പരിക്കിനൊപ്പം പനി; നെയ്മര്‍ ഹോട്ടലിൽ തന്നെ

പരിക്കേറ്റ ഡാനിലോ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള കളി കാണാന്‍ ടീമിനൊപ്പമുണ്ടായിരുന്നു

Update: 2022-11-29 07:29 GMT
Editor : abs | By : Web Desk
Advertising

ദോഹ: ഗ്രൂപ്പ് ജിയിൽ സ്വിറ്റ്‌സർലൻഡിനെ കീഴടക്കിയ മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ സ്റ്റേഡിയത്തിൽ വരാത്തതിന് കാരണം  വെളിപ്പെടുത്തി സഹതാരം വിനീഷ്യസ് ജൂനിയർ. നെയ്മറിന് പനിയാണ് എന്നാണ് വിനീഷ്യസിന്‍റെ വിശദീകരണം. വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ്സാണ് വിനീഷ്യസിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഇക്കാര്യത്തില്‍ ബ്രസീല്‍‌ ടീം ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. ആദ്യ മത്സരത്തിൽ കണങ്കാലിനേറ്റ പരിക്കു മൂലം വിശ്രമത്തിലാണ് നെയ്മർ.

ചൊവ്വാഴ്ച സ്റ്റേഡിയം 974ൽ നടന്ന മത്സരത്തിൽ നെയ്മറിന്‍റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിക്കേറ്റ ഡാനിലോ സ്‌റ്റേഡിയത്തിൽ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരശേഷം ഇരുവരും പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇരുവരും എംആര്‍ഐ സ്കാനിങ്ങിന് വിധേയരായിരുന്നു. 

'കളിക്കു വരാൻ കഴിയാതിരുന്നതിൽ നെയ്മർ ദുഃഖിതനായിരുന്നു. കാലിലെ പരിക്കു മാത്രമായിരുന്നില്ല. അദ്ദേഹത്തിന് ചെറിയ പനിയുമുണ്ടായിരുന്നു. എത്രയും വേഗത്തിൽ നെയ്മർ തിരിച്ചെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'- വിനീഷ്യസ് പറഞ്ഞു. സ്വിറ്റ്‌സർലൻഡിനെതിരെ നെയ്മറിന്റെ സ്ഥാനത്ത് മിഡ്ഫീൽഡർ ഫ്രഡിനെയാണ് ബ്രസീൽ കോച്ച് ടിറ്റെ പരീക്ഷിച്ചത്. ഡാനിലോയുടെ വലതുബാക്ക് പൊസിഷനിൽ എഡർ മിലിറ്റോയെയും നിയോഗിച്ചു. 

ബ്രസീൽ-സ്വിറ്റ്‌സർലൻഡ് മത്സരം ടെലിവിഷനിൽ കാണുന്നതിന്റെ സ്‌റ്റോറി നെയ്മർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ടീമിനായി ഗോൾ നേടിയ കാസിമിറോയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ദീർഘകാലമായി ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറാണ് കാസിമിറോ എന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, തുടർച്ചയായ രണ്ടാം ജയത്തോടെ ബ്രസീൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് ജിയിൽ ആറു പോയിന്‍റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. രണ്ടു മത്സരങ്ങളിൽ മൂന്നു ഗോൾ നേടിയ ലാറ്റിനമേരിക്കൻ ടീം ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ കാമറൂണാണ് ബ്രസീലിന്റെ എതിരാളികൾ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News