആഴ്സൻ വെങർ പടിയിറങ്ങിയ ശേഷം ക്ലബ് വിസ്മൃതിയിലേക്കെന്ന് തോന്നിപ്പിക്കവേയാണ് അർട്ടേറ്റ രക്ഷകനായി വരുന്നത്. ആദ്യ രണ്ടു സീസണുകളിലും എട്ടാംസ്ഥാനത്തായിരുന്നുവെങ്കിൽ പോയ സീസണിൽ ടീമിനെ ​അയാൾ രണ്ടാംസ്ഥാനത്തേക്കുയർത്തി.

യൂറോപ്പിലെ മറ്റൊരു ടോപ്പ് ലീഗിലും ഇത്ര കോമ്പറ്റീഷനില്ല. സ്​പെയിനിൽ മൂന്നുമത്സരങ്ങൾ ബാക്കി നിൽക്കേ റയൽ മാഡ്രിഡ് 15 പോയന്റ് മുന്നിലാണ്. ജർമനിയിലും ഇറ്റലിയിലു​മെല്ലാം കഥ സമാനം തന്നെ. ഏപ്രിൽ 14 ഞായറാഴ്ചയാണ് ഗണ്ണേഴ്സിന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചത്. 80 മിനുറ്റിന് ശേഷം ആസ്റ്റൺ വില്ല കുറിച്ച രണ്ടുഗോളുകൾ ​ഗണ്ണേഴ്സിന്റെ ഹൃദയം തുളച്ചാണ് വലയിലേക്ക് പോയത്. ഇക്കുറി ഒരു ചാമ്പ്യൻ ടീമിന്റെ ലക്ഷണങ്ങളെല്ലാം ആഴ്സനൽ കാണിച്ചിട്ടുണ്ട്. കാരണം ലീഗിലെ ടോപ്പ് ക്ലബുകൾ എന്നറിയപ്പെടുന്ന ലിവർപൂൾ ചെൽസി, ടോട്ടനം, സിറ്റി, യുനൈറ്റഡ് എന്നീ അഞ്ചു ക്ലബ​ു​കളോടും അവർ തോൽവിയറിഞ്ഞിട്ടില്ല. ഇതിൽ തന്നെ ലിവർപൂളിനെയും യുനൈറ്റഡിനെയും ഒന്നിനെതിരെ മൂന്നുഗോളുകൾക്കും ചെൽസിയെ എതിരില്ലാത്ത അഞ്ചുഗോളുകൾക്കുമാണ് പറത്തിവിട്ടത്. ഒരു കുറി സിറ്റിയെ സമനിലയിലും മറ്റൊരിക്കൽ എതിരില്ലാത്ത ഒരുഗോളിനും വീഴത്തുകയും ചെയ്തു.

ഇഞ്ചോടിഞ്ചിൽ കപ്പടിക്കുന്നത് സിറ്റിക്ക് പുതിയ കാര്യമില്ല. ഫോട്ടോ ഫിനിഷിലേക്ക് നീണ്ട 2018- 2019 സീസണിൽ ഒരു പോയന്റ് വ്യത്യാസത്തിലാണ് അവർ കപ്പുയർത്തിയത്. സിറ്റിക്ക് 98ഉം ലിവർപൂളിന് 97മായിരുന്നു അന്ന് പോയന്റ്. വിഖ്യാതമായ 2011 സീസണിൽ ഇഞ്ചോടിഞ്ചിൽ യുനൈറ്റഡിനെ തള്ളി കിരീടം നേടിയത് ഗോൾ വ്യത്യാസത്തിലായിരുന്നു. 89 പോയന്റുകളുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന സീസണിൽ അഗ്യൂറോയുടെ വണ്ടർ ഗോളുകളിൽ പിറന്ന വിജയവും കുറിച്ച സമയവും പോയത് ചരിത്രത്തിലേക്കാണ്. മെയ് 19 ഞായറാഴ്ച ഇന്ത്യൻ സമയം 8.30 ന് പ്രീമിയർ ലീഗിന്റെ മറ്റൊരു ഫിനാലെ നടക്കുകയാണ്. മൈതാനങ്ങളൊളിപ്പിച്ച കൗതുകങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News