കൂവിയാർത്തവർക്ക് മുന്നിൽ നിന്നും എമി മടങ്ങുന്നത് തലയുയർത്തിപ്പിടിച്ച്...
വിഖ്യാതമായ ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയുടെ ഗോൾ കീപ്പർ എമി മാർട്ടിനസ് ഫ്രാൻസിലേക്ക് വരുന്നു. ഇക്കുറി അർജന്റീനയുടെ ആകാശ നീലിമയിലല്ല, യൂറോപ്പ കോൺഫറൻസ് ലീഗിൽ ആസ്റ്റൺ വില്ലയുടെ കാവൽക്കാരനായി ഫ്രഞ്ച് ക്ലബ് ലില്ലയെ എതിരിടാനാണ് എത്തുന്നത്. വില്ല പാർക്കിൽ നടന്ന ആദ്യ പാദത്തിൽ ലില്ലയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് വില്ല തകർത്തിരുന്നു. അതുകൊണ്ടുതന്നെ ലില്ലക്ക് ജയം അനിവാര്യമാണ്. പക്ഷേ ലില്ലയുടെ ആരാധകർക്ക് മത്സരം അതിനേക്കാൾ ഒരിത്തിരി പേഴ്സണലാണ്. അതിനൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ഗോൾകീപ്പർ അർജന്റീനക്കാരൻ എമി മാർട്ടിനസാണ്.
ഫ്രഞ്ചുകാർ ഏറ്റവുമധികം വെറുക്കുന്ന അർജന്റീനക്കാരൻ എമി മാർട്ടിനസാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളെല്ലാം ഒരേ സ്വരത്തിൽ കുറിച്ചത്. അതിനവർക്ക് കാരണവമുണ്ട്. തങ്ങൾ സ്വപ്നം കണ്ട മൂന്നാം കിരീടത്തിന് മുന്നിൽ വട്ടമിട്ടുനിന്നത് കൊണ്ടുമാത്രമല്ല അത്. ലോകകപ്പ് വിജയത്തിന് ശേഷം എംബാപ്പേയുടെ പ്രതിമയുമായി എമി കാണിച്ചതും പറഞ്ഞതൊന്നുമൊന്നും ഫ്രഞ്ചുകാർ മറന്നിട്ടില്ല. അതുകൊണ്ടും തീർന്നില്ല, തെക്കേ അമേരിക്കൻ ഫുട്ബാളിനെ ചെറുതാക്കിയുള്ള എംബാപ്പെയുടെ കമന്റിനെതിരെയും എമി രംഗത്തെത്തിയിരുന്നു.
ലില്ലക്കെതിരെയുള്ള മത്സരത്തിനായി എമിയെത്തിയതിന് പിന്നാലെ ഫ്രഞ്ചുകാർ ഏറ്റവുമധികം വെറുക്കുന്ന ഫുട്ബോൾ താരമിതാ വന്നിറങ്ങിയിരിക്കുന്നു എന്നാണ് പ്രമുഖ ഫുട്ബാൾ വെബ്സൈറ്റുകളെല്ലാം വാർത്ത നൽകിയത്. അങ്ങനെ ലില്ലയുടെ തട്ടകമായ ഡികാത്ലൊൺ അരീനയിൽ മത്സരത്തിനായി വിളക്കുകൾ തെളിഞ്ഞു. വയലന്റായ ലില്ല ആരാധകർ ഇരിക്കുന്നതിന് മുന്നിലായാണ് എമിക്ക് ഗോൾവലക്ക് കാക്കേണ്ടിവന്നത്. പലവട്ടം അവർ ഗ്രൗണ്ടിലേക്കിറങ്ങാൻ ശ്രമം നടത്തിയതിനാൽ തന്നെ ഏറെ പണിപ്പെട്ടാണ് സെക്യൂരിറ്റി ഗാർഡ്സ് അവരെ പിടിച്ചുനിർത്തിയത്. എമിയുടെ അരികിലേക്ക് പന്തെത്തുന്ന നേരങ്ങളിലെല്ലാം ഗ്യാലറി കൂവിയാർത്തു. അതിനിടയിൽ ടൈം വേസ്ററ് ചൂണ്ടിക്കാട്ടി 39ാം മിനിറ്റിൽ എമിക്ക് ഒരു മഞ്ഞക്കാർഡും ലഭിച്ചു.
യൂസുഫ് യസീസിയിലൂടെയും ബെഞ്ചമിൻ ആൻഡ്രേയിലൂടെയും നേടിയ ഗോളുകളിലൂടെ ലില്ല മത്സരത്തിൽ മുന്നിലായിരുന്നു. ലില്ലയുടെ ആരാധകർ സെമിയുറപ്പിച്ച നേരം. പക്ഷേ കളിതീരാനിരിക്കെ മാറ്റി മാറ്റി കാഷിലൂടെ ആസ്റ്റൺ വില്ല തിരിച്ചടിച്ചു. അതോടെ രണ്ടു പാദങ്ങളിലുമായുള്ള സ്കോർ 2-2. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ പിന്നീട് ഗോളൊന്നും വന്നില്ല. മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു.
എമി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗോൾ വലക്ക് മുന്നിൽ നൃത്തച്ചുവടുകളുമായി നെഞ്ചുവിരിച്ചു നിൽക്കുന്നു. കിക്കെടുക്കാനെത്തിയ ബെൻറ്റലബിന്റെ ഷോട്ട് ഇടതുവശത്തേക്ക് ചാടി ഉജ്ജ്വലമായൊരു സേവ്. കൂക്കി വിളിച്ച ഗാലറിക്ക് നേരെ തിരിഞ്ഞുനിന്ന് നിശബ്ദമായിരിക്കാൻ എമി ആഹ്വാനം ചെയ്തു. ഷൂട്ടൗട്ടിൽ വില്ല മുന്നിൽ. അതിനിടയിൽ ആരാധകരെ പ്രകോപിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി എമിക്ക് രണ്ടാം മഞ്ഞക്കാർഡുമെത്തി. റെഡ് കാർഡാകുമെന്ന് കരുതിയിരിക്കേ എമിക്ക് തുണയായത് അടുത്തിടെ പരിഷ്കരിച്ച International Football Association Board ന്റെ നിയമമാണ്. ഈ നിയമപ്രകാരം മത്സരത്തിനിടെ ലഭിച്ച മഞ്ഞക്കാർഡ് ഷൂട്ടൗട്ടിൽ ബാധകമാകില്ല. വില്ലക്ക് ആശ്വാസം. ഷൂട്ടൗട്ട് തുർന്നു. നാലാം കിക്കെടുക്കാനെത്തിയ വില്ലയുടെ ബെയ്‍ലിയുടെ ഷോട്ട് തടുത്തിട്ട് ലില്ല ഗോൾകീപ്പർ ഷെവലിയർ അങ്ങനങ്ങ് തോൽക്കാൻ ഞങ്ങളും ഒരുക്കമല്ലെന്ന സന്ദേശം നൽകി. അങ്ങനെ അഞ്ചാമത്തെ കിക്കെടുക്കാൻ ലില്ലക്കായി ആന്ദേ നിൽക്കുന്നു. തടുത്തിട്ടാൽ വില്ല സെമിയിലേക്ക്. ഇല്ലെങ്കിൽ ഷൂട്ടൗട്ട് ഇനിയും നീളും. കൂവിവിളിച്ച ഗാലറിയുടെ ചങ്കിലേക്ക് തീ കോരിയിട്ട് ഇടതുവശത്തേക്ക് ചാടി എമിയുടെ ഉഗ്രൻ സേവ്. ഗാലറിയിൽ കംപ്ലീറ്റ് സൈലൻസ്. വിജയത്തോടെ വില്ല സെമിയിയിലേക്ക്. ഇതുപോലൊരു ഗാലറിക്ക് മുമ്പിൽ െപ്ലയർ ഓഫ് ദി മാച്ച് അവാർഡാകുന്നതിലും വലിയ മറ്റൊരു അംഗീകാരം എന്താണ്?
മത്സരത്തിന് ശേഷം മാർട്ടിനസിന്റെ ആറ്റിറ്റ്യൂഡ് ശരിയായില്ലെന്ന പരാതിളായിരുന്നു നിറയെ. ലില്ലെ പ്രസിഡന്റ് ഒളിവർ ലെതങ് അടക്കം എമിക്കെതിരെ രംഗത്തെതി. പക്ഷേ എമി കൂളായിരുന്നു. ഇതൊരു വെറും മത്സരമാണ്. എനിക്ക് ഫ്രാൻസിനെ ഇഷ്ടമാണ്. ഞാനൊരുപാടുതവണ വെക്കേഷനായി ഇവിടെ വന്നിട്ടുണ്ട്. ആസ്റ്റൺ വില്ലയിൽ എന്റെ റൂമിൽ രണ്ട് ഫ്രഞ്ച് താരങ്ങളുണ്ട് എമി പറഞ്ഞു നിർത്തി. പക്ഷേ ഫ്രഞ്ചുകാർക്ക് എമിയെ വെറുക്കാൻ വീണ്ടുമൊരു കാരണം കൂടി കിട്ടിയിരുന്നു.