'ഇന്നലെ എന്റെ സ്വപ്നം അവസാനിച്ചു...'; വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് തന്റെ കരിയറിലെ അഭിലാഷവും സ്വപ്‌നവുമായിരുന്നുവെന്നും എന്നാൽ ആ സ്വപ്‌നം ദുഃഖകരമായി ഇന്നലെ അവസാനിച്ചുവെന്നും റൊണാൾഡോ

Update: 2022-12-11 15:25 GMT
Advertising

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ പുറത്തായ ശേഷം പ്രതികരിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫേസ്ബുക്കിലാണ് താരത്തിന്റെ വിരമിക്കൽ സൂചന നൽകുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചത്. പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് തന്റെ കരിയറിലെ അഭിലാഷവും സ്വപ്‌നവുമായിരുന്നുവെന്നും എന്നാൽ ആ സ്വപ്‌നം ദുഃഖകരമായി ഇന്നലെ അവസാനിച്ചുവെന്നും റൊണാൾഡോ കുറിച്ചു. പോർച്ചുഗലിനായി താൻ നിരവധി അന്തരാഷ്ട്രാ കിരീടങ്ങൾ നേടിയപ്പോഴും ലോകകപ്പായിരുന്നു സ്വപ്‌നമെന്നും ഈ ലക്ഷ്യത്തിനായി താൻ കഠിനമായി പോരാടിയെന്നും താരം എഴുതി.

Full View

'16 വർഷത്തിനിടെ അഞ്ചു വട്ടം ലോകകപ്പുകളിൽ കളിച്ച്‌ ഗോളടിച്ചു. മില്യൺ കണക്കിന് പോർച്ചുഗീസുകാരുടെയും മികച്ച കളിക്കാരുടെയും പിന്തുണയോടെ പോരാടി. എന്റെ സർവസ്വവും സമർപ്പിച്ചു. ഒരിക്കലും പോരാട്ടത്തിൽ പിന്മാറുകയോ സ്വപ്‌നം ഉപേക്ഷിക്കുകയോ ചെയ്തില്ല. പക്ഷേ സങ്കടകരമായി ആ സ്വപ്‌നം ഇന്നലെ അവസാനിച്ചു. ഒരുപാട് കാര്യങ്ങൾ ഊഹിക്കപ്പെടുകയും പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ പോർച്ചുഗലിനുള്ള എന്റെ സമർപ്പണം ഒരു നിമിഷം പോലുമില്ലാതായിട്ടില്ല. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്നയാളായിരുന്നു ഞാൻ, എന്റെ സഹപ്രവർത്തകരോടും എന്റെ രാജ്യത്തോടും ഞാൻ ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല' വൈകാരികമായ കുറിപ്പിൽ സൂപ്പർതാരം പറഞ്ഞു.

'ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. പോർച്ചുഗലിന് നന്ദി. നന്ദി ഖത്തർ. സ്വപ്നം നീണ്ടുനിൽക്കുമ്പോൾ അത് മനോഹരമായിരുന്നു... ഇപ്പോഴത്തെ അവസ്ഥ നല്ല ഉപദേശകനായിരിക്കുമെന്നും ഓരോരുത്തരെയും അവരവരുടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു' റൊണാൾഡോ കുറിച്ചു.

മൊറോക്കോയ്ക്കെതിരെയുള്ള നിർണായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെതിരെ കളിച്ച റൊണാൾഡോയില്ലാത്ത ആദ്യ ഇലവനെയാണ്‌ കോച്ച് സാന്റോസ് കളത്തിലിറക്കിയിരുന്നത്. മത്സരത്തിന്റെ 51-ാം മിനിറ്റിൽ റൂബൻ നെവസിന് പകരമായാണ് റൊണാൾഡോ മൈതാനത്തിറങ്ങിയത്. എന്നാൽ ലക്ഷ്യം കാണാനായില്ല. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പറങ്കിപ്പടയുടെ തോൽവി. കളിക്കു ശേഷം കരഞ്ഞാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്.

ലോകകിരീടം നേടാനാകാതെയാണ് റൊണാൾഡോ ഖത്തർ ലോകകപ്പിൽനിന്ന് വിടവാങ്ങിയത്. മുപ്പത്തിയേഴുകാരനായ അദ്ദേഹം ഇനിയൊരു ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയില്ല. കളിക്കു ശേഷം ഏകനായാണ് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ചില മൊറോക്കൻ കളിക്കാർ അദ്ദേഹത്തിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.

Cristiano Ronaldo hints at retirement

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News