'മെസി എന്നെ താക്കീത് ചെയ്തിരുന്നു'; വിവാദ ആഘോഷത്തിൽ എമി മാർട്ടിനെസ്

'കരിയറിൽ ഒരുപാട് ഫ്രഞ്ച് താരങ്ങൾക്കൊപ്പം കളിച്ചിട്ടും എനിക്കൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നെക്കുറിച്ച് ജിറൂഡിനോട് ചോദിച്ചാൽ മതി. എംബാപ്പെ മികച്ചൊരു പ്രതിഭയാണ്. താരത്തോട് ആദരവാണ്.'

Update: 2023-02-11 06:46 GMT
Editor : Shaheer | By : Web Desk
Advertising

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫൈനലിലെ ഏറെ വിവാദമായ 'അംഗവിക്ഷേപ' ആഘോഷത്തിൽ വിശദീകരണവുമായി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. കോപ്പ അമേരിക്കയ്ക്കിടയിലും സമാനമായ ആഘോഷം നടത്തിയ തന്നെ സൂപ്പർ താരം ലയണൽ മെസി താക്കീത് ചെയ്തിരുന്നുവെന്ന് എമി പ്രതികരിച്ചു. നടപടി ആവർത്തിക്കരുതെന്ന് ടീമംഗങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ, ലോകകപ്പിൽ തമാശയായാണ് താനത് ചെയ്തതെന്നും താരം വെളിപ്പെടുത്തി.

ഫ്രഞ്ച് മാധ്യമം 'ഫ്രാൻസ് ഫുട്‌ബോളി'നു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ലോകകപ്പ് ഫൈനലിൽ ഗോൾഡൻ ഗ്ലൗ സ്വീകരിച്ച ശേഷം നടത്തിയ വിവാദ ആഘോഷത്തിൽ ഖേദമുണ്ടോ എന്ന ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ആരെയും വേദനിപ്പിക്കാനല്ല താനത് ചെയ്തതെന്ന് പ്രതികരിച്ച എമി ടീമംഗങ്ങൾക്കൊപ്പമുള്ളൊരു തമാശ മാത്രമായിരുന്നു അതെന്ന് വിശദീകരിച്ചു.

'കരിയറിൽ ഒരുപാട് ഫ്രഞ്ച് താരങ്ങൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. എനിക്കൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നെക്കുറിച്ച് ജിറൂഡിനോട് ചോദിച്ചാൽ മതി. ഫ്രഞ്ച് സംസ്‌കാരവും മനോഭാവവുമെല്ലാം ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.'

മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി സ്വീകരിച്ച് ഞാൻ നടത്തിയത് സഹതാരങ്ങളോടൊത്തുള്ളൊരു തമാശയായിരുന്നു. കോപ്പ അമേരിക്കയിലും ഞാനത് ചെയ്തിട്ടുണ്ട്. അന്ന് അത് ആവർത്തിക്കരുതെന്ന് മെസി അടക്കം ടീമംഗങ്ങളെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നു. ഞാനത് അവർക്ക് വേണ്ടി ചെയ്തതാണ്. അതിനപ്പുറം ഒന്നുമില്ല. ഒരു നിമിഷത്തെ കാര്യമായിരുന്നു അത്-എമി മാർട്ടിനെസ് കൂട്ടിച്ചേർത്തു.

അതേസമയം, ഡ്രെസിങ് റൂമിൽ കിലിയൻ എംബാപ്പെയ്‌ക്കെതിരെ നടത്തിയ അധിക്ഷേപത്തെ താരം ന്യായീകരിച്ചു. എംബാപ്പെയെ വ്യക്തിപരമായി അധിക്ഷേപിച്ചതായിരുന്നില്ലെന്നും ഡ്രെസിങ് റൂമിനകത്ത് നടത്തിയ സംഗതി പുറത്തുപോകരുതായിരുന്നുവെന്നും എമി പറഞ്ഞു. '2018ൽ ഫ്രാൻസ് ഞങ്ങളെ തോൽപിച്ചപ്പോൾ മെസിക്കെതിരെ മുദ്രാവാക്യം വിളിയുണ്ടായിരുന്നു(കാന്റെ ഉൾപ്പെടെ). ബ്രസീലിനെ ആരെങ്കിലും തോൽപിച്ചാൽ നെയ്മറിനെക്കുറിച്ചും ഇത്തരത്തിൽ പാട്ടുപാടും.'-അദ്ദേഹം വിശദീകരിച്ചു.

എംബാപ്പെയെ ഞാൻ ഏറെ ആദരിക്കുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ചും നെയ്മറിനെക്കുറിച്ചും ആളുകൾ പാടുന്നുണ്ടെങ്കിൽ അത് അവർ മികച്ച താരങ്ങളായതുകൊണ്ടാണ്. താങ്കൾക്കെതിരെ കളിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്ന് ഫൈനലിനുശേഷം ഞാൻ എംബാപ്പെയോട് പറഞ്ഞിരുന്നു. ഒറ്റയ്ക്ക് അദ്ദേഹം മത്സരം തട്ടിയെടുക്കേണ്ടതായിരുന്നു. എംബാപ്പെ മികച്ചൊരു പ്രതിഭയാണെന്ന് എനിക്കുറപ്പുണ്ട്. മെസി വിരമിച്ചാൽ എംബാപ്പെ നിരവധി തവണ ബാലൻ ദ്യോർ സ്വന്തമാക്കുമെന്ന് എനിക്കുറപ്പാണ്-എമി മാർട്ടിനസ് കൂട്ടിച്ചേർത്തു.

അർജന്റീനയുടെ കിരീടനേട്ടത്തിൽ എമിക്ക് മെസിക്കൊപ്പം സുപ്രധാന പങ്കുണ്ട്. ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ പെനാൽറ്റി ഷൂട്ടൗട്ടിലടക്കം പലതവണയാണ് 30കാരൻ നീലപ്പടയുടെ രക്ഷകനായത്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിലും അർജന്റീനയുടെ രക്ഷകനായ മാർട്ടിനസിനാണ് ഇത്തവണ ഗോൾഡൻ ഗ്ലൗ ലഭിച്ചത്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയായി താരം. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഖത്തർ ഭരണാധികാരികൾക്കും ഫിഫ തലവന്മാർക്കും മുന്നിൽ ഗോൾഡൻ ഗ്ലൗവുമായി മാർട്ടിനസിന്റെ വിവാദ 'അംഗവിക്ഷേപം'.

Summary: Emiliano Martinez revealed that Argentina captain Lionel Messi warned him against the controversial celebration with the Golden Glove trophy in Qatar.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News