ഇരട്ടച്ചങ്കൻ ക്രിസ്റ്റ്യാനോ; ഹംഗറിയെ മൂന്നു ഗോളിന് തകർത്തു

കളിയുടെ അവസാന പത്തു മിനിറ്റിലാണ് പറങ്കികൾ ടോപ് ഗിയറിലേക്ക് മാറിയത്.

Update: 2021-06-15 18:41 GMT
Editor : abs | By : Web Desk
Advertising

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നക്ഷത്രത്തിളക്കത്തിലേക്ക് ഉദിച്ചുയർന്ന ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ ചിറകിലേറി പോർച്ചുഗലിന്റെ വിജയച്ചിരി. യൂറോ കപ്പിലെ മരണഗ്രൂപ്പിൽ ഹംഗറിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് പറങ്കിപ്പട തകർത്തത്. അവസാന പത്തു മിനിറ്റിലായിരുന്നു പോർച്ചുഗലിന്റെ ഗോളുകൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമേ റാഫേൽ ഗുറൈയ്‌റയാണ് പോർച്ചുഗലിനായി ഗോൾ കണ്ടെത്തിയത്. 84-ാം മിനിറ്റിലായിരുന്നു ഗുറൈറയുടെ ഗോൾ. 86-ാം മിനിറ്റിൽ റാഫ സിൽവയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ആദ്യം ക്രിസ്റ്റിയാനോ ലക്ഷ്യത്തിലെത്തിച്ചത്. അധിക സമയത്തിന്റെ രണ്ടാം മിനിറ്റിൽ ഗോൾകീപ്പറെയും ഡ്രിബിൾ ചെയ്തു കയറിയ റോണോ മൂന്നാം ഗോളും സ്വന്തമാക്കി. 

ഗോളുകൾ വന്നതിങ്ങനെ

84-ാം മിനിറ്റ്. ബോക്‌സിന്റെ മൂലയിൽ നിന്ന് റഫേൽ ഗുറൈറോ റഫാ സിൽവയിലേക്ക് പന്ത് ക്രോസ് ചെയ്തു നൽകി. സിൽവ എടുത്ത ദുർബലമായ ഷോട്ട് ഡിഫൻഡർ പീറ്റർ ഗുലാക്‌സിയുടെ കാലിൽ തട്ടി വലയുടെ ഇടതു മൂലയിലേക്ക്. സ്‌കോർ 1-0.

86-ാം മിനിറ്റ്. സാഞ്ചസ് മറിച്ചു നൽകിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ റാഫ സിൽവയെ വില്ലി ഓർബൻ ബോക്‌സിൽ വീഴ്ത്തി. റഫറി ഒട്ടും അമാന്തിച്ചില്ല. പെനാൽറ്റി ബോക്‌സിലേക്ക് വിരൽ ചൂണ്ടി. ക്രിസ്റ്റ്യാനോ കിക്കെടുത്തത് പോസ്റ്റിന്റെ വലതു മൂലയിലേക്ക്. ഗോൾകീപ്പർ പീറ്റർ ഗുലാസി ചാടിയത് നേരെ എതിർ ദിശയിലേക്ക്. സ്‌കോർ 2-0.

കളിയുടെ അധിക സമയത്തിന്റെ രണ്ടാം മിനിറ്റ്. റഫാ സിൽവയുമായി ചേർന്ന് ക്രിസ്റ്റ്യാനോയുടെ വൺ ടു വൺ മുന്നേറ്റം. ഒടുവിൽ ബോക്‌സിന് തൊട്ടുമുമ്പിൽ വച്ച് ക്രിസ്റ്റ്യാനോക്ക് പാസ്. ഗോൾ കീപ്പറെയും ഡ്രിബിൾ ചെയ്ത് ക്രിസ്റ്റ്യാനോയുടെ അതിമനോഹരമായ ഫിനിഷിങ്. സ്‌കോർ 3-0. 

കളിയുടെ അവസാന പത്തു മിനിറ്റിലാണ് പറങ്കികൾ ടോപ് ഗിയറിലേക്ക് മാറിയത്. അവസാന ഘട്ടത്തിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് നടത്തിയ മാറ്റങ്ങളാണ് കളിയിൽ വഴിത്തിരിവായത്.

ബുഡാപെസ്റ്റിലെ പുഷ്‌കാസ് അറീന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 67000 കാണികൾക്ക് മുമ്പിലാണ് പോർച്ചുഗൾ ഹംഗറിയെ നേരിട്ടത്. ഹോംഗ്രൗണ്ടിന്റെ സകല ആനുകൂല്യവും മുതലെടുത്ത ആതിഥേയർ സർവ സന്നാഹവുമെടുത്ത് പറങ്കിപ്പടയുടെ ആക്രമണങ്ങളെ ചെറുത്തു. ഇടയ്ക്ക് ക്യാപ്റ്റൻ ആഡം സലായിയുടെ നേതൃത്വത്തിൽ ഹംഗറി ചില മിന്നലാട്ടങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.  


രണ്ട് ഗോളുകളോടെ യൂറോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റിയാനോ. 11 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. ഇതിഹാസ താരം മിഷേൽ പ്ലാറ്റീനിയുടെ റെക്കോർഡാണ് പോർച്ചുഗീസ് സൂപ്പർ താരം മറികടന്നത്. ഇത്തവണത്തെ യൂറോയിൽ ആദ്യമായി രണ്ടു ഗോൾ കണ്ടെുത്തുന്ന താരവുമായി പോർച്ചുഗൽ നായകൻ.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News