നോമ്പ് തുറക്കാൻ കളി നിർത്തരുത്; റഫറിമാർക്ക് ഇ-മെയിൽ അയച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ

വർഷം 2023 ആയെന്ന് ഓർമപ്പെടുത്തി കായിക ലോകം

Update: 2023-04-02 16:48 GMT
Advertising

റമദാനിൽ മുസ്‍ലിം താരങ്ങളെ നോമ്പ് തുറക്കാൻ അനുവദിക്കുന്നതിനായി മത്സരങ്ങൾ താൽക്കാലികമായി നിർത്തരുതെന്ന് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ റഫറിമാരോട് പറഞ്ഞതായി റിപ്പോർട്ട്. ഫ്രാൻസ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിച്ചിന്റെ വശത്ത് ഭക്ഷണവും വെള്ളവും കഴിക്കാൻ കളിക്കാരെ മത്സരങ്ങൾ അനുവദിക്കുന്നതിനായി നിർത്തിവയ്ക്കുന്നതിന് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ നിരോധനം ഏർപ്പെടുത്തിയതായി ചോർന്ന ഇമെയിലിൽ സൂചിപ്പിക്കുന്നു. റമദാൻ വ്രതാനുഷ്ഠാനത്തെ തുടർന്ന് മത്സരങ്ങൾ തടസ്സപ്പെടുന്നതായി ഫെഡറേഷന്റെ ശ്രദ്ധയിൽപ്പെട്ടതായും മെയിലില്‍ പറയുന്നു. "എല്ലാത്തിനും ഒരു സമയമുണ്ട് എന്നതാണ് ആശയം. സ്‌പോർട്‌സ് ചെയ്യാനുള്ള സമയം, ഒരാളുടെ മതം ആചരിക്കാനുള്ള സമയം" ഫെഡറേഷനിലെ ഫെഡറൽ റഫറി കമ്മീഷൻ തലവൻ എറിക് ബോർഗിനി പറഞ്ഞു.

കളിക്കാർക്ക് ഭക്ഷണവും പാനീയവും കഴിക്കാൻ അനുവദിക്കുന്നതിന് മത്സരങ്ങൾ താൽക്കാലികമായി നിർത്താൻ റഫറിമാർക്ക് നിർദ്ദേശം നൽകിയ പ്രീമിയർ ലീഗിന്റെ തീരുമാനത്തിന് വിരുദ്ധമാണ് ഫ്രഞ്ച് അസോസിയേഷന്റെ നീക്കം. ഇംഗ്ലണ്ടിലെ നാല് പ്രൊഫഷണൽ ഡിവിഷനുകളിലെ മാച്ച് ഒഫീഷ്യലുകളോട് വൈകുന്നേരങ്ങളിൽ മത്സരങ്ങൾ നിർത്തി വെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുമൂലം മുസ്‍ലിം കളിക്കാർക്ക് മൽസരത്തിനിടക്ക് നോമ്പ് തുറക്കാനും എനർജി ഡ്രിങ്കുകൾ, ലഘു ഭക്ഷണം എന്നിവ കഴിക്കാനും കഴിയും. മുസ്ലീം കളിക്കാരുടെ മതപരമായ ആവശ്യത്തെ നിരസിച്ചതിന് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷനെ പലരും അപലപിച്ചിട്ടുണ്ട്.

റമദാനിൽ നോമ്പ് തുറക്കാനുള്ള ഇടവേളകൾ നിരോധിക്കാനുള്ള ഫ്രഞ്ച് എഫ്എയുടെ തീരുമാനത്തിൽ ഫ്രാൻസ് താരവും ആസ്റ്റൺ വില്ല ലെഫ്റ്റ് ബാക്കുമായ ലൂക്കാസ് ഡിഗ്നെ വിമർശനവുമായി മുന്നോട്ട് വന്നു. വർഷം 2023 ആയെന്ന് ഓർമപ്പെടുത്തി മുഖം പൊത്തി പിടിക്കുന്ന ഇമോജിയാണ് താരം പങ്ക് വെച്ചത്. നീസ്(NICE) കോച്ച് ദിദിയർ ഡിഗാർഡ് ഇംഗ്ലീഷ് ഫുട്ബോൾ എടുത്ത തീരുമാനത്തോട് ഒപ്പമാണ് നിന്നത്. "ഇംഗ്ലീഷുകാർ ഇതിനെക്കുറിച്ച് നമ്മളേക്കാൾ കൂടുതൽ തുറന്ന മനസ്സുള്ളവരാണ്, അവർ എല്ലായ്പ്പോഴും അങ്ങനെയായിരുന്നു " ഡിഗാർഡ് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News